വസന്തത്തിന്റെ നിറപ്പകിട്ടിൽ കണ്ണഞ്ചുമ്പോൾ...



15 comments


മലയാള സിനിമ ഏതാണ്ട് പരിപൂർണ്ണ ദരിദ്രാവസ്ഥയിൽ എത്തിയത് തൊണ്ണൂറുകളുടെ രണ്ടാം പകുതിയോടെ ആയിരുന്നു. സമാന്തര സിനിമ ദുർബ്ബലങ്ങളായ മുദ്രാവാക്യ / ഗുണദോഷ സിനിമകളായി അധ:പതിക്കുകയും ജനപ്രിയ സിനിമ താരാധിപത്യത്തിന്‌ അടിമപ്പെടുകയും ചെയ്തത് ഈ കാലഘട്ടത്തിലായിരുന്നു. തലമുതിർന്ന ‘മഹാസംവിധായകർ’ തങ്ങളുടെ ഗീർവ്വാണങ്ങളിലും പരസ്പരം ചെളിവാരിയെറിയുന്നതിലും മുഴുകിയപ്പോൾ കച്ചവട സിനിമാക്കാർ സംഘടനാ വഴക്കിലും ഗുണ്ടായിസത്തിലും മുഴുകി. തിയറ്ററുകൾ ഷോപ്പിംഗ് കോപ്ലക്സുകളായി രൂപാന്തരം പ്രാപിക്കുവാനും പ്രേക്ഷകർ ടിലിവിഷൻ സെറ്റുകളുടെ മുമ്പിൽ ചടഞ്ഞിരിക്കുവാനും തുടങ്ങി. ‘നമ്മുടെ സിനിമ മാത്രം എന്തേ ഇങ്ങനെ’ എന്ന് ഇക്കാലമത്രയും സിനിമയെ സ്നേഹിക്കുന്നവർ മുറവിളികൂട്ടിക്കൊണ്ടേയിരുന്നു.

അങ്ങനെ ഇരിക്കെയാണ്‌ ‘പാസഞ്ചർ’ പോലുള്ള ചില ചിത്രങ്ങളുടെ വരവ്. ‘പുതിയ മലയാള സിനിമയുടെ’ പിറവിക്കായുള്ള പേറ്റുനോവാണിതെന്ന് സിനിമാ പണ്ഡിതർ ആവേശത്തോടെ പ്രവചിച്ചു. അവരുടെ പ്രവചനങ്ങൾ അസ്ഥാനത്തായില്ല. 2011ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ‘ട്രാഫിക്ക്’ പുതിയ മലയാള സിനിമയുടെ പിറവിയറിയിച്ചുകൊണ്ട് നമ്മെ പുളകിതരാക്കി. പിന്നീടിങ്ങോട്ട്  ഒരു സംഘം പുതുതലമുറ സംവിധായകരിൽ നിന്ന് പുറത്തുവന്ന കുറേയധികം സിനിമകൾ ‘ട്രാഫിക്കി’ൽ തുടങ്ങിയത് ഒരു താത്കാലിക പ്രതിഭാസം മാത്രമല്ലെന്നും അത് നമ്മുടെ സിനിമയുടെ ‘നവചൈതന്യ’മാണെന്നും സ്ഥിരീകരിച്ചു. നമ്മുടെ സിനിമയിലെ ഈ മഹാപ്രസ്ഥാനത്തെ സിനിമയുടെ ‘പുതുവസന്ത’മെന്നും ‘നവതരംഗ’മെന്നുമൊക്കെ വിശേഷിപ്പിക്കുന്നു നമ്മുടെ മാധ്യമങ്ങളും സിനിമാ പണ്ഡിതരും. ഈ സിനിമകൾ വെട്ടിത്തുറന്ന ‘പുതുവഴികളെ’ക്കുറിച്ചും ‘പരീക്ഷണങ്ങളേ’ക്കുറിച്ചും വാചാലരാകുന്നു ഇവർ.

മലയാള സിനിമയിൽ സംഭവിക്കുന്നത്
കാലാകാലങ്ങളായി ലോകസിനിമയിലും, എന്തിന്‌, ഹിന്ദി-തമിഴ് കച്ചവട സിനിമയിൽ പോലും കണ്ടു ശീലിച്ചതിൽ നിന്ന് ചലച്ചിത്ര ഭാഷയുടെയും പ്രമേയത്തിന്റെയും കാര്യത്തിൽ അല്പം പോലും മുമ്പോട്ട് പോകുന്നില്ല നമ്മുടെ ഈ ‘നവതരംഗം’. അതിനാൽ തന്നെ ഇവിടെ ഏതാനും പുതുതലമുറ സിനിമാക്കാർ ചേർന്ന് ചലച്ചിത്രകലയിൽ എന്തൊക്കെയോ പുതിയ വഴികൾ വെട്ടിത്തെളിക്കുന്നു എന്ന അഭിപ്രായങ്ങളെ മുഖവിലക്കെടുക്കേണ്ടതില്ല. നമ്മുടെ നാട്ടിലുണ്ടാവുന്ന എന്തിനേയും, അത് എത്ര ചെറുതായാൽത്തന്നെയും, ഭൂതക്കണ്ണാടി കൊണ്ട് വീക്ഷിച്ച് അതിനെ പെരുപ്പിച്ചു കാണുന്ന നമ്മുടെ പഴയ ശീലം തന്നെയാണ്‌ ഇവിടെയും നമ്മൾ ആവർത്തിക്കുന്നത്. ചലച്ചിത്ര ഭാഷയിലും പ്രമേയത്തിലും മൗലികത ഉണ്ടായാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാവുകയുള്ളു എന്നല്ല പറഞ്ഞു വരുന്നത്. ഇപ്പറഞ്ഞവയൊക്കെ ലോകസിനിമയിൽ പോലും ഉണ്ടാവുന്നത് വല്ലപ്പോഴുമൊരിക്കൽ മാത്രമാണ്‌. ഭാഷാപരവും പ്രമേയപരവുമായ മൗലികതയൊന്നും അവകാശപ്പെടാനാവാത്ത എത്രയോ മഹത്തായ ചലച്ചിത്രങ്ങൾ ഇന്നും ലോകസിനിമയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാഴ്ചയുടെ ഉപരിപ്ലവമായ സുഖം പകരൽ എന്ന ഒറ്റ ലക്ഷ്യത്തിൽ നിന്നും മാറി ജീവിത സമസ്യകളുടെ ആഴത്തിലുള്ള അന്വേഷണങ്ങളിലേക്ക് ക്യാമറ തിരിയുമ്പോൾ നല്ല സിനിമകൾ പിറക്കുന്നു, അവ ആഖ്യാനത്തിന്റെ പുതുവഴികളിൽക്കൂടി സഞ്ചരിച്ചില്ലെങ്കിൽ പോലും. കച്ചവട സിനിമയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെ എന്തെങ്കിലും ചെയ്യുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യവുമാണ്‌.


മലയാള സിനിമയിൽ താരാധിപത്യം അവസാനിച്ചിരിക്കുന്നു, സംവിധായകരും എഴുത്തുകാരും മറ്റ് സാങ്കേതിക പ്രവർത്തകരും സിനിമയിലെ താരങ്ങളേക്കാൾ ശ്രദ്ധേയരാവുന്നു, സിനിമ പുതിയകാലത്തെ ലോകത്തെ കൂടുതൽ ‘റിയലിസ്റ്റിക്ക്’ ആയി ചിത്രീകരിക്കുന്നു... ഇങ്ങനെ പോകുന്നു നമ്മുടെ സിനിമയിൽ എന്തൊക്കെയോ മഹാസംഭവങ്ങൾ നടക്കുന്നു എന്നു കരുതുന്നവർ അങ്ങനെ കരുതുവാൻ നിരത്തുന്ന കാരണങ്ങൾ. ഭാഗികമായ സത്യങ്ങൾ മാത്രമാണ്‌ ഈ പറഞ്ഞവയൊക്കെ. കഴിഞ്ഞ തലമുറയിലെ സൂപ്പർ താരങ്ങളെ ഇപ്പോൾ നമ്മുടെ സിനിമകളിൽ പൊതുവേ കാണാറില്ല എന്നത് സത്യം തന്നെ, പക്ഷെ, അടുത്ത തലമുറ സൂപ്പർ താരങ്ങളായി വളർന്നു വരുന്നവരല്ലേ പുതുതലമുറ അഭിനേതാക്കളിൽ പലരും?. അമാനുഷ കഥാപാത്രങ്ങളെ ഉപേക്ഷിച്ച് നമ്മുടെ സിനിമ നാട്ടിലെ സാധാരണക്കാരെക്കുറിച്ച് സംസാരിക്കുവാൻ തുടങ്ങി എന്നൊക്കെ തോന്നിപ്പിക്കുന്നു. പണ്ടത്തേതിനേക്കാൾ സാങ്കേതിക മികവും നമ്മുടെ സിനിമ കൈവരിച്ചിരിക്കുന്നു. എല്ലാത്തിനുമുപരി പ്രൊഫഷണലിസം എന്തെന്ന് അറിയുന്ന ഒരു സംഘം ചെറുപ്പക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയിരിക്കുന്നു. കച്ചവട സിനിമയുടെ നല്ല മാറ്റങ്ങൾ. അത്രമാത്രം. അതിനപ്പുറം നമ്മുടെ സിനിമയിൽ ഒന്നും സംഭവിച്ചിട്ടില്ല. സിനിമ എന്ന മാധ്യമത്തെ മനസ്സിലാക്കുമ്പോൾ ഇപ്പറഞ്ഞവയൊക്കെ ആ മധ്യമത്തിന്റെ ഉപരിതലത്തിൽ നടക്കുന്ന മാറ്റങ്ങൾ മാത്രമാണെന്ന് മനസ്സിലാകും. വാസ്തവത്തിൽ ഹിന്ദി - തമിഴ് കച്ചവട സിനിമയിൽ ഏതാനും വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കൊപ്പം ‘അപ്ഡേറ്റാകാൻ’ നടത്തുന്ന ശ്രമങ്ങൾ മാത്രമാണ്‌ ഇപ്പോൾ മലയാള സിനിമ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളാകട്ടെ സ്റ്റൈലൈസേഷനിൽ നടക്കുന്ന മാറ്റങ്ങൾ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. ഈ സ്റ്റൈലൈസേഷനിൽ (എല്ലാവരും പറയുന്നു നമ്മുടെ സിനിമകൾ ഇപ്പോൾ ‘സിനിമാറ്റിക്ക്’ ആണെന്ന്!) മതിമറക്കുന്ന ചെറുപ്പക്കാരുടെ ഒരു വലിയ കൂട്ടം സൃഷ്ടിക്കുന്ന ജനപ്രിയതയെ ഒരു വലിയ തരംഗമായി തെറ്റിധാരണാജനകമായി നമ്മുടെ മാധ്യമങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. അതെ, എന്തിനേയും സെൻസേഷണലൈസ് ചെയ്ത് അവതരിപ്പിക്കുന്നത് ശീലമാക്കിയ കേരളത്തിലെ മാധ്യമങ്ങളും ഏതാണ്ട് അതേ നിലവാരത്തിലേക്ക് തരം താണുപോയ നീരൂപകരും പിന്നെ സിനിമ ‘വായിച്ച് പഠിച്ച’ വലിയൊരു പ്രേക്ഷക സമൂഹവും ചേർന്ന് സൃഷ്ടിച്ച ഒരു കെട്ടു കഥ മാത്രമാകുന്നു ഈ ‘നവതരംഗം’.

എഴുപതുകളിലെ തരംഗങ്ങൾ
മലയാള സിനിമയിൽ വ്യക്തമായ ചില ചലനങ്ങൾ കണ്ട കാലമാണ്‌ എഴുപതുകളുടെ രണ്ടാം പകുതി. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ജോൺ എബ്രഹാം തുടങ്ങിയവരുടെ സൃഷ്ടികൾ മലയാള സിനിമയെ ബഹുദൂരം മുമ്പോട്ട് നയിച്ചു എന്നതിൽ സംശയമില്ല. ചലച്ചിത്ര ഭാഷയിലും ഉള്ളടക്കത്തിലും ആഴത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ച ഈ സിനിമകളിലൂടെ നമ്മുടെ സിനിമയിൽ ഒരു ‘നവതരംഗം’ ഉണ്ടായി എന്ന് പറഞ്ഞാൽ അത് തെല്ലും അതിശയോക്തിപരമാവില്ല. ജനപ്രിയ മലയാള സിനിമയിലും ഉണ്ടായി മാറ്റങ്ങൾ. സിനിമയുടെ ഭാഷയേക്കാളുപരി സാഹിത്യത്തിന്റെ ഭാഷ ‘സംസാരി’ക്കുന്നവ ആണെങ്കിൽ കൂടി എം.ടി, പത്മരാജൻ, കെ.ജി.ജോർജ് തുടങ്ങിയവരിൽ നിന്ന്‌ പുറത്തു വന്ന മധ്യവർത്തി സിനിമകൾ മലയാളിയുടെ സിനിമാ അഭിരുചിയെ ഗുണകരമായി സ്വാധീനിച്ചു എന്ന് കരുതുന്നതിൽ തെറ്റില്ല.


എഴുപതുകളിലെ ഈ ചലനങ്ങൾ മലയാളിയുടെ സിനിമാ ശീലങ്ങളെ പ്രധാനമായും മറ്റൊരു വിധത്തിലാണ്‌ മാറ്റി മറിച്ചത്. സിനിമ കാണലും സിനിമാ ചർച്ചയും എല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ മലയാളി ലോകസിനിമയുടെ മഹാത്ഭുതങ്ങൾ തേടി പുറപ്പെട്ടത് ഈ കാലഘട്ടത്തിലാണ്‌.

എഴുപതുകളിൽ നമ്മുടെ സിനിമയിലുണ്ടായ മാറ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് നമ്മൾ കൊട്ടിഘോഷിക്കുന്ന ഈ ‘നവതരംഗം’ അതീവ ദുർബലമാണെന്ന് പറയാതെ വയ്യ.

ഹൈജാക്ക് ചെയ്യപ്പെടുന്ന സിനിമാ സങ്കല്പം
‘എന്തേ നമുക്ക് മാത്രം നല്ല സിനിമയില്ല’ എന്ന ആ പഴയ ചോദ്യം ഇന്ന് ഏറെക്കുറെ അപ്രസക്തമായിരിക്കുന്നു. കാരണം നല്ല സിനിമയുടെ വസന്തകാലത്താണ്‌ നാം ഇപ്പോൾ ജീവിക്കുന്നത്. അതെ, നല്ല സിനിമയുടെ സങ്കൽപ്പത്തെ തന്നെയാണ്‌ ഇന്നത്തെ ഈ ‘നവതരംഗം’ ഹൈജാക്ക് ചെയ്തിരിക്കുന്നത്. ഇന്ന് നമ്മുടെ നാട്ടിൽ നല്ല സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ‘സോൾട്ട് & പെപ്പറി’നേപ്പറ്റിയും ‘22FK'യെപ്പറ്റിയും ’ഈ അടുത്തകാലത്തെ‘പറ്റിയും ’ഉസ്താദ് ഹോട്ടലി‘നെ പറ്റിയും ഒക്കെയായി ഒതുങ്ങിയിരിക്കുന്നു. ഈ ചിത്രങ്ങളിൽ അവതരിപ്പിക്കപ്പെട്ട ചെറു കാര്യങ്ങളേപ്പോലും മഹാസംഭവങ്ങളായി വ്യാഖ്യാനിച്ച് സ്വയം അത്ഭുതപ്പെടുന്ന ചലച്ചിത്രപ്രവർത്തകരും നിരൂപകരും പ്രേക്ഷകരും ഒക്കെ ചേർന്ന് നമ്മുടെ സിനിമയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചിരിക്കുന്നു.

older post