ആസുരതയുടെ വേരുകൾ തേടി...



5 comments
മനുഷ്യസ്വഭാവത്തിൽ വളരെ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒന്നാണ്‌ അവന്റെ ആസുരഭാവം. സമചിത്തമായ, ആഴമേറിയ അന്വേഷണങ്ങൾക്ക്‌ പാത്രമാവേണ്ട ഈ വിഷയം, പക്ഷെ, സൗന്ദര്യവത്കരിക്കപ്പെട്ട എന്റർറ്റൈന്‍മന്റുകളായി സിനിമകളിലൂടെ വിറ്റഴിക്കപ്പെടുന്ന ട്രെൻഡ്‌ മലയാളത്തിലും കണ്ടുതുടങ്ങിയിരിക്കുന്നു. ഈ വിഷയത്തെപ്പറ്റി പ്രതിപാദിച്ച മുൻ പോസ്റ്റിന്‌ തുടർച്ചയായി മനുഷ്യന്റെ ഈ ആസുരഭാവത്തെപ്പറ്റി ആഴത്തിലന്വേഷിക്കുവാൻ ശ്രമിച്ച ഒരു സമകാലിക മലയാള ചലച്ചിത്രത്തെപ്പറ്റി പറയുന്നത്‌ ഉചിതമാകുമെന്ന് കരുതുന്നു. നമ്മുടെ നട്ടിലെ നിരൂപകരും ബുദ്ധിജീവികളും വയലൻസ്‌ സിനിമകളുടെ സ്തുതിപാഠകരായി മാറിയ ഇക്കാലത്ത്‌ ജനപ്രിയ സിനിമയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുതന്നെ ഈ ഒഴുക്കിനെതിരെ നീന്തുവാൻ ശ്രമിച്ച രൺജിത്തിന്റെ 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന ചിത്രം അതിന്റെ പ്രമേയത്താലും ആഖ്യാനരീതികൊണ്ടും ശ്രദ്ധേയമായൊരു സൃഷ്ടിയാണ്‌.

ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലെ ഒരു പാതിരാത്രിയിൽ പാലേരി എന്ന മലബാർ ഗ്രാമത്തിൽ രണ്ട്‌ ദുർമരണങ്ങൾ സംഭവിക്കുന്നു. ചീരുവിന്റെ പുത്രന്റെ നവവധുവായ മാണിക്യത്തെ തൂങ്ങി മരിച്ച നിലയിലും ഗ്രാമത്തിലെ ക്ഷേത്ര പൂജാരിയെ പുഴക്കടവിൽ മരിച്ച നിലയിലുമാണ്‌ കാണപ്പെട്ടത്‌. അതേ രാത്രിയിൽത്തന്നെ പാലേരിയിൽ ഒരു ജനനവും നടക്കുന്നു. പാലേരി മാണിക്യത്തിന്റെ മരണത്തിനു പിന്നിലെ സത്യം തേടി അരനൂറ്റാണ്ടിനു ശേഷം പാലേരിയിലെത്തുന്ന ഡിക്റ്ററ്റീവ്‌ ഹരിദാസാണ്‌ അന്നു രാത്രിയിൽ ജനിച്ച കുട്ടി. ടി.പി.രാജീവന്റെ 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന നോവലിനെ അവലംബിച്ച്‌ രൺജിത്തൊരുക്കുന്ന ഈ ചിത്രം ഹരിദാസെന്ന കഥാപാത്രം പാലേരിയിൽ നടത്തുന്ന അന്വേഷണങ്ങളിൽക്കൂടി വികസിക്കുന്നു.

പാലേരി ഗ്രാമത്തിന്റെ മിത്തായി മാറിയ മാണിക്യത്തിന്റെ കഥ കേട്ടാണ്‌ ഹരിദാസ്‌ വളരുന്നത്‌. വളർന്ന് വലുതായതിനു ശേഷവും എന്തുകൊണ്ടോ അയാളെ മാണിക്യത്തിന്റെ കഥ വിടാതെ പിന്തുടർന്നു. അയാളുടെ ഭാഷയിൽ പറഞ്ഞാൽ മാണിക്യത്തിന്റെ തേങ്ങൽ അയാളുടെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കി. മാണിക്യത്തിന്റെ മരണത്തിന്‌ പിന്നിലെ സത്യം കണ്ടെത്തിയാൽ മാത്രമേ തനിക്ക്‌ മന:ശാന്തി ലഭിക്കൂ എന്ന് അയാൾ വിശ്വസിച്ചു. അങ്ങനെ തെളിവുകളില്ലെന്ന പേരിൽ അരനൂറ്റാണ്ട്‌ മുമ്പ്‌ എഴുതിത്തള്ളിയ മാണിക്യം കൊലക്കേസ്സ്‌ വ്യക്തിപരമായ രീതിയിലന്വേഷിക്കുവാൻ അയാൾ സരയൂ എന്ന ക്രിമിനലോളജിസ്റ്റിനൊപ്പം പാലേരിയിലെത്തുന്നു. അവർ അവിടെ ഭാര്യാ-ഭർത്താക്കന്മാരെന്ന വ്യാജേന കഴിയുന്നു.

മാണിക്യത്തിന്റെ മരണത്തിനുത്തരവാദികളായി പലരേയും സംശയിക്കാമെങ്കിലും ജന്മിയും സ്ത്രീലമ്പടനുമായ അഹമ്മദ്‌ ഹാജിയിൽ എത്തിച്ചേരുന്നു ഹരിദാസിന്റെ അന്വേഷണങ്ങൾ. ഹാജി വിത്തുപാകി ജനിപ്പിച്ച പാലേരി ഗ്രാമത്തിലെ അനേകം ജാരസന്തതികളിലൊരുവനാണ്‌ താനെന്ന് ഹരിദാസ്‌ ഈ അവസരത്തിൽ സരയുവിനോട്‌ വെളിപ്പെടുത്തുന്നു. അഹമ്മദ്‌ ഹാജി സ്വന്തമാക്കുവാൻ ആഗ്രഹിച്ച മാണിക്യത്തെ കൊലപ്പെടുത്തിയത്‌ അയാളല്ലെന്നും അയാളുടെ മകൻ ഖാലിദ്‌ അഹമ്മദ്‌ ആണെന്നും പിന്നീടുള്ള അന്വേഷണത്തിൽ വെളിപ്പെടുന്നു. തന്റെ പിതാവിനെ സംശയമുനയിൽ നിർത്തിയ ഹരിദാസിന്റെ അന്വേഷണം ഒടുവിൽ അവസാനിച്ചതാവട്ടെ പണ്ഡിതനും കവിയുമൊക്കെയായ തന്റെ അർദ്ധസഹോദരനിലും.

വർത്തമാന കാലത്തിന്റെ നീറുന്ന ജീവിത പ്രശ്നങ്ങളെ നേരിടുവാനാവാതെ ഭൂതകാലത്തിന്റെ തണൽ തേടി പാലായനം ചെയ്യുന്ന കഥാപാത്രങ്ങളെ നമ്മുടെ സിനിമയിലും സാഹിത്യത്തിലും ധാരാളമായി നാം കണ്ടിട്ടുണ്ട്‌. പാലേരിയിലെത്തുന്ന ഹരിദാസാവട്ടെ തേടുന്നത്‌ വർത്തമാനകാല ക്രൂരതകളുടേയും വഞ്ചനകളുടേയും ഭൂതകാലത്തിലെ വേരുകളാണ്‌. അയാളുടെ അന്വേഷണം അവസാനിക്കുന്നതാവട്ടെ സ്വന്തം ചോരയുടെ നടുക്കുന്ന ബീഭത്സത തിരിച്ചറിഞ്ഞുകൊണ്ടും. ഹാജിയുടേയും ഖാലിദിന്റെയും സ്വഭാവ വൈകല്യങ്ങളുടെ വിത്തുകൾ തന്നിലേക്കും സംക്രമിച്ചിട്ടുണ്ടെന്ന തിരിച്ചറിവും ഹരിദാസിനുണ്ടാവുന്നുണ്ട്‌. 

ഒരു കൊലപാതകം അന്വേഷിക്കുന്ന ഡിക്റ്ററ്റീവിന്റെ വിവരണങ്ങളിൽക്കൂടി നമ്മുടെ മുമ്പിൽ അനാവൃതമാകുന്നത്‌ ഒരു നാടിന്റെ പൂർവ്വകാല ചരിത്രമാണ്‌. ജന്മിത്തത്തിന്റെയും ജാതീയതയുടെയും ക്രൂരകഥകൾ ഉറഞ്ഞുകിടക്കുന്ന പൂർവ്വകാലം. അവിടേക്ക്‌ സമൂല മാറ്റത്തിന്റെ കൊടുങ്കാറ്റടിക്കുവാൻ തുടങ്ങിയപ്പോൾ പുതിയൊരു ജീവിതത്തെക്കുറിച്ച്‌ സ്വപ്നം കാണുവാൻ തുടങ്ങിയ ഒരു പുതുതലമുറയെ നാം കണ്ടുമുട്ടുന്നു. കൊടുങ്കാറ്റിന്റെ കോളും കാറും പൊടിപടലവും ഒതിങ്ങിയപ്പോൾ അവർ കണ്ടതാവട്ടെ വേഷങ്ങളും ഭാഷയുമൊക്കെ മാറിയിട്ടും സ്ഥായിയായ മാറ്റങ്ങളൊന്നും സംഭവിക്കാത്ത തങ്ങളുടെ ജീവിതങ്ങളെയാണ്‌. എഴുതപ്പെട്ട ചരിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നാട്ടുപ്രമാണിമാരേയും രാഷ്ട്രീയ പ്രമാണിമാരേയും നാം ഇവിടെ കണ്ടുമുട്ടുന്നു. ചരിത്രപുസ്തകത്തിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ട കുറേ സാധാരണക്കാരേയും നാം കണ്ടുമുട്ടുന്നു. തങ്ങളുടെ റോളുകളിൽ കാലകാലങ്ങളായി പരാജയപ്പെട്ടുപോന്നിട്ടുള്ള ഇവർക്ക്‌ വിജയികളുടെ വീരചരിത്രമെഴുതിയ പുസ്തകത്തിലെവിടെ സ്ഥാനം?

നാട്ടുപ്രമാണിയായ ഹാജിയുടെ വെപ്പാട്ടിയാകുവാൻ നിർബ്ബന്ധിതയാകുന്ന, അയാൾക്ക്‌ അവളുടെ ശരീരം മടുത്തുതുടങ്ങിയപ്പോൾ ഗ്രാമ വേശ്യയായി പരിണമിക്കുന്ന ചീരു ചരിത്ര ഗതിയിൽ സംഭവിച്ച വിപ്ലവകരമായ മാറ്റത്തെ അറിയുകപോലും ചെയ്യാതെ തന്റെ കാലം കഴിച്ചവളാണ്‌. ബാർബ്ബർ കേശവനാവട്ടെ മാറ്റമെന്ന പ്രക്രിയയെ ആവേശത്തോടെ സ്വീകരിച്ച്‌ അതിൽ പങ്കാളിയാകുവാൻ ഇറങ്ങിത്തിരിച്ചവനാണ്‌. വിപ്ലവം വന്നാലും സൂര്യൻ പടിഞ്ഞാറുദിച്ചാലും അമ്പട്ടനെന്നും അമ്പട്ടൻ തന്നെയായിരിക്കുമെന്ന് സ്വന്തം സഖാവിൽനിന്നുത്തന്നെ തിരിച്ചറിഞ്ഞ കേശവന്റെ മോഹഭംഗത്തിനുനേരെയും ചരിത്ര പുസ്തകങ്ങൾ കണ്ണടക്കുന്നു. അങ്ങനെ മനസ്സിൽത്തട്ടിനിൽക്കുന്ന കുറെ കഥാപാത്രങ്ങൾ.

പാലേരി ഗ്രാമത്തിന്റെ ഹൈസ്കൂൾ ഈ ചിത്രത്തിലെ ശക്തമായ ബിംബമാണ്‌. കേശവന്റെ ഭാഷയിൽ പറഞ്ഞാൽ മാണിക്യത്തിന്റെ ശവശരീരത്തിനുമേൽ പണിത വിദ്യാലയം. മാണിക്യം കൊലക്കേസിലെ എല്ലാ തെളിവുകളും തനിക്കെതിരാണെന്ന് മനസ്സിലാക്കുന്ന ഹാജി കേസ്സിൽനിന്നും തലയൂരുവാനായി പാർട്ടി നേതാവായ ടി.കെ.ഹംസയുമായി ഒരു കരാറിലേർപ്പെടുന്നു. തനിക്കനുകൂലമായി കേസിന്റെ വഴിതിരിച്ചുവിടുന്നതിന്‌ അയാൾ പാർട്ടിക്ക്‌ തന്റെ പത്തേക്കർ ഭൂമി വിട്ടുനൽകുന്നു. ആ ഭൂമിയിൽ ഇന്ന് പാലേരിയിലെ ഹൈസ്കൂൾ തലയുയർത്തിനിൽക്കുന്നു. ശ്രദ്ധയോടെ ശ്രവിച്ചാൽ തലമുറകളെ വിദ്യാസമ്പന്നന്മാരും സംസ്കാരസമ്പന്നന്മാരും ആക്കിതീർത്ത ഈ വിദ്യാലയത്തിന്റെ അടിവാരത്തുനിന്നും മാണിക്യങ്ങളുടെ തേങ്ങലുകൾ കേട്ടെന്നു വരാം. മാനവ സംസ്കാരമെന്ന മനോഹര ആശയം മനുഷ്യക്രൂരതകളുടേയും പാപങ്ങളുടേയും മുകളിൽ കെട്ടിപ്പടുത്ത മണിമാളിക മാത്രമാണെന്ന് പാലേരിയിലെ ഹൈസ്കൂൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ സമാന്തര സിനിമ വിലകുറഞ്ഞ ഗുണദോഷകഥകളായി പരിണമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ജനപ്രിയ സിനിമയുടെ ചട്ടക്കൂട്ടിൽനിന്നും സാമാന്യം ആഴമുള്ളൊരു ചലച്ചിത്രം ഉണ്ടാവുന്നത്‌ ആശ്വാസകരമായ കാഴ്ചയാണ്‌. 

സൗന്ദര്യവത്കരിക്കപ്പെടുന്ന ആസുരത



30 comments
അറ്റം വളഞ്ഞ കൊടുവാൾ ആഞ്ഞുവീശുമ്പോൾ അത്‌ വായുവിൽ സൃഷ്ടിക്കുന്ന ശബ്ദവും, അത്‌ ഒരുവന്റെ നെഞ്ചിൽ തുളഞ്ഞു കയറുമ്പോൾ ചിന്തുന്ന ചുടു ചോരയും, അവന്റെ പിടച്ചിലും, ചോരയിൽക്കുളിച്ച കബന്ധങ്ങളുമെല്ലാം തമിഴകത്തെന്നപോലെ മലയാളക്കരയിലും ചലച്ചിത്ര പ്രേമികളെ ആവേശഭരിതരാക്കുന്ന കാലമാണിത്‌. തമിഴന്‌ ഇതൊരു പഴയ ശീലത്തിന്റെ ഭാഗമാണെങ്കിൽ മലയാളിക്ക്‌ ലഭിച്ച പുത്തൻ സൗന്ദര്യബോധമാണ്‌ ഒഴുകുന്ന ചോരയുടെ ദൃശ്യചാരുത, ആയുധം പ്രയോഗിക്കപ്പെടുവാനുള്ളതാണെന്ന തിരിച്ചറിവ്‌.

തമിഴകത്തുന്നിന്നുമെത്തി മലയാളി പ്രേക്ഷകന്റെ ഹൃദയം കീഴടക്കിയ ചില അത്ഭുത സിനിമകളെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌, പ്രധാനമായും 'പരുത്തിവീരൻ', 'സുബ്രഹ്മണ്യപുരം' എന്നീ ചിത്രങ്ങളേക്കുറിച്ച്‌.

കാലങ്ങളായി തമിഴ്‌ സിനിമകളിൽക്കൂടി കണ്ടു പരിചയിച്ച മധുരയിലെ തേവന്മാരുടെ ജാതീയതയും കുടിപ്പകയും അതിൽനിന്നും ഉത്ഭവിക്കുന്ന അതിഭയങ്കരമായ വയലൻസും എല്ലാമടങ്ങുന്ന  കഥാപരിസരം തന്നെയാണ്‌ 'പരുത്തിവീര'ന്റെയും. തന്നെ കുട്ടിക്കാലത്ത്‌ മരണത്തിൽനിന്നും രക്ഷിച്ച നായകനോടുള്ള തീവ്രപ്രണയത്തിൽ അയാൾക്കുവേണ്ടി ജീവൻ ത്യജിക്കുവാൻ തയ്യാറായി നിൽക്കുന്നവളാണ്‌ ഉയർന്ന ജാതിയിൽ പിറന്ന സമ്പന്നയായ നായിക. സങ്കരജാതിക്കാരനായി പിറന്ന കഠോര ഹൃദയനായ നായകനാവട്ടെ അടിപിടി, വെട്ട്‌, കുത്ത്‌ തുടങ്ങിയ കലകളിലുള്ള ആസക്തിമൂലം നായികയുടെ പ്രണയത്തെ അവഗണിക്കുന്നു. നായികയുടെ പ്രണയത്തിലും കണ്ണീരിലും അലിഞ്ഞ്‌ മാനുഷിക ഭാവങ്ങൾ പ്രകടമാക്കിത്തുടങ്ങുന്ന നായകനേയും നായികയേയും പക്ഷെ കാത്തിരിക്കുന്നത്‌ അതിദാരുണമായ അന്ത്യമാണ്‌.

'സുബ്രഹ്മണ്യപുര'വും ഒരു പ്രണയ കഥ തന്നെയാണ്‌. മധുര തന്നെയാണ്‌ ഈ ചിത്രത്തിന്റെയും പശ്ചാത്തലം. വിശേഷിച്ച്‌ തൊഴിലുകളൊന്നും ചെയ്യാതെ അലസമായി ജീവിതം നയിക്കുന്ന ഒരു സംഘം ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ്‌ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്‌. ചെറിയ ചെറിയ കുറ്റകൃത്യങ്ങളിൽ ആരംഭിച്ച്‌ വലിയ കുറ്റകൃത്യങ്ങളിലേക്ക്‌ ഇവരുടെ ജീവിതം നീങ്ങുന്നു, ഒരു തിരിച്ചുപോക്കിന്‌ ഇടമില്ലാത്ത വിധം. ഒടുവിൽ തങ്ങൾ അകപ്പെട്ട വയലൻസിന്റെ ലോകത്തുതന്നെ അവർക്ക്‌ അവരുടെ ജീവിതം ഹോമിക്കേണ്ടി വരുന്നു. 

സുപരിചിതങ്ങളായ കഥാസന്ദർഭങ്ങളിൽക്കൂടി വികസിക്കുന്ന ഈ ചിത്രങ്ങൾ, പക്ഷെ, അവയുടെ ആഖ്യാന രീതിയിൽ വ്യത്യസ്തത്തയും പുതുമയും പുലർത്തുന്നുണ്ട്‌ എന്നത്‌ സത്യം തന്നെ. ഇരുചിത്രങ്ങളുടെയും അന്ത്യരംഗങ്ങളിൽ അവയിലെ നായകന്മാർക്ക്‌ നേരിടേണ്ടിവരുന്ന ദാരുണമായ അന്ത്യവും ശരാശരി ജനപ്രിയ സിനിമകളിൽനിന്ന് ഇവയെ വേറിട്ട്‌ നിർത്തുന്നു. വാളെടുത്തുവൻ വാളാലെ എന്ന 'സന്ദേശവും' ഈ ചിത്രങ്ങൾ നൽകുന്നു. ഈ ചിത്രങ്ങളിലെ സൗന്ദര്യവത്കരിക്കപ്പെട്ട, ഹരം പിടിപ്പിക്കുന്ന, രൂക്ഷമായ വയലൻസ്‌ തന്നെയാണ്‌ ഈ ചിത്രങ്ങളെ ജനപ്രിയമാക്കിയതെന്ന സത്യം ഈ ചിത്രങ്ങളെക്കുറിച്ച്‌ മുമ്പ്‌ പറഞ്ഞ എല്ലാ മേന്മകളെയും പിന്നാമ്പുറത്തേക്ക്‌ തള്ളുന്നു എന്നതും സത്യം തന്നെ. 

നമ്മുടെ പടിഞ്ഞാറൻ മാതൃകകൾ
വയലൻസിന്റെ വാണിജ്യമൂല്യം ഹോളിവുഡിനോളം മനസ്സിലാക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്ത മറ്റൊരു സിനിമാവ്യവസായം ലോകത്തെവിടെയും ഉണ്ടാവില്ല. എണ്ണത്തിലനവധിയുള്ള ഹോളിവുഡ്‌ ക്രൈം ത്രില്ലറുകളെപ്പറ്റി പറയുമ്പോൾ 'Pulp Fiction', 'Kill Bill', 'Reservoir Dogs' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ Quentin Tarantino നെ പറ്റി എടുത്ത്‌ പറയേണ്ടതുണ്ട്‌. രൂക്ഷമായ വയലൻസ്‌ തന്റെ സിനിമകളിൽ കാട്ടുന്നതിൽ തത്പരനായ അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നു: "That's why Thomas Edison created the motion picture camera - because violence is so good. It affects audiences in a big way. You know you're watching a movie." Tarantino വിനെപ്പോലുള്ളവരിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ടാവണം രാം ഗോപാൽ വർമ്മയെപ്പോലുള്ളവർ ഇന്ത്യൻ സ്ക്രീനുകളിൽ രക്തപ്രളയം സൃഷ്ടിച്ചത്‌. 

വയലൻസിന്റെ ഉപയോഗത്തിലും സ്റ്റൈലൈസേഷനിലും മേൽപ്പറഞ്ഞ ഹോളിവുഡ്‌ ചലച്ചിത്രങ്ങൾക്കെല്ലാം ഒരുപടി മുകളിൽ വർത്തിക്കുന്നു Fernand Meirelles, Katia Lundഎന്നിവർ ചേർന്നൊരുക്കിയ 'City of God' എന്ന ബ്രസീലിയൻ ചിത്രം. ലോകമെമ്പാടും ഒരു ഹ്രസ്വകാലത്തേക്ക്‌ തരംഗമുണ്ടാക്കിയ ഈ ചിത്രം തന്നെയാവണം മുമ്പ്‌ വിവരിച്ച തമിഴ്‌ ചിത്രങ്ങൾക്കുപ്പിന്നിലെ ഊർജ്ജ സ്രോതസ്സ്‌.


ബ്രസീലിലെ കുപ്രസിദ്ധമായ ഫാവെല്ല ചേരികളിൽ അരങ്ങേറുന്ന ഗാംഗ്‌ യുദ്ധങ്ങളുടെ കഥ പറയുന്നു 'City of God'. വളരെയധികം കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. മാനുഷികമായ ഒന്നും തന്നെ ഈ കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നില്ല. യഥാർത്ഥത്തിൽ ലിയോ-ഡി-ജനറോയിലെ ആ വൻ ചേരിയിൽ ഒരുതരം അസംബന്ധാവസ്ഥയിൽ അഴിഞ്ഞാടുന്ന ഭീകരമായ അക്രമവുമായി ഈ കഥാപാത്രങ്ങൾക്കുള്ള ബന്ധത്തിലൂടെയാണ്‌ അവരുടെ അസ്തിത്വംത്തന്നെ നിർവ്വചിക്കപ്പെടുന്നത്‌. ഏതുനിമിഷവും തനിക്ക്‌ ചുറ്റുമുള്ള ആരിൽനിന്നും ഉതിർന്നേക്കാവുന്ന വെടിയുണ്ടയാൽ തന്റെ അന്ത്യം സംഭവിച്ചേക്കാം എന്ന അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ഈ കഥാപാത്രങ്ങൾ തങ്ങളുടെ ജീവൻ നിലനിർത്തുക എന്ന പ്രാധമിക ദൗത്യത്തിൽ വയലൻസിന്റെ വഴി തേടുന്നു. അങ്ങനെ ഫാവെല്ലയിൽ കൊല്ലുക-ചാവുക എന്നീ പ്രക്രിയകൾ മാത്രം സംഭവിക്കുന്നു. 

ഈ ചിത്രം അതിലെ കഥാപാത്രങ്ങളോട്‌ തികഞ്ഞ നിസ്സംഗത (detachment) പുലർത്തുന്നു. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഷോട്ടുകളുടെ കുത്തൊഴുക്കിൽ പ്രേക്ഷകന്‌ ഒരു കഥാപാത്രത്തേയും വ്യക്തമായി മനസ്സിലാക്കുവാനോ അവരോട്‌ ഒരുതരത്തിലുമുള്ള അനുതാപം ഉണർത്തുവാനോ ഇടം നൽകുന്നില്ല എന്നതിനാൽ ആക്രമിക്കപ്പെടുന്നവന്റെ വേദന അവനിൽ ഒരു ചലനവും സൃഷ്ടിക്കപ്പെടുന്നില്ല. മാത്രമല്ല, വയലൻസിന്റെ സൗന്ദര്യവത്ക്കരണത്തിലൂടെ വയലൻസ്‌ എന്ന അവസ്ഥയോട്‌ പ്രേക്ഷകന്‌ ഹരം കലർന്ന ഇഷ്ടം തോന്നുന്നുമുണ്ട്‌. 

പ്രണയം, കുടുംബബന്ധങ്ങൾ, വൈകാരികത തുടങ്ങിയ ഘടകങ്ങളെ മാറ്റിനിർത്തി ഇന്ത്യൻ കാലാവസ്ഥയിൽ സിനിമകൾക്ക്‌ നിലനിൽപ്പില്ല എന്ന സത്യം തമിഴ്‌ സിനിമയുടെ ഇന്നത്തെ പുതുവസന്തത്തിന്റെ സൂത്രധാരന്മാരും അംഗീകരിക്കുന്നു. 'City of God'ന്റേതു പോലുള്ള തീമുകൾ നമ്മുടെ നാട്ടിലേക്ക്‌ പറിച്ചുനടുമ്പോൾ അനിവാര്യങ്ങളായ ഇത്തരം ചേരുവകൾ ചേർക്കപ്പെടുന്നു. 

മനുഷ്യൻ പ്രകൃത്യാ അക്രമോത്സുകനാണെന്നും അവൻ പുറമേ പ്രദർശിപ്പിക്കുന്ന സമാധാനപ്രിയതയും സംസ്കാരസമ്പന്നതയും എപ്പോൾ വേണമെങ്കിലും അടർന്നു വീണേക്കാവുന്ന ദുർബലമായ പുറംതോടു മാത്രമാണെന്നും പറയപ്പെടുന്നു. നമ്മുടെ തന്നെ കൊച്ചു ജീവിതങ്ങളിലെ ചെറിയ ചെറിയ കാര്യങ്ങൾ മുതൽ ചരിത്രത്തിലെ ഭീതിജനകങ്ങളായ മുഹൂർത്തങ്ങൾ വരെ ഉദാഹരിച്ച്‌ ഇത്‌ സ്ഥാപിക്കുവാൻ സാധിക്കും. മനുഷ്യന്റെ ഈ ഭീകര മുഖം തുറന്നു കാട്ടുന്ന സിനിമകൾ സ്വാഭാവികമായും വയലന്റ്‌ ആയിരിക്കുമെന്ന് ഇത്തരം സിനിമകളെ പ്രകീർത്തിക്കുന്നവർ വാദിക്കുന്നു. സത്യത്തിൽ മനുഷ്യ സ്വഭാവത്തിന്റെ ബീഭത്സത തുറന്നു കാട്ടുവാൻ ഇത്തരം ചിത്രങ്ങൾക്ക്‌ സാധിക്കുന്നുണ്ടോ? ഇല്ലെന്നുതന്നെ വേണം കരുതുവാൻ. വയലൻസിന്റെ സ്റ്റൈലൈസേഷൻ വഴി ഈ ചിത്രങ്ങൾ ബഹുജന ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ മനുഷ്യ സ്വഭാവത്തിന്റെ ബീഭത്സത എന്ന കാതലായ വിഷയം പിന്നാമ്പുറത്തേക്ക്‌ മാറുകയും വയസൻസ്‌ സൗന്ദര്യവത്കരിക്കപ്പെടുകയും ചെയ്യപ്പെടുന്നു. വയലൻസിന്‌ എന്റർറ്റൈൻമന്റ്‌ മൂല്യം സൃഷ്ടിക്കപ്പെടുന്നു എന്ന ഭീതിജനകമായ സ്ഥിതിവിശേഷം ഇവിടെ സംജാതമാകുന്നു. 

ലാഭമാണ്‌ മൂലധനത്തിന്റെ ഒരേ ഒരു ലക്ഷ്യം, ലാഭത്തിലേക്കുള്ള ഏതു മാർഗ്ഗത്തിനും സാധൂകരണവുമുണ്ട്‌. മൂലധനത്തിന്റെ കലയായ സിനിമയിലും സ്ഥിതി മറിച്ചല്ല. ജാതി-മത-വർഗ്ഗ-ഭാഷാ ഭേതമന്യേ മനുഷ്യനിലൊളിഞ്ഞിരിക്കുന്ന ആസുരതയെ തൃപ്തിപ്പെടുത്തി അവനിലെ ക്ഷുദ്ര വികാരങ്ങളെ (sadistic pleasure) ബഹിർഗ്ഗമിക്കുവാനുള്ള വഴിയൊരുക്കുന്നു സൗന്ദര്യവത്കരിക്കപ്പെടുന്ന വയലൻസ്‌. ഭാഷാ-ദേശ വ്യത്യാസമില്ലാതെ ഇത്തരം ചിത്രങ്ങളെ ആൾക്കൂട്ടം തോളിലേറ്റുന്നു. അവയുടെ ആകാര സൗകുമാര്യത്തെ നിരൂപകർ പ്രശംസിക്കുന്നു. മൂലധന സിനിമകൾ അവയുടെ പരമമായ ലക്ഷ്യം കൈവരിക്കുന്നു. മനുഷ്യന്റെ ക്ഷുദ്ര വികാരങ്ങൾക്ക്‌ പൂർണ്ണതൃപ്തി എന്നൊരവസ്ഥ ഉണ്ടാവാനിടയില്ലാത്തതിനാൽ അവൻ കൂടുതൽ കൂടുതൽ ഇമ്പമാർന്ന ദൃശ്യങ്ങൾക്കു പിറകേ പായുന്നു. പഠനങ്ങളുടെയും മറ്റും വെളിച്ചത്തിൽ ഇത്തരം സിനിമകൾ മനുഷ്യനിൽനിന്നും വാർത്തിക്കളയുന്ന സേൻസിറ്റിവിറ്റിയെപ്പറ്റി പരിതപിക്കുന്നവരെ നോക്കി ആൾക്കൂട്ടം പരിഹസിക്കുന്നു.  

തമിഴ്‌ നാട്ടിലും കേരളത്തിലും തരംഗം സൃഷ്ടിച്ച 'പരുത്തിവീര'നേയും 'സുബ്രഹ്മണ്യപുര'ത്തിനേയും ജനങ്ങളെങ്ങിനെയാണ്‌ സ്വീകരിച്ചത്‌? 'പരുത്തിവീര'ന്റെ സഹസംവിധായകനായും 'സുബ്രഹ്മണ്യപുര'ത്തിന്റെ സംവിധായകനായും അതിനുശേഷം പുറത്തിറങ്ങിയ ഇതേ ജാനസ്സിൽപ്പെട്ട നിരവധി ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിക്കുകയും ചെയ്ത ശശികുമാർ തന്നെ ഇതിന്‌ ഉത്തരം പറയുന്നു: "തമിഴ്‌നാട്ടിലെ പ്രേക്ഷകൻ ഏതൊക്കെ രംഗങ്ങൾ കാണുമ്പോഴാണോ ആവേശത്തോടെ കൈയടിച്ചിരുന്നത്‌ അതേ രംഗങ്ങൾ വരുമ്പോഴായിരുന്നു കേരളത്തിലെ പ്രേക്ഷകരും കൈയടിച്ചിരുന്നത്‌. ക്രൂരമായ രംഗങ്ങളിൽ വെച്ച്‌ ഏറ്റവും തീക്ഷ്ണം കഴുത്തറക്കുന്നതായിരുന്നല്ലോ. ആ രംഗം വരുമ്പോൾ തമിഴ്‌നാട്ടിലെ എല്ലാ തിയറ്ററിലും ശക്തമായ കൈയടിയായിരുന്നു." ('മാതൃഭൂമി' ആഴ്ചപ്പതിപ്പ്‌, ഒക്ടോബർ 2008). ഒരുവന്റെ കഴുത്തറക്കുന്ന ബീഭത്സമായ ദൃശ്യം പ്രേക്ഷകന്റെ ശക്തമായ കൈയടിക്ക്‌ കാരണമാക്കുന്നുണ്ടെങ്കിൽ അതിനുപിന്നിലെ ഭയാനകമായ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ വിശദമായ ചർച്ചകൾക്ക്‌ വിധേയമാകേണ്ടിയിരിക്കുന്നു. 

മലയാള സിനിമയും കാലത്തിനൊപ്പം ഓടി എത്തുന്നു
ഒരുവൻ അവന്റെ പാതി ദാരിദ്ര്യത്തെ മറക്കുക അവന്റെ അയൽവാസിയുടെ മുഴു ദാരിദ്ര്യം കാണുമ്പോഴാണല്ലോ. തമിഴ്‌, തെലുങ്ക്‌, കന്നട സിനിമകളിലെ വിഡ്ഢിത്തങ്ങളെ പരിഹസിച്ചും മലയാള സിനിമയുടെ ചില ചെറു ഘടകങ്ങളെ ഊതിപ്പെരുപ്പിച്ചും വാനോളം പുകഴ്ത്തിയും കാലം കഴിച്ചുകൂട്ടിയ മലയാളി പ്രേക്ഷക-നിരൂപക സമൂഹത്തിന്‌ മുമ്പിൽ മേൽപ്പറഞ്ഞ തമിഴ്‌ സിനിമകൾ ഒരിടിത്തീപോലെ വന്നു പതിച്ചു. സിനിമയണിയുന്ന കുപ്പായങ്ങളുടെ പളപളപ്പിൽ മാത്രം ശ്രദ്ധാലുക്കളായ ഇവർ ഈ പുതിയ ചിത്രങ്ങൾ മുമ്പോട്ടുവെച്ച പുതുമയും ഭംഗിയും കണ്ട്‌ മോഹാലസ്യപ്പെട്ടു. നമ്മുടെ നിരൂപകർ തമിഴ്‌ സിനിമയുടെ ഈ പുതുവസന്തത്തെ ബിംബവത്കരിച്ച്‌ സിനിമയുടെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. മലയാള സിനിമാ പ്രവർത്തകരോട്‌ ഈ ചിത്രങ്ങളെ "കണ്ടു പഠിക്കൂ, കണ്ടു പഠിക്കൂ" എന്നവർ അലമുറയിട്ടു. "ലക്ഷണമൊത്ത ഗ്യംഗ്സ്റ്റർ സിനിമകൾ" മലയാളത്തിലുണ്ടാവത്തതിൽ പരിതപിച്ചു. 

കാലത്തിന്റെ അനിവാര്യത എന്നൊക്കെ പറയും പോലെയാണ്‌ കൽക്കട്ടയിലെ സിനിമാ പഠനത്തിനും മുംബയിലെ ചലച്ചിത്ര പ്രവർത്തനത്തിനും ശേഷം അമൽ നീരദ്‌ മലയാള സിനിമയിൽ അവതരിക്കുന്നത്‌. അമൽ നീരദിന്റെ ആദ്യ ചിത്രമായ "ബിഗ്‌ B"യിലെ സ്റ്റൈലൈസ്ഡ്‌ വയലൻസ്‌ സ്റ്റണ്ട്‌ എന്നറിയപ്പെടുന്ന വെറും അടിപിടികൾ മാത്രം കണ്ട്‌ ശീലിച്ച മലയാളി യുവതയെ വലിയൊരളവിൽ സ്വാധീനിച്ചു. "ബിഗ്‌ B"ക്ക്‌ ശേഷം പുറത്തിറങ്ങിയ അമൽ നീരദിന്റെ രണ്ട്‌ ചിത്രങ്ങളും തന്റെ ആദ്യചിത്രത്തിന്റെ മൂശയിൽത്തന്നെ വാർത്തവയാണ്‌. അമലിന്റെ ചിത്രങ്ങളുടെ ദൃശ്യ ചാരുതയിൽ മയങ്ങിപ്പോയവർ അദ്ദേഹത്തിന്‌ ഇന്നേവരെ ഉൾക്കാമ്പുള്ളൊരു ചിത്രം നിർമ്മിക്കുവാൻ സാധിച്ചിട്ടില്ലെന്ന സത്യം വിസ്മരിക്കുന്നു.

മലയാളികളെ ദശാബ്ദങ്ങളായി തന്റെ "കുടുംബ ചിത്രങ്ങൾ" വഴി കണ്ണീർ കുടിപ്പിച്ചിട്ടുള്ള സിബി മലയിലാണ്‌ അദ്ദേഹത്തിന്റെ 'അപൂർവ്വരാഗ'ത്തിലൂടെ നമ്മുടെ പ്രേക്ഷക- നിരൂപക സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്‌. 'പരുത്തിവീര'നിലും മറ്റും നാം കണ്ട കൊടുവാളുകൾക്കു പകരം തോക്കുകൾ ഇവിടെ കഥ പറയുന്നു, ബ്രസീലിലെ ഫാവല്ലയിൽന്നിന്ന് നേരിട്ട്‌ ഇറക്കുമതി ചെയ്ത പോലെ. തമിഴന്റെ ഗ്രാമീണ സൗന്ദര്യം നഗര സൗന്ദര്യമായി പരിണമിക്കുന്നു ഇവിടെ. ഒരു കോളജ്‌ പൈങ്കിളി ചിത്രമായി ആരംഭിക്കുന്ന 'അപൂർവ്വരാഗം' പാതിവഴിയിൽ പൊടുന്നനെ അഭ്രപാളികളിൽ രക്തം ചിന്തുവാൻ തുടങ്ങുന്നു. മലയാള സിനിമയും അതിന്റെ ആസുരഭാവം പ്രകടമാക്കുന്നു. ഈ ചിത്രത്തിന്‌ ലഭിച്ച ജനസ്സമ്മതിയും നിരൂപക പ്രശംസയും മലയാള സിനിമയുടെ പുതുയുഗത്തിന്റെ സൂചന നൽകുന്നു. 

അമാനുഷ - ഫ്യൂഡൽ കഥകളുടെ വാണിജ്യ സാധ്യത മനസ്സിലാക്കിയ മലയാള സിനിമ 'നരസിംഹ'ത്തിലെത്തി നിന്ന കാഴ്ച നമുക്ക്‌ മറക്കുവാൻ സമയമായിട്ടില്ല. നരസിംഹാവതാരത്തിനുശേഷം ഇനിയെന്ത്‌ എന്ന പ്രതിസന്ധിയിലെത്തിച്ചേർന്നതുപോലെ സ്റ്റൈലൈസ്ഡ്‌ വയലൻസിന്റെ പുതിയ ട്രന്റും മറ്റൊരു പ്രതിസന്ധിയെ ഒരുകാലത്ത്‌ നേരിട്ടേക്കാം. പക്ഷെ, അപ്പോഴേക്കും പ്രേക്ഷക സംവേദനക്ഷമതയുടെ മറ്റൊരു താഴ്ചയും സംഭവിച്ചിരിക്കും.
     
newer post