ഭാഷാപരമായ ചില സമസ്യകൾ...



11 comments

ഞാൻ പറയുന്നത്‌ നിങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം ഞാൻ പറയുന്നത്‌ നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നാണ്‌.

- ഒരു ഗൊദാർദിയൻ കഥാപാത്രം






പറയേണ്ടത്‌ എന്തെന്നറിയാതെ, എങ്ങനെ പറയണമെന്നറിയാതെ, സത്യത്തിൽ ഒന്നും പറയാനില്ലാതെ, വഴിയറിയാതെ ഇരുട്ടിൽത്തപ്പുന്ന സമകാലിക മലയാള സമാന്തര സിനിമയുടെ ഇരുണ്ട ഇടവഴികളിൽനിന്ന് വഴിമാറി സഞ്ചരിച്ച ഒരു സംവിധായകനും അദ്ദേഹത്തിന്റെ സിനിമയും ചില അടിസ്ഥാനപരമായ ചർച്ചകളിലേക്ക്‌ പ്രേക്ഷക-നിരൂപക സമൂഹത്തെ പ്രകോപിപ്പിച്ചിരിക്കുന്ന സമയമാണിത്‌. വിരുദ്ധ ധ്രുവങ്ങളിൽ നിന്നുകൊണ്ട്‌ പ്രേക്ഷകരും നിരൂപകരും ചിത്രത്തിന്‌ അനുകൂലമായും പ്രതികൂലമായും വാദിക്കുമ്പോൾ ഒന്ന് തീർച്ച, വിപിൻ വിജയിന്റെ 'ചിത്രസൂത്രം' മലയാള സിനിമയിൽ കാര്യമായ ചലനം സൃഷ്ടിച്ചിരിക്കുന്നു.


നിത്യേന വാർത്താമാധ്യമങ്ങളിൽ നിറയുന്ന സാമൂഹിക പ്രശ്നങ്ങളെ ഫിക്ഷണൽ സിനിമയുടേതായ ചേരുവകൾ ചേർത്ത്‌ അവതരിപ്പിക്കുന്ന നമ്മുടെ സമാന്തര സിനിമയുടെ പതിവ്‌ രീതിയിൽനിന്ന് ഏറെ വിഭിന്നമാണ്‌ 'ചിത്രസൂത്ര'ത്തിന്റെ പ്രമേയവും ആഖ്യാന രീതിയും. എം.നന്ദകുമാറിന്റെ 'വാർത്താളി: സൈബർസ്പേസിൽ ഒരു പ്രണയനാടകം' എന്ന കഥയെ അധികരിച്ച്‌ വിപിൻ വിജയ്‌ ഒരുക്കിയ ചിത്രം ഹരിഹരനെന്ന കംപ്യൂട്ടർ പ്രോഗ്രാമർ തന്റെ സൈബർ സഞ്ചാരങ്ങൾക്കിടയിൽ ബന്ധപ്പെടുന്ന രമണിയുമായി നടത്തുന്ന ചാറ്റിംഗിൽക്കൂടി വികസിക്കുന്നു. ഈ സംഭാഷണങ്ങൾക്കിടയിൽ ഹരി തന്റെ മുത്തച്ഛനും മഹാമാന്ത്രികനുമായ കുഞ്ഞിക്കുട്ടൻ നായരുടെ ജീവിതകഥ രമണിയോട്‌ വിവരിക്കുന്നു. മന്ത്രവാദവും ആഭിചാരക്രിയകളുമായി ആസക്തിയുടെ ചിറകിലേറി കുഞ്ഞിക്കുട്ടൻ നായർ നടത്തുന്ന സങ്കീർണ്ണ യാത്രകളും സൈബർ സ്പേസിൽ സമാനമായ അനുഭവങ്ങൾ തേടി ഹരിഹരൻ നടത്തുന്ന വെർച്വൽ സഞ്ചാരങ്ങളും ഇഴപിരിഞ്ഞ്‌ കിടക്കുന്നു 'ചിത്രസൂത്ര'ത്തിൽ. വിഷയത്തിലെ സങ്കീർണ്ണത ചിത്രത്തിന്റെ രൂപത്തിലും (form) പ്രതിഫലിക്കുന്നു. വിപിൻ വിജയ്‌ മലയാള സിനിമയിൽ വെട്ടിത്തെളിക്കുന്ന ആഖ്യാനത്തിന്റെ ഈ പുതുവഴിയേക്കുറിച്ചുതന്നെയാണ്‌ പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടത്‌.

നിലവിലുള്ള രീതികൾ നവീന ആശയങ്ങളുടെ അവതരണത്തിന്‌ പര്യാപ്തമല്ലാതെ വരുമ്പോൾ പുതിയ സങ്കേതങ്ങൾ തേടുവാൻ കലാകാരൻ നിർബന്ധിതനാകും. അങ്ങനെ ഉരുത്തിരിയുന്ന നവഭാവുകത്വം ആ കലാരൂപത്തിനെ മുമ്പോട്ട്‌ നയിക്കുകയും കാലിക പ്രസക്തമാക്കുകയും ചെയ്യുന്നു.  എന്നാൽ, രൂപപരമായ പരീക്ഷണങ്ങൾ നടത്തുക എന്ന ഒറ്റലക്ഷ്യത്തിലേക്ക്‌ കല ചുരുങ്ങുന്ന സന്ദർഭങ്ങളും വിരളമല്ല.  കലയുടെ ഉള്ളടക്കം അതിന്റെ രൂപപരമായ സൗന്ദര്യം മാത്രമായിത്തീരുകയും അതിന്റെ മറ്റെല്ലാ ലക്ഷ്യങ്ങളും മെല്ലെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന അവസ്ഥ ഉടലെടുക്കുന്നു. ഇവിടെ വ്യാകരണങ്ങൾക്കും ഭാഷാപരമായ കാർക്കശ്യങ്ങൾക്കും കലയുടെ മാനുഷിക വശങ്ങളേക്കാൾ പ്രാധാന്യമേറുന്നു. സ്വയം സൃഷ്ടിക്കുന്ന ഭാഷയിൽ സ്വയം സംവദിക്കുക എന്ന അസംബന്ധാവസ്ഥയിൽ എത്തിച്ചേരുന്നു കലാകാരൻ. അവനും അവന്റെ ഭാഷ ശാസ്ത്രീയമായി അഭ്യസിച്ച്‌ അതിൽ നൈപുണ്യം നേടുന്ന എതാനും ചിലരും ചേർന്നുണ്ടാക്കുന്ന exclusive clubകളിലേക്ക ഈ കല ചുരുക്കപ്പെടുന്നു. ഇക്കൂട്ടർക്ക്‌ ബൗദ്ധിക സ്വയംഭോഗം നടത്തുവാനുള്ള ഇടമായി കലാരംഗം മാറുന്നു. സിനിമയിലുമുണ്ടായി ഇത്തരത്തിലുള്ള ഭാഷാ പ്രസ്ഥാനങ്ങൾ. ഇവരിലേറ്റവും പ്രധാനി ഗൊദാർദ്‌ തന്നെ. ഭാഷാപരമായ പരീക്ഷണങ്ങളേറെ നടത്തിയിട്ടുള്ള അദ്ദേഹത്തിൽനിന്നുമുണ്ടായിട്ടുള്ളത്‌ ഏറിയ പങ്കും ബൗദ്ധിക ജാഡകളായിരുന്നു എന്ന് പറയേണ്ടി വരും. സിനിമയുടെ ഈ പ്രസ്ഥാനത്തിനെ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്ത കുമാർ സാഹിനി, മണീ കൗൾ തുടങ്ങിയവരുടെ ചിത്രങ്ങളാകട്ടെ രൂപപരമായ ശാഠ്യങ്ങളുടെ കാര്യത്തിൽ ഗൊദാർദിയൻ സിനിമകളെ കടത്തിവെട്ടിയവയായിരുന്നു. ഈ സിനിമകളുടെ പ്രസക്തി ചരിത്ര പുസ്തകങ്ങളിലും ബൗദ്ധിക സദസ്സുകളുടെ അക്കാദമിക ജാഡകളിലുമായി ഒതുങ്ങിയത്‌ സ്വാഭാവികം മാത്രം.   

ചലച്ചിത്ര ഭാഷയുടെ പുതിയ വഴി വെട്ടിത്തെളിക്കുന്ന വിപിൻ വിജയ്‌ എത്തിച്ചേരുന്നത്‌ കുമാർ സാഹിനിയും മണീ കൗളും നിലയുറപ്പിച്ചിരിക്കുന്ന ഈ ഇടത്തേക്കാണെന്നത്‌ ഖേദകരമായ വസ്തുതയാണ്‌. അതിനാൽത്തന്നെ 'ചിത്രസൂത്ര'ത്തിന്റെ ഗഹനമായ പ്രമേയത്താൽ മോഹിതനായി ചിത്രത്തെ സമീപിക്കുന്ന പ്രേക്ഷകൻ എത്തിച്ചേരുന്നത്‌ ദുരൂഹവത്കൃതമായ ഒരിടത്താണ്‌. റിയാലിറ്റിയും വെർച്ച്വൽ റിയാലിറ്റിയും പരസ്പരം വേർതിരിച്ചറിയുവാൻ പറ്റാത്തത്ര ഇഴുകിചേർന്നിരിക്കുന്ന ഇന്നത്തെ മനുഷ്യാവസ്ഥയുടെ ആഴത്തിലുള്ള അന്വേഷണമാകേണ്ടിയിരുന്ന ചിത്രം, പക്ഷെ, പ്രേക്ഷകനുമായി സംവദിക്കുവാൻ പൂർണ്ണമായും വിസ്സമ്മതിക്കുന്നു. ഹരിഹരനും രമണിയും കുഞ്ഞിക്കുട്ടൻ നായരുമെല്ലാം ഏതോ അന്യഗ്രഹ ജീവികളേപ്പോലെ നമുക്ക്‌ അനുഭവപ്പെടുന്നു. ചിത്രത്തിന്റെ ശബ്ദരേഖയിൽ മുഴുവൻ സമയവും നിറഞ്ഞു നിൽക്കുന്ന ഹരിഹരന്റെയും രമണിയുടെയും ആത്മഗതങ്ങൾക്ക്‌ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഭാവവും പ്രേക്ഷകന്‌ ചിത്രത്തിലേക്ക്‌ പ്രവേശിക്കുവാനുള്ള അവസാന വാതിലും 
കൊട്ടിയടക്കുന്നു.

ആൾക്കൂട്ടത്തിന്റെ നിലവാരത്തിലേക്ക്‌ താഴേണ്ടവനല്ല കലാകാരൻ, മറിച്ച്‌ അനുവാചകനെ ചിന്തയുടേയും അനുഭവത്തിന്റെയും പുത്തൻ ലാവണ്യബോധത്തിന്റെയും ഉയർന്ന തലത്തിലേക്ക്‌ കൈപിടിച്ചുയർത്തേണ്ടവനാണ്‌ അവൻ. കലാരംഗത്ത്‌ സ്വയം ബ്രാൻഡായി മാറുവാനുള്ള യത്നത്തിൽ സംവേതനക്ഷമമല്ലാത്ത ഭാഷയുടെ ബോധപൂർവ്വമായ പ്രയോഗം കലാകാരന്റെ ആയുധമാകുന്നു. അനുവാചകനുമേൽ ഭാഷാപരമായ ഇത്തരം അയിത്തം കൽപ്പിക്കുന്ന കലാകാരൻ കലയുടെ പ്രാധമിക ധർമ്മത്തെ നിരാകരിക്കുന്നു.

മലയാള സമാന്തര സിനിമയിൽ ഇന്ന് നിലനിൽക്കുന്ന പരിപൂർണ്ണ ശുന്യതക്കും വിപിൻ വിജയ്‌ സൃഷ്ടിച്ചിരിക്കുന്ന സൈദ്ധാന്തിക കൊടുമുടിക്കുമിടയിൽ എവിടയോ നിലനിൽക്കുന്നു യധാർത്ഥ സിനിമയുടെ ഇടം. 'ചിത്രസൂത്രം' സൃഷ്ടിച്ച ഞെട്ടലിൽനിന്നും ഊർജ്ജമുൾക്കൊണ്ട്‌ നമ്മുടെ സിനിമ അവിടേക്കുള്ള പ്രയാണം ആരംഭിക്കുമെന്ന് പ്രത്യാശിക്കാം. 


newer post older post