സൗന്ദര്യവത്കരിക്കപ്പെടുന്ന ആസുരത



30 comments
അറ്റം വളഞ്ഞ കൊടുവാൾ ആഞ്ഞുവീശുമ്പോൾ അത്‌ വായുവിൽ സൃഷ്ടിക്കുന്ന ശബ്ദവും, അത്‌ ഒരുവന്റെ നെഞ്ചിൽ തുളഞ്ഞു കയറുമ്പോൾ ചിന്തുന്ന ചുടു ചോരയും, അവന്റെ പിടച്ചിലും, ചോരയിൽക്കുളിച്ച കബന്ധങ്ങളുമെല്ലാം തമിഴകത്തെന്നപോലെ മലയാളക്കരയിലും ചലച്ചിത്ര പ്രേമികളെ ആവേശഭരിതരാക്കുന്ന കാലമാണിത്‌. തമിഴന്‌ ഇതൊരു പഴയ ശീലത്തിന്റെ ഭാഗമാണെങ്കിൽ മലയാളിക്ക്‌ ലഭിച്ച പുത്തൻ സൗന്ദര്യബോധമാണ്‌ ഒഴുകുന്ന ചോരയുടെ ദൃശ്യചാരുത, ആയുധം പ്രയോഗിക്കപ്പെടുവാനുള്ളതാണെന്ന തിരിച്ചറിവ്‌.

തമിഴകത്തുന്നിന്നുമെത്തി മലയാളി പ്രേക്ഷകന്റെ ഹൃദയം കീഴടക്കിയ ചില അത്ഭുത സിനിമകളെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌, പ്രധാനമായും 'പരുത്തിവീരൻ', 'സുബ്രഹ്മണ്യപുരം' എന്നീ ചിത്രങ്ങളേക്കുറിച്ച്‌.

കാലങ്ങളായി തമിഴ്‌ സിനിമകളിൽക്കൂടി കണ്ടു പരിചയിച്ച മധുരയിലെ തേവന്മാരുടെ ജാതീയതയും കുടിപ്പകയും അതിൽനിന്നും ഉത്ഭവിക്കുന്ന അതിഭയങ്കരമായ വയലൻസും എല്ലാമടങ്ങുന്ന  കഥാപരിസരം തന്നെയാണ്‌ 'പരുത്തിവീര'ന്റെയും. തന്നെ കുട്ടിക്കാലത്ത്‌ മരണത്തിൽനിന്നും രക്ഷിച്ച നായകനോടുള്ള തീവ്രപ്രണയത്തിൽ അയാൾക്കുവേണ്ടി ജീവൻ ത്യജിക്കുവാൻ തയ്യാറായി നിൽക്കുന്നവളാണ്‌ ഉയർന്ന ജാതിയിൽ പിറന്ന സമ്പന്നയായ നായിക. സങ്കരജാതിക്കാരനായി പിറന്ന കഠോര ഹൃദയനായ നായകനാവട്ടെ അടിപിടി, വെട്ട്‌, കുത്ത്‌ തുടങ്ങിയ കലകളിലുള്ള ആസക്തിമൂലം നായികയുടെ പ്രണയത്തെ അവഗണിക്കുന്നു. നായികയുടെ പ്രണയത്തിലും കണ്ണീരിലും അലിഞ്ഞ്‌ മാനുഷിക ഭാവങ്ങൾ പ്രകടമാക്കിത്തുടങ്ങുന്ന നായകനേയും നായികയേയും പക്ഷെ കാത്തിരിക്കുന്നത്‌ അതിദാരുണമായ അന്ത്യമാണ്‌.

'സുബ്രഹ്മണ്യപുര'വും ഒരു പ്രണയ കഥ തന്നെയാണ്‌. മധുര തന്നെയാണ്‌ ഈ ചിത്രത്തിന്റെയും പശ്ചാത്തലം. വിശേഷിച്ച്‌ തൊഴിലുകളൊന്നും ചെയ്യാതെ അലസമായി ജീവിതം നയിക്കുന്ന ഒരു സംഘം ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ്‌ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്‌. ചെറിയ ചെറിയ കുറ്റകൃത്യങ്ങളിൽ ആരംഭിച്ച്‌ വലിയ കുറ്റകൃത്യങ്ങളിലേക്ക്‌ ഇവരുടെ ജീവിതം നീങ്ങുന്നു, ഒരു തിരിച്ചുപോക്കിന്‌ ഇടമില്ലാത്ത വിധം. ഒടുവിൽ തങ്ങൾ അകപ്പെട്ട വയലൻസിന്റെ ലോകത്തുതന്നെ അവർക്ക്‌ അവരുടെ ജീവിതം ഹോമിക്കേണ്ടി വരുന്നു. 

സുപരിചിതങ്ങളായ കഥാസന്ദർഭങ്ങളിൽക്കൂടി വികസിക്കുന്ന ഈ ചിത്രങ്ങൾ, പക്ഷെ, അവയുടെ ആഖ്യാന രീതിയിൽ വ്യത്യസ്തത്തയും പുതുമയും പുലർത്തുന്നുണ്ട്‌ എന്നത്‌ സത്യം തന്നെ. ഇരുചിത്രങ്ങളുടെയും അന്ത്യരംഗങ്ങളിൽ അവയിലെ നായകന്മാർക്ക്‌ നേരിടേണ്ടിവരുന്ന ദാരുണമായ അന്ത്യവും ശരാശരി ജനപ്രിയ സിനിമകളിൽനിന്ന് ഇവയെ വേറിട്ട്‌ നിർത്തുന്നു. വാളെടുത്തുവൻ വാളാലെ എന്ന 'സന്ദേശവും' ഈ ചിത്രങ്ങൾ നൽകുന്നു. ഈ ചിത്രങ്ങളിലെ സൗന്ദര്യവത്കരിക്കപ്പെട്ട, ഹരം പിടിപ്പിക്കുന്ന, രൂക്ഷമായ വയലൻസ്‌ തന്നെയാണ്‌ ഈ ചിത്രങ്ങളെ ജനപ്രിയമാക്കിയതെന്ന സത്യം ഈ ചിത്രങ്ങളെക്കുറിച്ച്‌ മുമ്പ്‌ പറഞ്ഞ എല്ലാ മേന്മകളെയും പിന്നാമ്പുറത്തേക്ക്‌ തള്ളുന്നു എന്നതും സത്യം തന്നെ. 

നമ്മുടെ പടിഞ്ഞാറൻ മാതൃകകൾ
വയലൻസിന്റെ വാണിജ്യമൂല്യം ഹോളിവുഡിനോളം മനസ്സിലാക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്ത മറ്റൊരു സിനിമാവ്യവസായം ലോകത്തെവിടെയും ഉണ്ടാവില്ല. എണ്ണത്തിലനവധിയുള്ള ഹോളിവുഡ്‌ ക്രൈം ത്രില്ലറുകളെപ്പറ്റി പറയുമ്പോൾ 'Pulp Fiction', 'Kill Bill', 'Reservoir Dogs' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ Quentin Tarantino നെ പറ്റി എടുത്ത്‌ പറയേണ്ടതുണ്ട്‌. രൂക്ഷമായ വയലൻസ്‌ തന്റെ സിനിമകളിൽ കാട്ടുന്നതിൽ തത്പരനായ അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നു: "That's why Thomas Edison created the motion picture camera - because violence is so good. It affects audiences in a big way. You know you're watching a movie." Tarantino വിനെപ്പോലുള്ളവരിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ടാവണം രാം ഗോപാൽ വർമ്മയെപ്പോലുള്ളവർ ഇന്ത്യൻ സ്ക്രീനുകളിൽ രക്തപ്രളയം സൃഷ്ടിച്ചത്‌. 

വയലൻസിന്റെ ഉപയോഗത്തിലും സ്റ്റൈലൈസേഷനിലും മേൽപ്പറഞ്ഞ ഹോളിവുഡ്‌ ചലച്ചിത്രങ്ങൾക്കെല്ലാം ഒരുപടി മുകളിൽ വർത്തിക്കുന്നു Fernand Meirelles, Katia Lundഎന്നിവർ ചേർന്നൊരുക്കിയ 'City of God' എന്ന ബ്രസീലിയൻ ചിത്രം. ലോകമെമ്പാടും ഒരു ഹ്രസ്വകാലത്തേക്ക്‌ തരംഗമുണ്ടാക്കിയ ഈ ചിത്രം തന്നെയാവണം മുമ്പ്‌ വിവരിച്ച തമിഴ്‌ ചിത്രങ്ങൾക്കുപ്പിന്നിലെ ഊർജ്ജ സ്രോതസ്സ്‌.


ബ്രസീലിലെ കുപ്രസിദ്ധമായ ഫാവെല്ല ചേരികളിൽ അരങ്ങേറുന്ന ഗാംഗ്‌ യുദ്ധങ്ങളുടെ കഥ പറയുന്നു 'City of God'. വളരെയധികം കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. മാനുഷികമായ ഒന്നും തന്നെ ഈ കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നില്ല. യഥാർത്ഥത്തിൽ ലിയോ-ഡി-ജനറോയിലെ ആ വൻ ചേരിയിൽ ഒരുതരം അസംബന്ധാവസ്ഥയിൽ അഴിഞ്ഞാടുന്ന ഭീകരമായ അക്രമവുമായി ഈ കഥാപാത്രങ്ങൾക്കുള്ള ബന്ധത്തിലൂടെയാണ്‌ അവരുടെ അസ്തിത്വംത്തന്നെ നിർവ്വചിക്കപ്പെടുന്നത്‌. ഏതുനിമിഷവും തനിക്ക്‌ ചുറ്റുമുള്ള ആരിൽനിന്നും ഉതിർന്നേക്കാവുന്ന വെടിയുണ്ടയാൽ തന്റെ അന്ത്യം സംഭവിച്ചേക്കാം എന്ന അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ഈ കഥാപാത്രങ്ങൾ തങ്ങളുടെ ജീവൻ നിലനിർത്തുക എന്ന പ്രാധമിക ദൗത്യത്തിൽ വയലൻസിന്റെ വഴി തേടുന്നു. അങ്ങനെ ഫാവെല്ലയിൽ കൊല്ലുക-ചാവുക എന്നീ പ്രക്രിയകൾ മാത്രം സംഭവിക്കുന്നു. 

ഈ ചിത്രം അതിലെ കഥാപാത്രങ്ങളോട്‌ തികഞ്ഞ നിസ്സംഗത (detachment) പുലർത്തുന്നു. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഷോട്ടുകളുടെ കുത്തൊഴുക്കിൽ പ്രേക്ഷകന്‌ ഒരു കഥാപാത്രത്തേയും വ്യക്തമായി മനസ്സിലാക്കുവാനോ അവരോട്‌ ഒരുതരത്തിലുമുള്ള അനുതാപം ഉണർത്തുവാനോ ഇടം നൽകുന്നില്ല എന്നതിനാൽ ആക്രമിക്കപ്പെടുന്നവന്റെ വേദന അവനിൽ ഒരു ചലനവും സൃഷ്ടിക്കപ്പെടുന്നില്ല. മാത്രമല്ല, വയലൻസിന്റെ സൗന്ദര്യവത്ക്കരണത്തിലൂടെ വയലൻസ്‌ എന്ന അവസ്ഥയോട്‌ പ്രേക്ഷകന്‌ ഹരം കലർന്ന ഇഷ്ടം തോന്നുന്നുമുണ്ട്‌. 

പ്രണയം, കുടുംബബന്ധങ്ങൾ, വൈകാരികത തുടങ്ങിയ ഘടകങ്ങളെ മാറ്റിനിർത്തി ഇന്ത്യൻ കാലാവസ്ഥയിൽ സിനിമകൾക്ക്‌ നിലനിൽപ്പില്ല എന്ന സത്യം തമിഴ്‌ സിനിമയുടെ ഇന്നത്തെ പുതുവസന്തത്തിന്റെ സൂത്രധാരന്മാരും അംഗീകരിക്കുന്നു. 'City of God'ന്റേതു പോലുള്ള തീമുകൾ നമ്മുടെ നാട്ടിലേക്ക്‌ പറിച്ചുനടുമ്പോൾ അനിവാര്യങ്ങളായ ഇത്തരം ചേരുവകൾ ചേർക്കപ്പെടുന്നു. 

മനുഷ്യൻ പ്രകൃത്യാ അക്രമോത്സുകനാണെന്നും അവൻ പുറമേ പ്രദർശിപ്പിക്കുന്ന സമാധാനപ്രിയതയും സംസ്കാരസമ്പന്നതയും എപ്പോൾ വേണമെങ്കിലും അടർന്നു വീണേക്കാവുന്ന ദുർബലമായ പുറംതോടു മാത്രമാണെന്നും പറയപ്പെടുന്നു. നമ്മുടെ തന്നെ കൊച്ചു ജീവിതങ്ങളിലെ ചെറിയ ചെറിയ കാര്യങ്ങൾ മുതൽ ചരിത്രത്തിലെ ഭീതിജനകങ്ങളായ മുഹൂർത്തങ്ങൾ വരെ ഉദാഹരിച്ച്‌ ഇത്‌ സ്ഥാപിക്കുവാൻ സാധിക്കും. മനുഷ്യന്റെ ഈ ഭീകര മുഖം തുറന്നു കാട്ടുന്ന സിനിമകൾ സ്വാഭാവികമായും വയലന്റ്‌ ആയിരിക്കുമെന്ന് ഇത്തരം സിനിമകളെ പ്രകീർത്തിക്കുന്നവർ വാദിക്കുന്നു. സത്യത്തിൽ മനുഷ്യ സ്വഭാവത്തിന്റെ ബീഭത്സത തുറന്നു കാട്ടുവാൻ ഇത്തരം ചിത്രങ്ങൾക്ക്‌ സാധിക്കുന്നുണ്ടോ? ഇല്ലെന്നുതന്നെ വേണം കരുതുവാൻ. വയലൻസിന്റെ സ്റ്റൈലൈസേഷൻ വഴി ഈ ചിത്രങ്ങൾ ബഹുജന ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ മനുഷ്യ സ്വഭാവത്തിന്റെ ബീഭത്സത എന്ന കാതലായ വിഷയം പിന്നാമ്പുറത്തേക്ക്‌ മാറുകയും വയസൻസ്‌ സൗന്ദര്യവത്കരിക്കപ്പെടുകയും ചെയ്യപ്പെടുന്നു. വയലൻസിന്‌ എന്റർറ്റൈൻമന്റ്‌ മൂല്യം സൃഷ്ടിക്കപ്പെടുന്നു എന്ന ഭീതിജനകമായ സ്ഥിതിവിശേഷം ഇവിടെ സംജാതമാകുന്നു. 

ലാഭമാണ്‌ മൂലധനത്തിന്റെ ഒരേ ഒരു ലക്ഷ്യം, ലാഭത്തിലേക്കുള്ള ഏതു മാർഗ്ഗത്തിനും സാധൂകരണവുമുണ്ട്‌. മൂലധനത്തിന്റെ കലയായ സിനിമയിലും സ്ഥിതി മറിച്ചല്ല. ജാതി-മത-വർഗ്ഗ-ഭാഷാ ഭേതമന്യേ മനുഷ്യനിലൊളിഞ്ഞിരിക്കുന്ന ആസുരതയെ തൃപ്തിപ്പെടുത്തി അവനിലെ ക്ഷുദ്ര വികാരങ്ങളെ (sadistic pleasure) ബഹിർഗ്ഗമിക്കുവാനുള്ള വഴിയൊരുക്കുന്നു സൗന്ദര്യവത്കരിക്കപ്പെടുന്ന വയലൻസ്‌. ഭാഷാ-ദേശ വ്യത്യാസമില്ലാതെ ഇത്തരം ചിത്രങ്ങളെ ആൾക്കൂട്ടം തോളിലേറ്റുന്നു. അവയുടെ ആകാര സൗകുമാര്യത്തെ നിരൂപകർ പ്രശംസിക്കുന്നു. മൂലധന സിനിമകൾ അവയുടെ പരമമായ ലക്ഷ്യം കൈവരിക്കുന്നു. മനുഷ്യന്റെ ക്ഷുദ്ര വികാരങ്ങൾക്ക്‌ പൂർണ്ണതൃപ്തി എന്നൊരവസ്ഥ ഉണ്ടാവാനിടയില്ലാത്തതിനാൽ അവൻ കൂടുതൽ കൂടുതൽ ഇമ്പമാർന്ന ദൃശ്യങ്ങൾക്കു പിറകേ പായുന്നു. പഠനങ്ങളുടെയും മറ്റും വെളിച്ചത്തിൽ ഇത്തരം സിനിമകൾ മനുഷ്യനിൽനിന്നും വാർത്തിക്കളയുന്ന സേൻസിറ്റിവിറ്റിയെപ്പറ്റി പരിതപിക്കുന്നവരെ നോക്കി ആൾക്കൂട്ടം പരിഹസിക്കുന്നു.  

തമിഴ്‌ നാട്ടിലും കേരളത്തിലും തരംഗം സൃഷ്ടിച്ച 'പരുത്തിവീര'നേയും 'സുബ്രഹ്മണ്യപുര'ത്തിനേയും ജനങ്ങളെങ്ങിനെയാണ്‌ സ്വീകരിച്ചത്‌? 'പരുത്തിവീര'ന്റെ സഹസംവിധായകനായും 'സുബ്രഹ്മണ്യപുര'ത്തിന്റെ സംവിധായകനായും അതിനുശേഷം പുറത്തിറങ്ങിയ ഇതേ ജാനസ്സിൽപ്പെട്ട നിരവധി ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിക്കുകയും ചെയ്ത ശശികുമാർ തന്നെ ഇതിന്‌ ഉത്തരം പറയുന്നു: "തമിഴ്‌നാട്ടിലെ പ്രേക്ഷകൻ ഏതൊക്കെ രംഗങ്ങൾ കാണുമ്പോഴാണോ ആവേശത്തോടെ കൈയടിച്ചിരുന്നത്‌ അതേ രംഗങ്ങൾ വരുമ്പോഴായിരുന്നു കേരളത്തിലെ പ്രേക്ഷകരും കൈയടിച്ചിരുന്നത്‌. ക്രൂരമായ രംഗങ്ങളിൽ വെച്ച്‌ ഏറ്റവും തീക്ഷ്ണം കഴുത്തറക്കുന്നതായിരുന്നല്ലോ. ആ രംഗം വരുമ്പോൾ തമിഴ്‌നാട്ടിലെ എല്ലാ തിയറ്ററിലും ശക്തമായ കൈയടിയായിരുന്നു." ('മാതൃഭൂമി' ആഴ്ചപ്പതിപ്പ്‌, ഒക്ടോബർ 2008). ഒരുവന്റെ കഴുത്തറക്കുന്ന ബീഭത്സമായ ദൃശ്യം പ്രേക്ഷകന്റെ ശക്തമായ കൈയടിക്ക്‌ കാരണമാക്കുന്നുണ്ടെങ്കിൽ അതിനുപിന്നിലെ ഭയാനകമായ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ വിശദമായ ചർച്ചകൾക്ക്‌ വിധേയമാകേണ്ടിയിരിക്കുന്നു. 

മലയാള സിനിമയും കാലത്തിനൊപ്പം ഓടി എത്തുന്നു
ഒരുവൻ അവന്റെ പാതി ദാരിദ്ര്യത്തെ മറക്കുക അവന്റെ അയൽവാസിയുടെ മുഴു ദാരിദ്ര്യം കാണുമ്പോഴാണല്ലോ. തമിഴ്‌, തെലുങ്ക്‌, കന്നട സിനിമകളിലെ വിഡ്ഢിത്തങ്ങളെ പരിഹസിച്ചും മലയാള സിനിമയുടെ ചില ചെറു ഘടകങ്ങളെ ഊതിപ്പെരുപ്പിച്ചും വാനോളം പുകഴ്ത്തിയും കാലം കഴിച്ചുകൂട്ടിയ മലയാളി പ്രേക്ഷക-നിരൂപക സമൂഹത്തിന്‌ മുമ്പിൽ മേൽപ്പറഞ്ഞ തമിഴ്‌ സിനിമകൾ ഒരിടിത്തീപോലെ വന്നു പതിച്ചു. സിനിമയണിയുന്ന കുപ്പായങ്ങളുടെ പളപളപ്പിൽ മാത്രം ശ്രദ്ധാലുക്കളായ ഇവർ ഈ പുതിയ ചിത്രങ്ങൾ മുമ്പോട്ടുവെച്ച പുതുമയും ഭംഗിയും കണ്ട്‌ മോഹാലസ്യപ്പെട്ടു. നമ്മുടെ നിരൂപകർ തമിഴ്‌ സിനിമയുടെ ഈ പുതുവസന്തത്തെ ബിംബവത്കരിച്ച്‌ സിനിമയുടെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. മലയാള സിനിമാ പ്രവർത്തകരോട്‌ ഈ ചിത്രങ്ങളെ "കണ്ടു പഠിക്കൂ, കണ്ടു പഠിക്കൂ" എന്നവർ അലമുറയിട്ടു. "ലക്ഷണമൊത്ത ഗ്യംഗ്സ്റ്റർ സിനിമകൾ" മലയാളത്തിലുണ്ടാവത്തതിൽ പരിതപിച്ചു. 

കാലത്തിന്റെ അനിവാര്യത എന്നൊക്കെ പറയും പോലെയാണ്‌ കൽക്കട്ടയിലെ സിനിമാ പഠനത്തിനും മുംബയിലെ ചലച്ചിത്ര പ്രവർത്തനത്തിനും ശേഷം അമൽ നീരദ്‌ മലയാള സിനിമയിൽ അവതരിക്കുന്നത്‌. അമൽ നീരദിന്റെ ആദ്യ ചിത്രമായ "ബിഗ്‌ B"യിലെ സ്റ്റൈലൈസ്ഡ്‌ വയലൻസ്‌ സ്റ്റണ്ട്‌ എന്നറിയപ്പെടുന്ന വെറും അടിപിടികൾ മാത്രം കണ്ട്‌ ശീലിച്ച മലയാളി യുവതയെ വലിയൊരളവിൽ സ്വാധീനിച്ചു. "ബിഗ്‌ B"ക്ക്‌ ശേഷം പുറത്തിറങ്ങിയ അമൽ നീരദിന്റെ രണ്ട്‌ ചിത്രങ്ങളും തന്റെ ആദ്യചിത്രത്തിന്റെ മൂശയിൽത്തന്നെ വാർത്തവയാണ്‌. അമലിന്റെ ചിത്രങ്ങളുടെ ദൃശ്യ ചാരുതയിൽ മയങ്ങിപ്പോയവർ അദ്ദേഹത്തിന്‌ ഇന്നേവരെ ഉൾക്കാമ്പുള്ളൊരു ചിത്രം നിർമ്മിക്കുവാൻ സാധിച്ചിട്ടില്ലെന്ന സത്യം വിസ്മരിക്കുന്നു.

മലയാളികളെ ദശാബ്ദങ്ങളായി തന്റെ "കുടുംബ ചിത്രങ്ങൾ" വഴി കണ്ണീർ കുടിപ്പിച്ചിട്ടുള്ള സിബി മലയിലാണ്‌ അദ്ദേഹത്തിന്റെ 'അപൂർവ്വരാഗ'ത്തിലൂടെ നമ്മുടെ പ്രേക്ഷക- നിരൂപക സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്‌. 'പരുത്തിവീര'നിലും മറ്റും നാം കണ്ട കൊടുവാളുകൾക്കു പകരം തോക്കുകൾ ഇവിടെ കഥ പറയുന്നു, ബ്രസീലിലെ ഫാവല്ലയിൽന്നിന്ന് നേരിട്ട്‌ ഇറക്കുമതി ചെയ്ത പോലെ. തമിഴന്റെ ഗ്രാമീണ സൗന്ദര്യം നഗര സൗന്ദര്യമായി പരിണമിക്കുന്നു ഇവിടെ. ഒരു കോളജ്‌ പൈങ്കിളി ചിത്രമായി ആരംഭിക്കുന്ന 'അപൂർവ്വരാഗം' പാതിവഴിയിൽ പൊടുന്നനെ അഭ്രപാളികളിൽ രക്തം ചിന്തുവാൻ തുടങ്ങുന്നു. മലയാള സിനിമയും അതിന്റെ ആസുരഭാവം പ്രകടമാക്കുന്നു. ഈ ചിത്രത്തിന്‌ ലഭിച്ച ജനസ്സമ്മതിയും നിരൂപക പ്രശംസയും മലയാള സിനിമയുടെ പുതുയുഗത്തിന്റെ സൂചന നൽകുന്നു. 

അമാനുഷ - ഫ്യൂഡൽ കഥകളുടെ വാണിജ്യ സാധ്യത മനസ്സിലാക്കിയ മലയാള സിനിമ 'നരസിംഹ'ത്തിലെത്തി നിന്ന കാഴ്ച നമുക്ക്‌ മറക്കുവാൻ സമയമായിട്ടില്ല. നരസിംഹാവതാരത്തിനുശേഷം ഇനിയെന്ത്‌ എന്ന പ്രതിസന്ധിയിലെത്തിച്ചേർന്നതുപോലെ സ്റ്റൈലൈസ്ഡ്‌ വയലൻസിന്റെ പുതിയ ട്രന്റും മറ്റൊരു പ്രതിസന്ധിയെ ഒരുകാലത്ത്‌ നേരിട്ടേക്കാം. പക്ഷെ, അപ്പോഴേക്കും പ്രേക്ഷക സംവേദനക്ഷമതയുടെ മറ്റൊരു താഴ്ചയും സംഭവിച്ചിരിക്കും.
     

30 comments:

Anonymous at: 11 November 2010 at 3:24 pm said...

കേരളത്തിലെ ബുദ്ധിജീവികളും കാണികളും എല്ലാം ഏറെ ആഘോഷിച്ച പരുത്തിവീരനും സുബ്രഹ്മണ്യപുരവുമെല്ലാം മോശം ചിത്രങ്ങളാണെന്നാണോ പറയുന്നത്‌?

Rajmohan at: 11 November 2010 at 8:30 pm said...

ഈ രണ്ട്‌ ചിത്രങ്ങളേയും മലയാള മാധ്യമങ്ങൾ മഹത്വവത്കരിച്ച രീതി വളരെ വിചിത്രമായിരുന്നു. പ്രധാനമായും ഈ സിനിമകളുടെ രൂപസൗകുമാര്യത്തെയാണ്‌ ഇവർ പുകഴ്ത്തിയത്‌. മലയാള സിനിമ താരാധിപത്യം കൊണ്ട്‌ പൊറുതിമുട്ടിയിരുന്ന സമയത്ത്‌ താരങ്ങളൊന്നുമില്ലാതെ, സുന്ദരന്മാരും സുന്ദരികളുമില്ലാതെ, നമുക്കുമുമ്പിലെത്തിയ ഈ ചിത്രങ്ങളുടെ ഫ്രഷ്‌നസ്‌ നമ്മെ ആകർഷിച്ചതിൽ അത്ഭുതമില്ല. പക്ഷെ, അതിശയോക്തി കലർന്ന വിശേഷണങ്ങൾക്കൊണ്ടാണ്‌ നമ്മുടെ നിരൂപകർ ഈ ചിത്രങ്ങളെ വരവേറ്റത്‌.

ഈ ചിത്രങ്ങളുടെ പകിട്ടുള്ള പുറംതോട്‌ നീക്കിനോക്കുമ്പോൾ അവ ഉൾക്കാമ്പില്ലാത്ത സിനിമകൾ മാത്രയി അനുഭവപ്പെടുമെന്നാണ്‌ എന്റെ അഭിപ്രായം. തീർച്ചയായും ഭാവി മലയാള സിനിമക്കുള്ള മോഡലുകളല്ല ഈ ചിത്രങ്ങൾ.

ആത്മീയത വറ്റിപ്പോയ സമൂഹത്തിൽ ആൾദൈവങ്ങൾ ആരാധിക്കപ്പെടുന്നതുപോലെ നമ്മുടെ നാട്ടിൽ ഇന്നനുഭവപ്പെടുന്ന സാംസ്കാരിക ശൂന്യതയുടെ ഫലമാകാം ഈ ചിത്രങ്ങൾക്ക്‌ ലഭിച്ച അഭൂതപൂർവ്വമായ നിരൂപകസമ്മതി.

Roby at: 12 November 2010 at 8:09 am said...

പ്രസക്തമായ നിരീക്ഷണങ്ങൾ രാജ്‌മോഹൻ.

പക്ഷേ, ഖേദകരമെങ്കിലും ഇതൊരു സ്വാഭാവികമായ പരിണാമമായിട്ടാണു ഞാൻ മനസ്സിലാക്കുന്നത്. അവസാന വാചകം, പ്രേക്ഷകസംവേദനക്ഷമതയുടെ മറ്റൊരു താഴ്ചയും സംഭവിച്ചിരിക്കും എന്നത് തീർത്തും ശരിയായ ഒരു നിരീക്ഷണം തന്നെ. ഹോളിവുഡിന്റെയൊക്കെ ചരിത്രത്തിൽ നിന്നും നമുക്കിത് മനസ്സിലാക്കാം. ഷ്വാർസെനെഗർ, സ്റ്റാലൺ തുടങ്ങിയ ആക്ഷൻ ഹീറോകളൊക്കെ ഹോളിവുഡിന്റെ ചരിത്രത്തിലെ തുടർച്ച തന്നെയായിരുന്നു. എന്നാൽ, പുതിയൊരു തരം വയലൻസിന്റെ ഭാവുകത്വം തൊണ്ണൂറുകളിൽ അവതരിപ്പിക്കപ്പെട്ടു. ടരാന്റീനോ, റോബർട്ട് റോഡ്രിഗ്യൂസ് എന്നിവരുടെയൊക്കെ ചിത്രങ്ങൾ, സിൻ സിറ്റി പോലുള്ള ഗ്രാഫിക്കൽ നോവൽ അഡാപ്റ്റേഷൻസ്, സ്കോർസേസിയുടെ ചില ചിത്രങ്ങൾ എന്നിങ്ങനെ സ്റ്റൈലൈസ്ഡ് വയലൻസ് അതിന്റേതായ തുടർച്ച കണ്ടെത്തി. അവിടെ നിന്നും സംവേദനക്ഷമതയുടെ അടുത്ത തലത്തിലേക്കുള്ള വീഴ്ചയായിരുന്നു ഇപ്പോൾ ഏഴാം ഭാഗത്തിലെത്തി നിൽക്കുന്ന Saw series പിന്നെ അതിനെ തുടർന്ന് വന്ന ഗോർ ഫെസ്റ്റ് മൂവീസ്.

വയലൻസിന്റെ ഈ ചരിത്രത്തിൽ ഹോളിവുഡിനും മുൻപെ നടന്നത് ജാപ്പാനീസ് സിനിമയായിരിക്കും. ബീറ്റ് തകേഷി എന്നറിയപ്പെടുന്ന തകേഷി കിത്താനോ ഒക്കെയാണ് സ്റ്റൈലൈസ്ഡ് വയലൻസിനു ജപ്പാനിൽ തുടക്കമിടുന്നത്. പിന്നീട്, ഹോളിവുഡിലെ ഗോർ മൂവീസ് പോലും നാണിക്കുന്ന രീതിയിൽ തകാഷി മീക്കേ, ഷിയോൺ സോണോ എന്നിവർ ചേർന്ന് വയലൻസിനെ അതിന്റെ പരമകാഷ്ഠയിലെത്തിച്ചു.

ഇതേ പരിണാമം തീർച്ചയായും ഇന്ത്യൻ സിനിമയെയും കാത്തിരിക്കുന്നു.

Roby at: 12 November 2010 at 8:24 am said...

ഏഷ്യൻ-ലാറ്റിനമേരിക്കൻ-ഹോളിവുഡ് സിനിമകളെല്ലാം വയലൻസിന്റെ പുതുവഴികൾ കണ്ടെത്തിയപ്പോൾ എന്തു കൊണ്ട് യൂറോപ്യൻ സിനിമ ആ വഴിയേ പോയില്ല എന്നതു കൂടി അന്വേഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. പൊതുവേ സിനിമാ-സാക്ഷരത കൂടിയ പ്രേക്ഷകസമൂഹവും, രക്തരൂക്ഷിതമായ സമീപകാല ചരിത്രവും, സിനിമാറ്റിക് വയലൻസിനെക്കുറിച്ച് സിനിമയിലൂടെ തന്നെ അന്വേഷിച്ചിട്ടുള്ള ഹനേകേയെപോലുള്ള സംവിധായകരുടെ സാമീപ്യവുമെല്ലാം കാരണങ്ങളായിരിക്കാം.

സിനിമയിലെ വയലൻസിനു ചിലപ്പോഴെങ്കിലും redeeming ക്വാളിറ്റീസ് ഉണ്ടാകാം എന്നാണു തോന്നിയിട്ടുള്ളത്. സിറ്റി ഓഫ് ഗോഡ്, ഗാംഗ്സ് ഓഫ് ന്യൂ യോർക്ക് ഒക്കെ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയായിരുന്നു. ഏറെക്കുറെ സുബ്രമണ്യപുരവും. (സുബ്രമണ്യപുരത്തിന്റെ പൊളിറ്റിക്സ് മാറ്റിനിർത്തിയാൽ, ‘സിനിമാറ്റിക്കലി’ അതൊരു നല്ല വർക്ക് തന്നെയായിരുന്നു എന്ന് എന്റെ അഭിപ്രായം)

വിരുമാണ്ടിയും അന്യനും വേട്ടയാട് വിളയാട് അടക്കമുള്ള മുഖ്യധാരാ തമിഴ് സിനിമയിൽ ഇതിലും വയലൻസ് ഉണ്ടായിരുന്നു. നമുക്ക് ഉത്കണ്ഠ തോന്നേണ്ടത്, സിനിമയെ പുതിയൊരു വഴിയിലൂടെ നയിക്കാൻ പ്രാഗത്ഭ്യമുണ്ടെന്ന് തോന്നിക്കുന്ന ശശികുമാറിനെപോലുള്ള പുതുനിര സംവിധായകർ വയലൻസിന്റെ വഴി തെരഞ്ഞെടുക്കുന്നു എന്നതിലാണെന്ന് തോന്നുന്നു.

un at: 12 November 2010 at 10:32 am said...

റോബി സൂചിപ്പിച്ചതുപോലെ യൂറോപ്യന്‍ സിനിമകളിലെ വയലന്‍സിന്റെ അഭാവം മിഡില്‍ ഈസ്റ്റില്‍ നിന്നും വരുന്ന സിനിമകളിലും(ഇറാനിയന്‍)കാണാം.

V G Baburaj at: 12 November 2010 at 11:29 am said...

വയലൻസിന്‌ redeeming qualities ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത ഒരാളാണ്‌ ഞാൻ. വയലൻസ്‌ എത്രയൊക്കെ സിനിമാറ്റിക്‌ ആണെങ്കിലും അതിന്‌ positive ആവാൻ കഴിയില്ല എന്നാണ്‌ എനിയ്ക്കു തോന്നുന്നത്‌. വയലൻസും തുടർന്ന് അതിനുകൊടുക്കേണ്ടിവരുന്ന വിലയും (consequences) ചിത്രീകരിക്കുമ്പോഴൊന്നും തന്നെ വയലൻസ്‌ കാണിയിൽ ഉണ്ടാക്കുന്ന psychological impact ഇല്ലാതാവുന്നില്ല.

ഒരു സിനിമയിൽ ഒരു കൊലപാതകം ചിത്രീകരിക്കുമ്പോൾ, അതിന്റെ സംവിധായകന്‌ ആ കൊലയിൽ പങ്കുചേരാതെ, ആ സീൻ perfect ചെയ്യാൻ കഴിയില്ല എന്നാണ്‌ എനിക്കു തോന്നുന്നത്‌. മറിച്ച്‌, യഥാർത്ഥ ലോകത്ത്‌ അയാൾക്ക്‌ പിഴച്ചുപോയേക്കാവുന്ന ആ കൃത്യം വളരെ കണിശമായി, കൃത്യതയോടെ execute ചെയ്യാൻ കഴിയുന്നത്‌ സിനിമയിൽ മാത്രമായിരിക്കും. അതു നൽകുന്ന ആഹ്ലാദം അയാൾക്ക്‌ അനുഭവിക്കാതെ തരമില്ല. അതുകൊണ്ടാണ്‌ സിനിമ criminal minds-നു പറ്റിയ ഒരിടമാവുന്നതും, വയലൻസ്‌ സിനിമയുടെ അടങ്ങാത്ത ഒരു വിശപ്പാവുന്നതും. ആ perfect murder-ന്റെ സുഖം ചലചിത്രകാരൻ അനുഭവിക്കുന്ന അളവിലല്ലെങ്കിലും കാണിയും അനുഭവിക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ അയാൾ redeemed ഒന്നുമാകാതെ അത്തരത്തിലുള്ള സിനിമകളിലേയ്ക്ക്‌ വീണ്ടും വീണ്ടും ചേക്കേറുന്നത്‌. അമേരിക്കൻ/ജാപ്പനീസ്‌ വയലൻസ്‌ സിനിമക്കൾക്ക്‌ കൾട്ട്‌ സ്റ്റാറ്റസ്‌ ഉണ്ടാകുന്നതും വലിയൊരു fan following ഉണ്ടാകുന്നതും അങ്ങിനെയാണെന്ന് എനിയ്ക്കു തോന്നുന്നു.

Rajesh at: 13 November 2010 at 3:46 pm said...

പല സമൂഹങ്ങളിലും Violence ഒരു പാര്‍ട്ട്‌ ഓഫ് ലൈഫ് തന്നെയാണ്. അപ്പോള്‍ അതിനെ സിനിമയിലും ഉപയോഗിക്കുന്നതില്‍ എന്‍ട് തെറ്റാണ് . എത്രയൊക്കെ ക്രൂരമായി കാണിച്ചാല്‍ പോലും, യഥാര്‍ത്ഥത്തില്‍ ജനം അനുഭവിക്കുന്ന വിഒലെന്‍സ് cinemayil കാണുന്നതിലും എത്രയോ ക്രൂരമാണ്.
Violence എന്നൊക്കെ പറഞ്ഞാലും പരുതിവീരനും , സുഭ്രാമാന്യപുരവും , മികച്ച ചിത്രങ്ങള്‍ തന്നെയാണ് . Cinematic quality കൊണ്ട് മാത്രം മികച്ചതായി കാണാന്‍ കഴിയുന്ന ചിത്രങ്ങള്‍. Villaine കഴുത്തറുത്തു കൊള്ളുന്ന scenil ജനം കൈയ്യടിക്കുന്നത് പ്രതികാരം വിജയിക്കുന്നത് കൊണ്ടാണ്, അല്ലാതെ കഴുത്തറക്കുന്ന ക്രൂരത അവര്‍ക്കിഷ്ടപെടുന്നത് കൊണ്ടല്ല. ഇത് പോലെ എത്രയോ ചിത്രങ്ങളില്‍ പ്രതികാരം ചെയ്യുമ്പോള്‍ ജനം കയ്യടിക്കുന്നു. ഈ രണ്ടു ചിത്രങ്ങളും പലരും നല്ല ലവ് സ്റ്റോറി ആയിട്ടും കാണുന്നുണ്ട് എന്നോര്‍ക്കണം. പിന്നെ ഈ ചിത്രങ്ങള്‍ City of God - il നിന്നും ഇന്സ്പിരെദ് ആണ് എന്ന് പറയാനാവില്ല. തമിഴ്നാടിന്റെ ഗ്രാമീണ ജീവിതത്തെ കുരിചെന്ടെങ്ങിലും അറിയാവുന്നവര്‍ അങ്ങിനെ പറയില്ല.
Violence ആണ് ഏറ്റവും ഉള്ളില്‍ ചെന്ന് നോക്കിയാല്‍ കാണുന്നത് അത് കൊണ്ട് ഇവ മികച്ച ചിത്രങ്ങള്‍ അല്ല എന്ന് പറയുന്നത്, പണ്ട് sex inte അതിപ്രസരം ഉള്ള തീം ആണ് അതുകൊണ്ട് മികച്ച നടനുള്ള അവാര്‍ഡ്‌ കൊടുക്കാന്‍ പറ്റില്ല (പാദമുദ്ര - മോഹന്‍ലാല്‍ , national award committee) എന്ന് പറഞ്ഞത് പോലെയാണ്.
സത്യത്തില്‍ ഇതിലും മികച്ച ചിത്രങ്ങള്‍ തമിഴില്‍ വന്നിട്ടുണ്ട്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല്ലാത്ത ഭൂരിപക്ഷം തമിലരും കണ്ടു വിജയിപ്പിച്ച ആ തമിള്‍ ചിത്രങ്ങളോട് മലയാളി വലിയ താല്പര്യം ഒന്നും കാണിച്ചില്ല എന്ന് കൂടി ഓര്‍ക്കണം. ഈയടുത്ത കാലത്തിറങ്ങിയ കളവാണി ആണ് ഏറ്റവും പുതിയ example
Apoorvaragangal എന്നാ സിനിമയ്ക്കു ഈ പറഞ്ഞ തമിള്‍ സിനിമകളുടെ പകുതി പോലും സിനെമാടിക് മൂല്യം ഉണ്ല്ലതായി എനിക്ക് തോന്നിയില്ല. കേരളത്തില്‍ ഇറങ്ങുന്ന സിനിമകളും ആയി നോക്കുമ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ അത്രെയേ ഉള്ളൂ.
തമിഴില്‍ വളരെ വത്യസ്തങ്ങലായ ചിത്രങ്ങള്‍ ഇറങ്ങുന്നതും, എല്ലാത്തിനും ഉപരിയായി അവയെല്ലാം വിജയിക്കുന്നതും, തമിഴരെ പാണ്ടി എന്ന് കളിയാക്കി മാത്രം വിളിക്കാന്‍ ഇഷ്ടപെട്ടിരുന്ന ബഹു ഭൂരിപക്ഷം മലയാളിക്കും ഇഷ്ടപെട്ടിട്ടില്ല, അവരുടെ ഈ മാറ്റം വിശ്വസികാനും ആകുന്നില്ല ഇതാണ് സത്യം. പ.വീരന്‍ &സ.പുറം ഈ രണ്ടു സിനിമകളും മലയാളത്തിലായിരുന്നു ഇറങ്ങിയിരുന്നതെങ്ങില്‍ അവ വിജയിക്കുമായിരുന്നു എന്നെനിക്കൊരു ഉറപ്പും ഇല്ല. എന്നാല്‍ മികചാതാനെങ്ങില്‍ തമിഴന്‍ വിജയിപ്പിക്കും എന്നാ കാര്യത്തില്‍ ഒരു സംശയവും ഇല്ല. കാതല്‍ കല്ലൂരി, അഴകി , രേനിഗുന്ട ഇപ്പോള്‍ ഡാ കളവാണി ഇവയൊക്കെ അതാണ്‌ സൂചിപ്പിക്കുന്നത്. Shivaji എന്നാ സിനിമയും വെയില്‍ എന്നാ സിനിമയും രണ്ടും രണ്ടു രീതിയില്‍ ആണ് കാനണ്ടത് എന്ന് തമിഴന്‍ മനസ്സിലാക്കിയിട്ടുണ്ട്.
നമുക്കോ ഇപ്പോഴും തമിഴന്റെ കുറ്റം കണ്ടു പിടിക്കാനാണ് താല്പര്യം അതാണീ ചിത്രങ്ങള്‍ വിഒലെന്ട ആണ് എന്ന്നു വരുത്തി തീര്‍ക്കാന്‍ നമ്മള്‍ ഇത്രയും തുനിഞ്ഞിരങ്ങുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കു

ശേഷവും.It is quite shocking that we accept bloody violence in our real life around us and we keep mum on it (Palestine, Iraq, Pakistan, and our own state violence in Kashmir and central and east India), and we are not worried about its impact on our daily life (via tv and news papers) but we are worried about the impact of violence from movies.

Rajesh at: 13 November 2010 at 3:47 pm said...
This comment has been removed by the author.
ശ്രീ at: 13 November 2010 at 3:47 pm said...

ബൂലോകത്തേക്ക് സ്വാഗതം. പോസ്റ്റ്‌ നന്നായി, നിരീക്ഷണങ്ങളും. പൊതുവേ വയലസ് പടങ്ങളും മറ്റും മലയാളത്തില്‍ കാണാന്‍ അത്ര താല്പര്യം ഇല്ല.

Rajmohan at: 13 November 2010 at 9:38 pm said...

രാജേഷ്‌, മനുഷ്യൻ അടിസ്ഥാനപരമായി വയലന്റായ ജീവിയാണെന്ന പ്രാധമിക നിഗമനത്തിൽത്തന്നെയാണ്‌ ഈ പോസ്റ്റ്‌ എഴുതിയിരിക്കുന്നത്‌. കൊടുവാളും തോക്കുമായി തലവെട്ടുന്നതും വെടിവെക്കുന്നതും മാത്രമല്ലല്ലോ വയലൻസ്‌. നിത്യജീവിതത്തിൽ ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്തായി നമ്മളൊക്കെത്തന്നെ സഹജീവികളുടെ മേൽ നടത്തുന്ന ചെറുതും വലുതുമായ aggression വയലൻസ്‌ തന്നെയല്ലേ?

ഇനി വയലൻസ്‌ നിത്യജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ച്‌ അത്‌ ചലച്ചിത്രങ്ങളിലും മറ്റും സൗന്ദര്യവത്കരിച്ച്‌ കാട്ടി (സിനിമാറ്റിക്ക്‌ എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഈ സൗന്ദര്യവത്കരണത്തെ, ശൈലീവത്കരണത്തെത്തന്നെയാണോ?) പ്രേക്ഷകൻ ആസ്വദിക്കുന്നതിൽ തെറ്റെന്ത്‌ എന്നാണെങ്കിൽ ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മനുഷ്യദുരന്തങ്ങൾക്കണ്ട്‌ നാമെന്തിന്‌ പരിതപിക്കണം? മനുഷ്യ ചരിത്രത്തിന്റത്രയും പ്രായമില്ലേ യുദ്ധങ്ങളുടെ ചരിത്രത്തിനും?

തങ്കളുടെ വാക്കുകളിൽനിന്നും തന്നെ ഒരു കാര്യം വ്യക്തമാകുന്നു. വയലൻസാണ്‌ മനുഷ്യപ്രകൃതിയെങ്കിലും അതില്ലാത്ത ലോകം കാണുവാൻ നാം ആഗ്രഹിക്കുന്നു (അത്‌ അസാധ്യമായ കാര്യമാണെന്ന് പൂർണ്ണബോധ്യമുണ്ടെങ്കിലും). ഒരു വ്യക്തി തന്റെ ഉള്ളിൽ കുടികൊള്ളുന്ന രാക്ഷസ ഭാവത്തെ കുറയ്ക്കാൻ ശ്രമിക്കേണ്ടത്‌ അതിനെ അടക്കിപ്പിടിച്ചുകൊണ്ടല്ല, മറിച്ച്‌ അതിനെ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടാവാം. വയലൻസിന്റെ സൗന്ദര്യവത്കരിച്ച ദൃശ്യങ്ങൾ ഒരുവനിൽ കുടികൊള്ളുന്ന വയലന്റ്‌ ഭാവത്തെ സ്വയം മനസ്സിലാക്കുവാൻ അവനെ പ്രാപ്തമാക്കിന്നില്ലെന്നുമാത്രമല്ല അവൻ മനസ്സാ സ്ക്രീനിൽ കാണുന്ന വയലൻസിന്റെ ഭാഗമാകുന്നുമുണ്ട്‌.

Rajmohan at: 13 November 2010 at 9:39 pm said...

തമിഴ്‌ നാടിന്റെ ഗ്രാമീണജീവിതത്തിലെ വയലൻസ്‌ പ്രതിപാതിക്കുന്ന സിനിമകൾ 'പരുത്തിവീര'നിൽ തുടങ്ങിയതല്ലല്ലോ (മധുരയിലെ തേവന്മാർ മാത്രമല്ലല്ലോ തമിഴന്മാർ). 'പരുത്തിവീര'നിൽ മുമ്പുണ്ടായിട്ടുള്ള ഇത്തരം ചിത്രങ്ങളിൽനിന്ന് വ്യത്യസ്ഥമായിട്ടുള്ളത്‌ അതിന്റെ form ആണ്‌. അത്‌ ഒരുപക്ഷെ മേൽപ്പറഞ്ഞ പടിഞ്ഞാറൻ സിനിമകളിൽനിന്ന് ഇൻസ്പയേർഡായിരിക്കാം എന്നാണ്‌ പറഞ്ഞത്‌. ഒരു പക്ഷെ അങ്ങനെ ഒന്ന് ഇല്ലായിരിക്കാം.

ടെലിവിഷൻ, പത്രങ്ങൾ എന്നിവയുടെ ധർമ്മം അവ ആവശ്യത്തിലധികം ഭംഗിയായി നിർവ്വഹിക്കുന്നു. ലോകത്ത്‌ അനുദിനം എന്തൊക്കെ സംഭവിക്കുന്നു എന്നവർ ഒ‍ാരോ നിമിഷവും നമ്മെ അറിയിക്കുന്നു. വയലൻസിന്റെ ദൃശ്യങ്ങൾ വയലന്റായിത്തന്നെ നമുക്കുമുമ്പിൽ എത്തുന്നു. പക്ഷെ സിനിമയെന്ന കലയുടെ ധർമ്മം വാർത്താമാധ്യമങ്ങൾക്ക്‌ സമാനമല്ലല്ലോ. സിനിമയെന്ന കല ഈ ലോകത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ പ്രാപ്തരാക്കണം.

V G Baburaj at: 15 November 2010 at 12:16 pm said...

സിനിമ criminal minds-നു പറ്റിയ ഒരിടമാവുന്നു എന്ന് ഞാൻ നേരത്തെ comment ചെയ്തത്‌ കുറച്ചു കൂടെ വ്യക്തമാക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു. എനിക്കു തോന്നുന്നത്‌, വയലൻസ്‌ ഒരു dormant അവസ്ഥയിൽ നമ്മളിലൊക്കെ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ്‌. അതിനെ കുറിച്ചുള്ള ചില കുറിപ്പുകൾ, ഒരു comment-ന്റെ പരിധിക്കു പുറത്തു പോകുമെന്നതുകൊണ്ട്‌ ഇവിടെ ഈ link-ൽ കൊടുത്തിരിക്കുന്നു (http://pageofb.blogspot.com/). Dormant അവസ്ഥയിലുള്ള ഈ വയലൻസ്‌, അനുകൂല സാഹചര്യങ്ങൾ ഒത്തുവരുമ്പോഴോ അല്ലെങ്കിൽ പ്രകോപനത്താലോ പുറത്തുചാടുന്നു. മിക്ക ക്രിമിനൽ ചെയ്തികളും സംഭവിക്കുന്നത്‌ പെട്ടെന്നുള്ള ഒരു പ്രകോപനത്താലായിരിക്കും. അവിടെ തികച്ചും സാധാരണക്കാരായ ആളുകളായിരിക്കും അത്തരത്തിൽ നൈമിഷികമായ ഒരു പ്രകോപനത്തിന്‌ അടിപ്പെട്ടുപോകുന്നത്‌.

എന്നാൽ ചില ക്രിമിനൽ ചെയ്തികൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ്‌ നടത്തപ്പെടുന്നത്‌. അത്‌ അധികാരത്തിന്റെ ദൃഡീകരണത്തിനോ വിപുലീകരണത്തിനോ ആണ്‌ വിനിയോഗിക്കപ്പെടുന്നത്‌. സീരിയൽ കൊലപാതകങ്ങളിലോ gang war-ലോ, ഗുജറാത്ത്‌ കലാപം പോലെയുള്ള സംഭവങ്ങളിലും ഒക്കെ നടക്കുന്നത്‌ അത്തരം വയലൻസ്‌ ആണ്‌. സിനിമയിലെ വയലൻസും അതേ കൂട്ടത്തിലാണ്‌ വരുന്നത്‌ എന്ന് എനിക്കു തോന്നുന്നു. നേരത്തെ ആവിഷ്കരിച്ചതിലും കടുത്ത വയലൻസ്‌, കൂടുതൽ ഗ്രാഫിക്‌ വിശദാംശങ്ങളോടെ ചെയ്യുമ്പോൾ സംവിധായകൻ അനുഭവിക്കുന്നത്‌ ഒരു serial killer -ന്റേതിനു സമാനമായ ഹരം ആണ്‌. അതേ ഹരം മറ്റൊരളവിൽ കാണിയും അനുഭവിക്കുന്നതിലൂടെ അയാളിലെ dormant അവസ്ഥയിലുള്ള വയലൻസും ഉണർത്തപ്പെടുന്നുണ്ട്‌. വയലൻസിൽ അഭിരമിക്കുന്ന സംവിധായകനെപ്പോലെ തന്നെ കാണിയും കൂടുതൽ കടുത്ത, കൂടുതൽ thrilling ആയ വയലൻസിനുവേണ്ടി ദാഹിക്കുന്നുണ്ട്‌. ഒരു roller coaster-ലോ giant wheel-ലോ കയറിക്കഴിഞ്ഞാൽ വീണ്ടും അതിൽ കയറാൻ ഒരു ത്രില്ലും ഇല്ല. പിന്നെ അതിലും വലിയ ഒന്നിലോ അല്ലെങ്കിൽ അതിലും ത്രില്ലിംഗ്‌ ആയ ഒന്നിലോ കയറണം. ഇതേ അവസ്ഥയിലാണ്‌ സംവിധായകനും കാണിയും.

V G Baburaj at: 15 November 2010 at 12:18 pm said...

വയലൻസിനെ തുറന്നുകാണിക്കുന്നതിലൂടെയോ അല്ലെങ്കിൽ വയലൻസിനെതിരെയുള്ള ഒരു സന്ദേശം സിനിമയുടെ ഒടുവിൽ ഉൾപ്പെടുത്തുന്നതിലൂടെയോ തന്റെ സിനിമ വയലൻസിനെതിരെയാണെന്ന ഒരു pretension-ലാണ്‌ സംവിധായകൻ. ഇതിനെല്ലാമുപരിയായി വയലന്റ്‌ സിനിമയെ ഒരു പ്രത്യേക കാറ്റഗറിയായി അംഗീകരിച്ച്‌ മാധ്യമങ്ങളും നിരൂപകരുമെല്ലാം വയലൻസിന്‌ മാന്യത ചാർത്തിക്കൊടുക്കുന്നു.

ഒരു വയലന്റ്‌ സമൂഹം വയലന്റ്‌ സിനിമയെയും, വയലന്റ്‌ സിനിമ വയലന്റ്‌ സമൂഹത്തെയും നിർമ്മിച്ചുകൊണ്ടേയിരിക്കുന്ന ഒരു വിഷമവൃത്തത്തിലാണ്‌ നമ്മൾ. സിനിമയിലെ വയലൻസിനെ ഇങ്ങിനെ ആഘോഷിക്കുന്നതിനു മുൻപ്‌, അത്‌ സമൂഹത്തിലുണ്ടാക്കുന്ന ക്ഷതം എത്ര വലുതാണെന്ന് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്‌. റോബി സൂചിപ്പിചതുപോലെ, സിനിമയിലെ വയലൻസ്‌ അതിന്റെ അനിവാര്യമായ താഴ്ചകളിലേയ്ക്ക്‌ കൂപ്പുകുത്തിക്കൊണ്ടേയിരിക്കുന്നു. അതിനൊപ്പം സമൂഹവും. അത്രയൊന്നും വയലൻസ്‌ ഇല്ലാത്ത കേരളീയ സമൂഹത്തെ നമ്മൾ എല്ലാവരുംകൂടി അത്തരം ഒരവസ്ഥയിലേയ്ക്ക്‌ തള്ളിയിടേണമോ?

ഹനകെയുടെ നിനിമകൾ പൊതുവെ ആഘോഷിക്കപ്പെടുന്ന വയലൻസ്‌ സിനിമകളിൽനിന്നും കുറച്ചു വ്യതസ്ഥ്മാണെന്നു തോന്നുന്നു. മനുഷ്യ മനസ്സിന്റെ ഇരുണ്ട അടരുകളിലേയ്ക്കുള്ള അന്വേഷണങ്ങളാവുന്നുണ്ട്‌ അവ. എന്നാൽ ഇതുവരെ കണ്ടിട്ടുള്ള വയലൻസ്‌ സിനിമകളിൽ നിന്നും വ്യതസ്തമായി Antichrist-ലെ extreme violence, പക്ഷേ അതിന്റെ ബാഹ്യതലത്തിൽ മാത്രമാണ്‌ നിലനിൽക്കുന്നത്‌. അതിനപ്പുറത്ത്‌ അത്‌ ഒരു ദാർശനിക തലത്തിലേയ്ക്ക്‌ ഉയർത്തപ്പെടുന്നുണ്ട്‌.

പരുത്തിവീരൻ പോലെയുള്ള mediocre സിനിമകളെയും അതിലെ ദ്രാവിഡീയൻ ചടുല താളത്തെയും സിംബലുകളെയും കുറിച്ച്‌ ഘോരഘോരം പ്രസംഗിക്കുന്നവർ കാണാതെ പോകുന്നത്‌, ഇന്ത്യയിൽത്തന്നെ ഉണ്ടാകുന്ന മികച്ച സിനിമാ ശ്രമങ്ങളെയാണ്‌. Umesh Kulkarni-യുടെ Vihir എന്ന സിനിമ ഒരുപക്ഷെ കഴിഞ്ഞ പത്തുവർഷങ്ങളിൽ ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ഒന്നാണ്‌. എന്തുകൊണ്ടാണ്‌ ഇത്തരം സിനിമകൾക്കുനേരെ നമ്മൾ കണ്ണടക്കുന്നതും പരുത്തിവീരനെ നമ്മൾ ആഘോഷിക്കുന്നതും? എനിക്കു തോന്നുന്നത്‌, നമ്മുടെ ധാർഷ്ട്യത്തിനു ചേർന്നത്‌ നമ്മൾ തിരഞ്ഞെടുക്കുന്നു എന്നതാണ്‌. മലയാളത്തിൽതന്നെ അടുത്ത്‌ ഉണ്ടായിട്ടുള്ള ഭേദപ്പെട്ട സിനിമകളായ പലേരി മാണിക്യവും കുട്ടിസ്രാങ്കുമെല്ലാം എന്തുകൊണ്ടാണ്‌ തഴയപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്നത്‌?

Sokurov-ന്റെ 'Mother and Son' കണ്ടതിനുശേഷം Martin Scorsese പറഞ്ഞത്‌ 'എന്തുകൊണ്ടാണ്‌ നമുക്ക്‌ (അമേരിക്കക്കാർക്ക്‌) ഇത്തരത്തിൽ ഒരു സിനിമ ഉണ്ടാക്കാൻ കഴിയാത്തത്‌' എന്നാണ്‌. നമ്മളും ആലോചിക്കേണ്ട ഒരു വിഷയമാണ്‌ അത്‌.

V G Baburaj at: 15 November 2010 at 12:21 pm said...
This comment has been removed by the author.
Anonymous at: 15 November 2010 at 5:09 pm said...

Having said so much about Tamil cinema and Tamil culture, I have something to ask out of my curiosity to understand.

Its’ not only the mainstream Tamil cinema (I am not aware of any other streams of Tamil cinema other than the somewhat sensible films of Bharathiraja etc.) but also an average individual of Tamil Nadu exhibits the same mannerisms that of Tamil cinema, the same exaggeration of each and every emotions, indulgence to violence even at a silly provocation etc. Not knowing the Tamil culture deeply, will somebody educate me whether it is Tamil cinema that copied Tamil culture or is it that Tamil culture copied the superficialities of Tamil cinema?

Have the glittering images on the screen deceived an entire population? As the blog post suggests, are we too following them?

C.V.MANUVILSAN at: 15 November 2010 at 6:03 pm said...

യോജിക്കാവുന്ന അഭിപ്രയമാണ് ബാബു ചേട്ടന്റേത്.

എടുത്തു പറയേണ്ട ഒന്ന് സിനിമയിലെ ക്രൈം ചിത്രീകരിക്കുന്ന സംവിധായകൻ, അതിന്റെ തയ്യാരെടുപ്പുകൾ ചിത്രത്തിലെ ക്യരക്റ്ററിനൊപ്പം നടത്തുന്നുവെന്ന നിരീക്ഷണമാണ്. സംവിധായകൻ മാത്രമല്ല ആസ്വദിച്ചു കാണുന്ന കാണിയും ആ ക്രൈമിലെ ഭാഗമാകുന്നുവെന്ന നിരീക്ഷണവും പ്രസക്തമാണ്.

ആ നിരീക്ഷണങ്ങൾ സൈദ്ധന്തികമായും പ്രായോഗികമായും ശരിയാകാതെ തരമില്ല.

അതു പക്ഷെ തെറ്റാണോ, നിയമവിരുദ്ധമാണോ എന്നൊക്കെ ചോദിച്ചാൽ അതിനുത്തരമില്ല.

ശരിക്കും തെറ്റിനും ശാശ്വതമായൊരു സ്വഭാവമില്ല.

വിധിക്കുന്നവന്റെ താല്പര്യം അതാണതിന്റെ സ്വഭാവം.

സസ്യാഹാരി മംസാഹാരം തെറ്റെന്ന് പറയുന്നത് അവന്റെ അഭിപ്രായ പ്രകാരമാണ്. ആ അഭിപ്രായം അവന്റെ അസ്തിതവും വിശ്വാസവുമാണ്.

ശരിയായ വിശ്വാസി തന്റെ വിശ്വാസം ശരിയാണോ എന്നു പരിശൊധിച്ചു വിശ്വസിക്കുന്നവനാണ്.

ബാബു ചേട്ടനും രാജ് മോഹനും എന്റെ അഭിപ്രായത്തിൽ ശരിയായ വിശ്വാസികളാ‍ണ്.

പക്ഷെ എനിക്കുള്ള് സംശയങ്ങൾ ഇവയാണ്.

1. സിനിമക്കു മാത്രമായി ഒരു നീതി ശാസ്ത്രമുണ്ടോ?

2. നമ്മുടെ ചരിത്രം, മതം, സാഹിത്യം, എന്നിവയൊക്കെ പറഞ്ഞു തന്ന വയലൻസിനെ സിനിമയും ആവർത്തിക്കുംബ്ബോൾ, അതിൽ മാത്രം തെറ്റൂ കാണേണ്ടതെന്തിനാണ്.

3. ലാഭേച്ചയിൽ മത്രമെടുക്കുന്ന കച്ചവട സിനിമ, മറ്റേതൊരു കൺസ്യുമർ ഉല്പന്നവുമ്പോലെ ഒന്നാണെന്നിരിക്കെ, അതിൽ നേരും നെറിയും വേണമെന്ന വാദം ശരിയാണോ?

4. വയലൻസൊഴിവാക്കിയാൽ സിനിമ കച്ചവടം അംഗീകരിക്കാവുന്ന ഒന്നായി തീരുമോ?

Jiyad at: 15 November 2010 at 10:29 pm said...

സ്റ്റൈലൈസ്ഡ്‌ വയലസ്‌ എന്ന പ്രയോഗം മലയാള സിനിമയിലെ നൂതന പ്രവണതയുടെ നേര്‍ക്കാഴ്ച തന്നെയാണ്..
പുതിയ തലമുറ ഈ സ്റ്റൈലൈസ്ഡ്‌ വയലന്സിന്റെ ആരാധകര്‍ ആയി മാറുന്നു എന്നത് അത്ര സുഖകരമായ ഒരു കാര്യമല്ല..
ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പൊതു സ്വീകാര്യത കൈ വരുന്ന ഒരു ലോകത്തേക്കുള്ള അപകടകാരായ യാത്രയിലാണ് നാം

Anonymous at: 16 November 2010 at 4:38 pm said...

അപ്പോൾ വയലൻസ്‌ മൂവി ചെയ്യുമ്പോൾ അതിന്റെ ഡയറക്ടറും അതു കാണുമ്പോൾ കാഴ്ചക്കാരും അവരുടെ ഉള്ളിലുള്ള അക്രമത്തെ ഒരുതരത്തിൽ റിലീസ്‌ ചെയ്ത്‌ ശുദ്ധരാവുകയല്ലേ ചെയ്യുന്നത്‌? മുംബൈയിൽ റെഡ്‌ സ്റ്റ്രീറ്റ്‌ ഉള്ളതുകൊണ്ടല്ലേ അവിടെ സ്ത്രീകൾക്ക്‌ സുരക്ഷിതരായി നടക്കാൻ പറ്റുന്നത്‌? പിന്നെ രാജേഷ്‌ പറഞ്ഞതുപോലെ സമൂഹത്തിൽ നിലനിൽക്കുന്ന വയലൻസ്‌ സിനിമയിൽ കാണിക്കുന്നതിൽ എന്താണ്‌ തെറ്റ്‌?

C.V.MANUVILSAN at: 16 November 2010 at 8:58 pm said...

വയലെൻസ് ഒരു വികാര പ്രകടനമാണ്.

പലപ്പോളും കുറ്റം ചെയ്യുന്നവന്റെ വികാര പ്രകടനം.

പ്രേമം, സ്നേഹിക്കുന്നവന്റെ വികാര പ്രകടനമാണ്.

കോപം, ദേഷ്യപ്പെടുന്നവന്റെ വികാര പ്രകടനമാണ്.

ദുഖം സങ്കടപ്പെടുന്നവന്റെ വികാര പ്രകടനമാണ്.

കാമം ലൈംഗികതയുടെ വികാര പ്രകടനമാണ്.

ഇങ്ങനെ, എല്ലാത്തരം വികാരങ്ങളേയും മാർക്കറ്റു ചെയ്യുന്ന ഉത്തരാധുനികതയിൽ, വയലൻസും മാർക്കറ്റു ചെയ്യപ്പെടുന്നു.

ഷക്കീല ഉണ്ടാക്കിയ കാമ തരംഗം പോലെ മറ്റൊന്ന്..

കച്ചവട സിനിമയുടെ ചരിത്രം പരിശോധിച്ചാൽ അതെന്നും ഇങ്ങനെ ആയിരുന്നെന്നു കാണാം.

വിജയിച്ച ചിത്രങ്ങളുടെ കാർബൺ കോപ്പികൾ വന്നു കൊണ്ടേയിരിക്കും.

കാമ ചിത്രങ്ങൾ, പ്രേമ ചിത്രങ്ങൾ, ഇപ്പോഴിതാ വയലൻസ് ചിത്രങ്ങൾ.

എന്തിനു വയലൻസ് മാത്രം വർജിക്കപെടണമെന്നു പറയൂ..

Rajmohan at: 19 November 2010 at 10:29 pm said...

മനു, ഞാൻ താഴെ പറയുന്ന കാര്യങ്ങൾ സൈദ്ധാന്തികമായി ശരിയോ തെറ്റോ എന്ന് അറിയില്ലെങ്കിലും വ്യക്തിപരമായി വിശദീകരിക്കുവാൻ ശ്രമിക്കട്ടെ.

എന്റെ ഏറ്റവും പഴയ ഓർമ്മകളിലൊന്ന് എന്റെ ആദ്യ്‌ സിനിമാകാഴ്ചയുടേതാണ്‌. മാത്രമല്ല, ഞാനിതുവരെ കണ്ടിട്ടുള്ള നല്ലതും ചീത്തയുമായ സിനിമകളിലെ ഇമേജുകൾ വളരെ abstract ആയ രീതിയിൽ എന്റെ ഓർമ്മയിൽ കൂടിക്കുഴഞ്ഞുകിടക്കുന്നു, വ്യക്തിപരമായ ഓർമ്മകളാണോ, സ്വപ്നങ്ങളാണോ അതോ വെറും സിനിമാ ഇമേജുകൾ മാത്രമാണോ എന്ന് വേർതിരിച്ചറിയുവാൻ സാധിക്കാത്ത വിധം.

വലിയ സ്ക്രീനിൽ (ഒരു പരിധിവരെ മിനീസ്ക്രീനിലും) നമ്മൾ കാണുന്ന ചലിക്കുന്ന ഈ ഇമേജുകൾ, നമ്മൾ അനുവദിച്ചു കൊടുത്താലും ഇല്ലെങ്കിലും നമ്മളിലേക്ക്‌ അതിക്രമിച്ച്‌ കടക്കുകയും നമ്മുടെ അബോധത്തിൽ വളരെ നീണ്ടകാലം പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്‌ നമ്മുടെ mannerism ത്തേയും ചിന്തിക്കുന്ന രീതിയേയും വരെ കാര്യമായി സ്വാധീനിക്കുവാനും സാധ്യതയുണ്ട്‌. മനുഷ്യനെ ഇത്രയധികം സ്വാധീനിക്കുവാൻ കഴിവുള്ള സിനിമയെന്ന മാരകായുധത്തെ കമ്പോളത്തിൽ ലഭിക്കുന്ന മറ്റ്‌ ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുവാൻ സാധിക്കുമോ എന്ന് സംശയമാണ്‌.

പത്രങ്ങളനുഷ്ഠിക്കേണ്ട ധർമ്മത്തെക്കുറിച്ച്‌ നാം വാചാലർ
ആവാറുണ്ടല്ലോ. യഥാർത്ഥത്തിൽ ഒരു വ്യക്തിയിൽ പത്രത്തേക്കാൾ വളരെ അധികം സ്വാധീനം ചെലുത്തുവാൻ ശേഷിയുള്ള സിനിമയെന്ന മാധ്യമത്തിൽ കൂടുതൽ qualityയും സത്യസന്ധതയും ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ?

Unknown at: 20 November 2010 at 12:47 pm said...

There is no fault in Thinking so. But violence is not the own creation of Cinema. Cinema is copying violence, because the people like it. Ripper killed people, not because he was influenced by the story of Zodiac.. or anything else. Like that only, the violence in the movie. Being a reformist you have all rights to wish, but what is your propreity to judge this is right and this is wrong.

Benison at: 21 November 2010 at 2:37 pm said...

I am also agreeing with Hari. Violence in movie is the reflection of crime in the society. If you don't like violence, that is your problem. Like what Manu told, you can criticise non veg food, being a vegitarian. But don't conclude that veg alone is right. Because I am a non veg.

Rajmohan at: 21 November 2010 at 4:34 pm said...

Hari, I am not judging anything, just expressing my opinion as a film lover.

Benison, veg or non-veg is an individual’s personal choice, something that would affect only his body. Here we are talking about a mass media that is influencing sensibilities of generations. Should we undermine an enormous issue with such an analogy?

C.V.MANUVILSAN at: 21 November 2010 at 10:20 pm said...

ബെനിസൻ പറഞ്ഞ ഭാഷയിലെ ലാഘവം വിഷയത്തെ വല്ലാതെയങ്ങു ചെറുതാക്കിയത് പോലെ തോന്നി.

തന്നെയുമല്ല ഒരാളുടെ വാ‍ക്കുകൾ ഉദ്ധരിക്കുന്നത് സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തുമാകരുത്.

നിങ്ങൾക്ക് ആരുമാകാനുള്ള സ്വാതന്ത്ര്യം നിലനിർത്തി കൊണ്ട് ചോദിച്ചോട്ടെ, തന്റെ അഭിപ്രായം വളരെ Convincing ആയി പറയുകയല്ലാതെ, രാജ് മറ്റെന്താണ് ചെയ്തത്?

ആതിനോട് നിങ്ങൾ വിയോജിക്കുന്നുണ്ടെങ്കിൽ കാര്യകാരണ സഹിതം ചൂണ്ടി കാട്ടി ഘണ്ടിക്കണം.

അല്ലെങ്കിൽ മറ്റു നോൺ വെജുകൾക്കു കൂടി നിങ്ങൾ അസ്വീകാര്യനാകും.

Hari at: 22 November 2010 at 8:14 pm said...

I do concern about Rajmohan's point on Cinematic violence. But if you see our life in total, cinema might be a just part of it. It might have influenced our life in a certain way, again depends on person to person's sensitivity and sensibility. It’s very subjective.

I feel more than movie people are more touched and affected by the real life news about gruesome violence. If you look at the day to day news item you can see it. Then the question is why again it’s on cinema? But the difference is news can be informative not to be experienced.

Then cinema can be a reformist medium against other informative mediums. It can be like people from Isreal are coming to India for a trance trip, 'coz of the violence!!! Oops it is a too large an exaggeration!!! Yeah, cinematic violence can be more philosophical level; more in deep and profound to our existence. Sorry I am NOT judgmental about violent cinema should be like this or that. I don’t know.

See, why violence is different from any other human emotions likes, laughness or sadness. Any scene in cinema can resonate with viewer’s real life scene. If people are clapping their hands while watching an actor cutting another fellow artist's throat, it’s just a manifestation of his minds. He may not be seeing that artist and the character he represent; he may be seeing his enemy or may be his mind has taken him to a fantasy trip like people watching an erotic scene. It can thrill him and satisfy his thirst for a primitive violent past. Seeing violence and blood, suddenly he unconsciously goes to his violent animal past; forgetting the present, completely forgetting the future -- just past. He becomes identified; what is happening on the screen somehow becomes his own life. He is no more a spectator -- in those moments he become a participant, mentally.

Once a movie gives them that thrilling experience he wants more and more, it’s become addictive. No wonder why those Japanese and American film makers have a cult following. The possibility of cinematic medium gives the filmmakers a chance to explore new possibilities of violence, resulting more satisfied viewers. It’s like any other intoxication; you start with a peg end with a full bottle!

I feel that is a dangerous trend. It actually simulate the viewers violent past which is in our own blood. I feel our so called humanity is only skin-deep. Why our violence is different from rest of the animal’s violence. Animals never kill without a cause. Violence of man becomes violent without any cause. So violence is his choice and that is why no animal can become as cruel and violent as man can be. To be violent is simply the nature of animals; it is not its choice. So we have choice; to be violent or non-violent. To be thrilled or not to be thrilled! Choice is yours.

Note: I feel more than cinematic violence video games are more dangerous in taking back us to our animal past. Since this a blog on cinema I don’t think it’s appropriate to post on it.

Hari at: 22 November 2010 at 8:25 pm said...
This comment has been removed by the author.
C.V.MANUVILSAN at: 24 November 2010 at 3:51 pm said...

Is it right to tell so Raj..

Man is a particular animal, which can not be assessed for all time.

The violence of reality and violence on the reel..

I think both these are already distinguished by the man, with his own terms.

Can you tell that all people in the world enjoyed Sept 11 Attack on World Tower. Similarly, whether all have enjoyed the Mumbai attack..

I am of the opinion that even a hard core fan of violent movies may not have enjoyed the ongoing violence in Mumbai and New York.No body might not have enjoyed the TV scenes of these violent attacks..

Similarly, the Tsunami attack and subsequent deaths.. That also was seen in the TV, but do you think people enjoyed it?

Several persons becoming the victims of War Violence, whole over the world.

But I don't think that any one, except a lunatic, is enjoying the said Real violence.

But when it is on the reel...
people are enjoying it.

Why..??

The said war violence in the war movies are being watched and appreciated by consumer viz. Viewer.

After watching the Tsunami in the movie, all such violent Fans, exclaimed as Marvelous.

It is as such in all other cases.

Raj, besides violence,
what is there in the "TOM &JERRY" Cartoon show.

In almost all children games,
violence is the criteria.

In the Car racing game,
the parents are instigating there children
to kill the Police man
so as to win in that game..

Why don't you see this?

These video games and Cartoons like Tom & Jerry are the primary concern of almost all the children in the world.

What does it mean Raj...??

Even our children are conditioned to enjoy violence with the consent of their parents, as a game or entertainment.

This is an international phenomenon, started long ago..

So, even this generation itself has been molded in this way.

I think, this is the space of violence in our movies. Movie makers are trying to explore this space as what they did in all other cases.

ലാസര്‍ ഷൈന്‍ at: 20 December 2010 at 12:38 pm said...

പേടിയെന്നതാണ് അടിസ്ഥാന വികാരം. വേദനയെയാണ് പേടിക്കുന്നത്. ചുമരുകളുടേയും വാതിലുകളുടേയും കാവലില്ലാതെ കാട്ടില്‍ കിടന്നുറങ്ങുമ്പോള്‍, തന്നെ തിന്നാവുന്ന ജീവികളോടുള്ള പേടിയാണ് സമൂഹം സൃഷ്ടിച്ചത്. വയലന്‍സ് എന്ന് അവഹേളിക്കപ്പെടുന്നത്, ജനിതകപരമായ ആ അടിസ്ഥാനത്തെയാണ്. വയലന്‍സല്ല സമൂഹത്തിനു വേണ്ടത് എന്നു പറയുന്നവര്‍ മനുഷ്യന്‍ എന്ന അവസ്ഥയെ വല്ലാതെ കേന്ദ്രീകരിക്കുന്നു. മനുഷ്യന്‍ സൃഷ്ടിച്ചതിനെയെല്ലാത്തിനെയും ന്യായീകരിക്കുന്നു. രാജ്യത്തിന്റെ അതിര്‍ത്തിയെ വീടിന്റെ ചുമരിനെ സ്വന്തം കുപ്പായത്തെ വല്ലാതെ വിശ്വസിക്കുന്നു. മനുഷ്യനൊഴികെയുള്ള ജീവികളിലേയ്ക്ക് നോക്കൂ.. അവര്‍ വയലന്റാണ്. പിന്നെ നമ്മള്‍ എന്തുകൊണ്ട് അങ്ങിനെയാവുന്നില്ല.. കാവല്‍ നില്‍ക്കാന്‍ പട്ടാളവും ഖജനാവിലെ ഏറിയ കാശും പ്രതിരോധത്തിനും ചെലവഴിക്കുന്നതു കൊണ്ട്.. അടിസ്ഥാനപരമായി മനുഷ്യന്‍ മൃഗമാണ്. സെക്‌സുപോലും വയലന്റാണ്. പാത്രത്തില്‍ നിന്നും ഭക്ഷണം വാരി തിന്നുന്നത് കണ്ണാടിയില്‍ നോക്കൂ.. വയലന്റാണ്. കക്കൂസില്‍ കണ്ണാടി വെച്ച് വിസര്‍ജിക്കുന്നതു നോക്കൂ വയലന്റാണ്.. പിന്നെ ബാക്കി വികാരങ്ങള്‍... എല്ലാ വികാരവും വയലന്റാണ്. അല്ലാതെ സംസ്‌കൃതീകരിച്ച് വികാരങ്ങളെ ലളിതഗാനമാക്കിയാല്‍ അത് സത്യമാകുമോ.. അഥവ വയലന്‍സിനെ എന്തിനാണ് ഭയക്കുന്നത്.?

Rajmohan at: 20 December 2010 at 8:57 pm said...

പ്രിയപ്പെട്ട 'അറുപത്തൊമ്പതേ', യഥാർത്ഥ ജീവിതത്തിലെ വയലൻസ്‌ എനിക്കോ താങ്കൾക്കോ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മനുഷ്യനുണ്ടായ കാലം മുതൽ ഇവിടെ നിലനിൽക്കുന്നു എന്നത്‌ സത്യംതന്നെ. എന്നാൽ വയലൻസിനെ കാണുവാൻ ഇമ്പമുള്ളതരത്തിൽ സൗന്ദര്യവത്കരിച്ച്‌ കച്ചവടം നടത്തുന്ന സിനിമാക്കാരെക്കുറിച്ചാണ്‌ ഈ പോസ്റ്റ്‌ എന്ന് താങ്കൾ വായിച്ചുകാണുമല്ലോ? വയലൻസ്‌ സിനിമയുടെ വിഷയമാകരുതെന്ന് ഇവിടെ വാദിച്ചിട്ടില്ലെന്നും താങ്കൾ സമ്മതിക്കുമല്ലോ? മനുഷ്യന്റെ ഭയത്തെ, വേദനയെ പണമുണ്ടാക്കാനുള്ള ഉപാധിയായികണ്ട്‌ അതിനെ വിറ്റഴിക്കുന്ന സിനിമാക്കാരൻ അധമനായ ജീവിതന്നെ.

പ്രകൃതിയുടെ സ്ഥായിയായ ഭാവം സമാധാനപരമായ സഹവർത്തിത്വമല്ലെന്നും chaosഉം അക്രമവുമാണെന്നും വേണമെങ്കിൽ പറയാം. ഓരോ ജീവിയും പരസ്പരം കടിച്ചുകീറി, പരസ്പരം ഭക്ഷിച്ച്‌ വിശപ്പടക്കി ജീവിക്കുന്ന കാടിന്റെ chaotic ആയ നീതിയിലും ഒരു ഹാർമ്മണി നിലനിൽക്കുന്നതായി കാണാം. കാരണം ഈ ജീവികളെല്ലാം തന്നെ പ്രകൃതിയുടെ ഏറ്റവും basic ആയ നീതിക്കനുസൃതമായാണ്‌ ജീവിക്കുന്നത്‌ എന്നതുതന്നെ. പ്രകൃതിയുമായി എത്രമാത്രം ഇണങ്ങി ജീവിക്കുന്ന ജീവിയാണ്‌ മനുഷ്യൻ? പ്രകൃതിയുടെ ഈ basic നീതിതന്നെയാണോ മനുഷ്യ വയലൻസിന്റെയും ഒരേഒരു കാരണം?

പിന്നെ 69എ, തങ്കൾ പറഞ്ഞതു പോലെയാണ്‌ കാര്യങ്ങളെങ്കിൽ സിനിമ എന്ന കലയ്ക്ക്‌ എന്തു പ്രസക്തി? എന്തിനു കവിതയും കഥയും സംഗീതവും ചിത്രകലയുമെല്ലാം? നമുക്ക്‌ പരസ്പരം തല്ലിച്ചാവാനുള്ള ഈ ലോകത്ത്‌ ഇവയെല്ലാം അധികപ്പറ്റുകളല്ലേ?

ലാസര്‍ ഷൈന്‍ at: 22 December 2010 at 1:11 pm said...

പ്രിയ രാജ്‌മോഹന്‍,
ഇതിനിടയിലെവിടെയാണ് കലയുടെ പ്രസക്തിയെന്ന ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. കാരണം പ്രകടിപ്പിക്കാനാകാതെ പോകുന്ന ജനിതകവന്യതയാണ് ഓരോ കലകളിലൂടെയും പ്രകടിപ്പിക്കപ്പെടുന്നത്. ഓരോ സൃഷ്്ടിയുടെയും ചോദന. വയലന്റായ ഭാവനയില്‍ നിന്നാണ് എല്ലാം സൃഷ്ടിക്കപ്പെടുന്നത്. പ്രസവം എത്ര വയലന്റാണ്... അലറി കൂവി.. ആര്‍ക്കെങ്കിലും ചിരിച്ച് പ്രസവിക്കാനാകുമോ..? വന്യമായി സ്‌നഹിക്കുകയും വന്യമായ ശാന്തതയിലാവുകയുമൊക്കെ ചെയ്യുമ്പോള്‍ വിരിയിപ്പിക്കുകയാണ് നാം, ജനതികവേരിലെ ആ വയലന്‍സിനെ, പൂക്കളായി...

Post a Comment

newer post