ഇനി ഞാഞ്ഞൂലുകളുടെ കാലം...



5 comments

“വിദേശ ലേഖകന്മാർ തീട്ടം കണ്ടു മടങ്ങിയതിനുശേഷം സ്വദേശികൾ പാത്രത്തിനു ചുറ്റും തിരക്കിക്കൂടി. തീട്ടത്തിന്റെ കൊച്ചു തരിമ്പുകൾ മാന്തിയെടുത്ത് രുചിക്കുവാൻ തുടങ്ങി. ‘ഗാംഭീര്യമുള്ളത്’ ഒരുത്തൻ പറഞ്ഞു.”


- ധർമ്മപുരാണം, ഒ.വി.വിജയൻ




ഇത് ഗ്രഹണകാലം, ഞാഞ്ഞൂലുകളുടെ വസന്തകാലം. ഏറെനാളായി അർമ്മാദത്തിന്റെ ലഹരിയിൽ തുള്ളിക്കളിച്ചുകൊണ്ടിരുന്ന ഞാഞ്ഞൂൽക്കുഞ്ഞുങ്ങൾ തങ്ങൾക്ക് മുമ്പിൽ വിശ്വരൂപം പൂണ്ട് തലയുയർത്തിനിൽക്കുന്ന ഞാഞ്ഞൂൽ ദൈവത്തെ കണ്ട് എതാണ്ട് നിർവ്വാണാവസ്ഥയിൽ എത്തി നില്ക്കുന്ന സമയമാണ്‌ ഇപ്പോൾ.

‘കൃഷ്ണനും രാധയും’ എന്ന തന്റെ ‘സൃഷ്ടി’യുമായി എത്തിയ സന്തോഷ് പണ്ഡിറ്റ് എന്ന അവതാരം മലയാളിക്ക് മുമ്പിൽ വിചിത്രമായൊരു സമസ്യയായി മാറിയിരിക്കുന്നു. ഈ ചിത്രത്തെ ഒരാഘോഷമാക്കിമാറ്റിയ മലയാളി പ്രേക്ഷകൻ അവനെ ഈ ചിത്രം എങ്ങനെ ആവേശിച്ചു എന്ന് സ്വയം ആലോചിച്ച് അന്ധാളിച്ച് നിൽക്കുന്നു. മുമ്പെങ്ങും കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ ഒരു ചലച്ചിത്രം കണുക എന്ന പ്രവർത്തിയെ പ്രേക്ഷകൻ ഉറക്കെ ന്യായീകരിക്കുന്നു. പലയിടത്തുനിന്നായി കേട്ട അവരുടെ വാക്കുകളെ വിശ്വസിക്കാമെങ്കിൽ വളരെ വ്യക്തവും വ്യത്യസ്തവുമായ ഉദ്ദേശ്യങ്ങളോടെയാണ്‌ ഇവർ ‘കൃഷ്ണനും രാധയും’ കാണുവാൻ തടിച്ചുകൂടിയത്. നിലവിലുള്ള നമ്മുടെ സിനിമയുടെ നിലവാരത്തകർച്ചയിൽ പ്രതിഷേധിക്കുവാൻ, വ്യവസ്ഥാപിതമായ എല്ലാത്തിനേയും തകർത്തെറിയുവാൻ കച്ചകെട്ടിയിറങ്ങിയ അഭിനവ ചെഗ്വേരമാരാണ്‌ ഇതിൽ ഒരു കൂട്ടർ. മൂന്നുമണിക്കൂറോളം നിർത്താതെ മനസ്സറിഞ്ഞ് കൂവുവാനും പച്ചമലയാളത്തിൽ പുളിച്ച തെറി വിളിക്കുവാനുമുള്ള സുവർണ്ണാവസരം മുതലെടുക്കുവാൻ എത്തിയവരാണ്‌ മറ്റൊരുകൂട്ടർ. പദ്മരാജന്റെ സിനിമ പദ്മരാജന്റെ സിനിമ കാണുന്നതുപോലെയും പണ്ഡിറ്റിന്റെ സിനിമ പണ്ഡിറ്റിന്റെ സിനിമ കാണുന്നതുപോലെയും കാണുവാനുള്ള അത്ഭുത വിദ്യ കൈവശമുള്ളവരാണ്‌ മറ്റൊരു കൂട്ടർ. തങ്ങളുടെ സംവേദന നിലവാരത്തിലേക്ക് ഇറങ്ങിവന്ന് തങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട സിനിമാ ദൃശ്യങ്ങൾ വലിയ സ്ക്രീനിൽ കണ്ട് ആനന്ദപുളകിതരാവാൻ എത്തിയവരാണ്‌ മറ്റൊരുകൂട്ടർ. അങ്ങനെ വിവിധോദ്ദേശ്യങ്ങളുമായി തിയറ്ററുകളിൽ സമ്മേളിച്ച ഇവർ എല്ലാ വ്യത്യാസങ്ങളും മറന്ന്, തോളോടു തോൾ ചേർന്ന്, കൈകോർത്ത്, ആഹ്ലാദിച്ച്, അർമ്മാദിച്ച് സംഘനൃത്തം ചവിട്ടുന്ന അത്ഭുതകാഴ്ചകളാണ്‌ ഇന്ന് നാം കാണുന്നത്. തന്റെ ചിത്രത്തിന്റെ ഈ ചരിത്രവിജയത്തിനു പിന്നിലെ പ്രേക്ഷകനെ വളരെ വ്യക്തമായി മനസ്സിലാക്കിയ സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ തങ്കലിപികളിൽ എഴുതി നമുക്ക് ചില്ലിട്ടു വെക്കാം: “ഒരു ജനത അർഹിക്കുന്ന നിലവാരത്തിലുള്ള സിനിമകൾ അവർക്ക് ലഭിക്കുകതന്നെ ചെയ്യും. ഞാൻ അവർക്ക് പകർന്നു നൽകിയത് മറ്റൊന്നുമല്ല. എന്റെ ചിത്രത്തിന്റെ വിജയം എന്നെ അത്ഭുതപ്പെടുത്തുന്നില്ല.“


മധ്യവർഗ്ഗ അർമ്മാദത്തിന്റെ കേരളം
തിരുവനന്തപുരം ചലച്ചിത്രമേളയിൽ അലക്സാണ്ടർ സോഖറോവിന്റെ ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ തൊട്ടുപിന്നിൽ ഇരുന്ന രണ്ടു ചെറുപ്പക്കാർ തമ്മിൽ നടന്ന സംഭാഷണം ചെവിയിൽപ്പേട്ടു. ”ഏതവനടേ ഇവനെ ക്യാമറ പ്ലേസ് ചെയ്യാൻ പഠിപ്പിച്ചത്“. സുഹൃത്തിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് അടുത്തിരുന്നയാൾ പറഞ്ഞു: ”അതെ അതെ, സിനിമാറ്റിക്കായ ഷോട്ടുകൾ എടുക്കാൻ നമ്മൾത്തന്നെ ഇയാളെ പഠിപ്പിക്കേണ്ടി വരും“. കൂണുകൾ പോലെ മുളച്ചുവരുന്ന മീഡിയാ സ്കൂളുകളിൽ ഒന്നിൽ നിന്നുള്ള വിദ്യാർത്ഥികളാണ്‌ ഇവരെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. അല്പജ്ഞാനത്തിന്റെ ഈ ആഘോഷമാണ്‌ ഇന്ന് നാം എവിടെയും കാണുന്നത്. അറിവ് എന്ന് തെറ്റിധരിച്ച് വെട്ടിവിഴുങ്ങുന്ന informationന്റെ ആഘോഷം മുതൽ കള്ളുകുടിയുടേയും അപ്പിയിടലിന്റെയും ആഘോഷം വരെ നാം ദിവസവും കൊണ്ടാടുന്നു.  

ഒരു ജനത അനുഭവിക്കുന്ന ഒരു പ്രത്യേക അവസ്ഥയെ അല്ലെങ്കിൽ വികാരത്തെ നിലവിലുള്ള വാക്കുകൾക്കൊണ്ട് വിവരിക്കുവാൻ സാധിക്കാതെ വരുമ്പോൾ അവർ ആ അവസ്ഥയെ പൂർണ്ണമായും ഉൾക്കൊള്ളുന്ന പുതിയ വാക്കിനെ നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നു. അങ്ങനെ കുറച്ചു കാലമായി കേട്ടുവരുന്ന ഒരു വാക്കാണ്‌ ‘അർമ്മാദിക്കൽ’. അതെ, നമ്മൾ വെറും ആഘോഷങ്ങൾ എന്നേ നിർത്തിയിരിക്കുന്നു. നമുക്ക് നമ്മുടെ ജീവിതങ്ങൾ അർമ്മാദിക്കുവാനുള്ളതാണ്‌.

കേരളത്തിന്റേതു മാത്രമായ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ സവിശേഷതകൾ കൊണ്ടാവാം ഇന്ത്യയിൽ മറ്റെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഭൗതിക നേട്ടങ്ങൾ നമുക്ക് കൈവരിക്കുവാൻ സാധിച്ചത്. എന്നാൽ ഈ നേട്ടങ്ങൾക്കൊപ്പം മാനസികമായ വളർച്ച കൈവരിക്കുവാൻ നമുക്ക് സാധിച്ചില്ല എന്നതാണ്‌ നമുക്കുണ്ടായ ദുരന്തം. വാസ്തവത്തിൽ നമ്മിലെ ആത്മീയതയെ അടിച്ചമർത്തിയാണ്‌ ഭൗതികമായ നേട്ടങ്ങൾ നമ്മിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുന്ന നമ്മളിൽ നമ്മിലേക്ക് തന്നെ സ്വയം തിരിഞ്ഞ് നോക്കാനും സ്വയം മനസ്സിലാക്കുവാനുമുള്ള കഴിവ് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. നമ്മൾ voyeuristകളുടെയും exhibitionistകളുടെയും വലിയൊരു സമൂഹമായി മാറിയിരിക്കുന്നു. ഈ രണ്ട് അധമ വികാരങ്ങളുടെ വിചിത്രമായ സമ്മേളിക്കൽ നമ്മളിൽ സംഭവിച്ചിരിക്കുന്നു.


സാസ്കാരിക രംഗത്തെ അർമ്മാദം
ഈ ഗ്രഹണകാലത്ത് ഏറ്റവും അധികം ദുർഗ്ഗന്ധം വമിക്കുന്നത് സാസ്കാരിക രംഗത്തുനിന്നാണ്‌ (സാഹിത്യം, സിനിമ, മറ്റു കലാരൂപങ്ങൾ തുടങ്ങിയവയെ പരമ്പരാഗതമായി ഈ ഗണത്തിൽ ഉൾപ്പെടുത്താറുള്ളതുകൊണ്ട് ഇങ്ങനെ ഉപയോഗിച്ചു എന്നു മാത്രം). ഒരു സമൂഹത്തിൽ പടർന്നു പിടിക്കുന്ന മഹാരോഗത്തെ അതിന്റെ ആരംഭത്തിൽത്തന്നെ തിരിച്ചറിയേണ്ട ഭിഷഗ്വരന്മാരാവേണ്ട നമ്മുടെ സാംസ്കാരിക രംഗം ഇവിടെ നേരേ എതിർദിശയിലാണ്‌ പ്രവർത്തിക്കുന്നത് എന്നതാണ്‌ വാസ്തവം. യഥാർത്ഥത്തിൽ രോഗവാഹകരായി മാറിയിരിക്കുന്നു ഇവരിൽ പലരും. അസൂയ, പരസ്പര വിദ്വേഷം, അസഹിഷ്ണുത, ധാർഷ്ട്യം തുടങ്ങിയ വികാരങ്ങളാണ്‌ സാംസ്കാരിക രംഗത്തെ ഇന്ന് നയിക്കുന്നത്. സമൂഹത്തിന്റെ പൊതുവായ അർമ്മാദിക്കലിനേക്കാൾ വികൃതമായ കാഴ്ചയാണ്‌ നമ്മുടെ സാംസ്കാരിക നായകന്മാരുടെ അർമ്മാദിക്കൽ. ആ അർത്ഥത്തിൽ സന്തോഷ് പണ്ഡിറ്റ് നമ്മുടെ സാംസ്കാരിക രഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയാം.


സന്തോഷ് പണ്ഡിറ്റ് എന്ന സാംസ്കാരിക നായകൻ
യഥാർത്ഥത്തിൽ  ആരാണ്‌ ഈ സന്തോഷ് പണ്ഡിറ്റ്? നാം എന്തിന്‌ അദ്ദേഹത്തെ മാത്രം ക്രൂശിലേറ്റാൻ ശ്രമിക്കുന്നു?

മലയാള സിനിമ കാലങ്ങളായി ഉപയോഗിച്ച് പോന്നിട്ടുള്ള ചേരുവകൾ തന്നെയാണ്‌ ‘കൃഷ്ണനും രാധയിലും’ ഉള്ളത് എന്നതിൽ ആർക്കും തർക്കമുള്ളതായി തോന്നുന്നില്ല. കാലങ്ങളായി നാം കണ്ട് ശീലിച്ച നമ്മുടെ തന്നെ സിനിമയുടെ കാരിക്കേച്ചറായി ഈ സിനിമ മാറിയിരിക്കുന്നു എന്നതാണ്‌ ഇവിടെ സംഭവിച്ചത്. തങ്ങളുടെ സിനിമകളുടെ കലാരാഹിത്യത്തെ കൃത്രിമമായ ഗൗരവത്തിന്റെ, വാക് ചാതുര്യത്തിന്റെ പുകമറയാൽ മൂടിവെക്കുന്നതിൽ നമ്മുടെ സിനിമാക്കാർ വിജയിക്കുമ്പോൾ സന്തോഷ് പണ്ഡിറ്റ് തന്റെ പൊങ്ങച്ചം പറച്ചിൽ കൊണ്ട് സ്വയം expose ചെയ്യുന്നു. അങ്ങനെ അദ്ദേഹം നമ്മുടെ സിനിമാക്കാരുടെതന്നെ കാരിക്കേച്ചറായി നമുക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ഇനി, സ്വയം മഹത്വവത്കരിച്ച്, ഒരു മഹാസംഭവമായി സ്വന്തം ജീവിതങ്ങളെ കൊണ്ടാടുന്ന നമ്മുടെയൊക്കെ തന്നെ ഒരു കാരിക്കേച്ചറല്ലേ സന്തോഷ് പണ്ഡിറ്റ്? നമ്മുടെ സമൂഹത്തിന്റെ അർമ്മാദിക്കലിന്റെ നുരയും പതയും ബഹിർഗ്ഗമിക്കുവാനുള്ള വിചിത്രമായൊരു മാർഗ്ഗമായി മാറി ഈ കാരിക്കേച്ചർ കലാരൂപം എന്നതാവാ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഈ അത്ഭുത കാഴ്ചകൾക്ക് പിന്നിലെ ഒരു കാരണം. അതെ, കുരിശ് സന്തോഷ് പണ്ഡിറ്റിന്‌ മാത്രമായുള്ളതല്ല, നമ്മളൊരോരുത്തരും അദ്ദേഹത്തിനൊപ്പം കുരിശ് ചുമക്കേണ്ടതുണ്ട്.


ഗ്രഹണകാലത്തെ കാഴ്ചകൾ 
തന്നെ അകാരണമായി പ്രകോപിപ്പിച്ച ടെലിവിഷൻ അവതാരകനോട് പണ്ഡിറ്റ് പറഞ്ഞു: “താങ്കൾ ഈ ചിത്രം കണ്ടിട്ടില്ല. അതുകൊണ്ട് മാത്രമാണ്‌ താങ്കൾ എന്നെ വിമർശിക്കുന്നത്. സത്യത്തിൽ ഈ ചിത്രം മഹത്തരമാണ്‌”. ഇതേ വാക്കുകൾ തന്നെ അല്ലേ തന്റെ വിമർശകരോടുള്ള അസഹിഷ്ണുതയാൽ നമ്മുടെ സിനിമാ ആചാര്യനും വിളിച്ചുപറഞ്ഞത്? ലോകോത്തരങ്ങളായ ചലച്ചിത്രങ്ങളേ പറ്റി മഹദ്ഗ്രന്ഥങ്ങൾ രചിക്കുന്ന നിരൂപണശിരോമണിമാർ തന്നെയല്ലേ ഇവിടെ ഇറങ്ങുന്ന മുദ്രാവാക്യ സിനിമകൾക്കും മറ്റു ശരാശരി ചിത്രങ്ങൾക്കും ജയ് വിളിക്കുന്നത്? പണ്ഡിറ്റിന്റെ സിനിമയെ പറ്റി പാർശ്വവീകഷണം നടത്തി തന്റെ വാക് ചാതുരിയാൽ അദ്ദേഹത്തെ ഒരു മഹാസംഭവമായി അവതരിപ്പിച്ച നിരൂപകൻ തന്നെ  മീശപിരിച്ച് താണ്ഡവമാടിയ ഗജകേസരിയെ പ്രകീർത്തിച്ച് മഹാകാവ്യമെഴുതിയത് മറക്കാറായിട്ടില്ല. രണ്ടിടത്തും ഒരേ ന്യായങ്ങളുടെ വ്യത്യസ്ത ശൈലികൾ അവതരിപ്പിക്കപ്പെടുന്നു. അതെ, രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ നിലകൊണ്ടിരുന്ന പലതും mediocracyയുടെ തലത്തിൽ വന്ന് ലയിച്ച് ചേർന്നിരിക്കുന്നു എന്നതാണ്‌ ഈ ഗ്രഹണകാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.  ഇവിടെ നടക്കുന്നത് mediocracyയുടെ ആഘോഷമാണ്‌. നമ്മളെല്ലാം രൂപാന്തരം പ്രാപിച്ച് തിരിച്ചറിയാൻ വയ്യാത്തതരം, വ്യക്തിത്വം എന്നൊന്ന് ഇല്ലാത്തതരത്തിൽ, കോടിക്കണക്കിന്‌ ഫോട്ടോസ്റ്റാറ്റുകളായി മാറുന്ന കാലവും വന്നേക്കാം.

അതെ, ഇത് ഗ്രഹണകാലം, ഞാഞ്ഞൂലുകളുടെ ഉത്സവകാലം. ഡിനോസറും കീടവും പരസ്പരം കൈകോർത്ത് ഉന്മാദ നൃത്തം ചവിട്ടുന്ന അത്ഭുതകാലം.


രവിവർമ്മയുടെ മരം ചുറ്റലിന്റെ സാമൂഹ്യപ്രസക്തിയേപ്പറ്റി...



2 comments

വേഷവിധാനങ്ങളിലെ വ്യത്യസ്തത ഒഴിച്ചുനിർത്തിയാൽ മറ്റേതൊരു ഷാരുഖ് സിനിമയിലുമുള്ള പൈങ്കിളി പ്രേമവും മരം ചുറ്റലും മാത്രമാണ്‌ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അശോക’യിലുമുള്ളത്. ഇതേ സന്തോഷ് ശിവൻ നായകനായി എന്നതുകൊണ്ട് മാത്രം വ്യത്യസ്തമാകുന്ന ലെനിൻ രാജേന്ദ്രന്റെ ‘മകരമഞ്ഞ്’ കണ്ടപ്പോളാണ്‌  ഓർക്കുവാൻ ഇഷ്ടപ്പെടാത്ത ഈ ചിത്രത്തേക്കുറിച്ച് ഓർത്തുപോയത്. ‘അശോക’യിൽ മഹാനായ അശോക ചക്രവർത്തിയെ മരം ചുറ്റിച്ചപ്പോൾ ‘മകരമഞ്ഞി’ൽ ലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയെകൊണ്ടാണ്‌ ഇവർ മരം ചുറ്റിച്ചത്.

ഒരു കലാകാരന്റെ ആത്മസംഘർഷങ്ങൾ
“ഇതൊരു ജീവചരിത്ര സിനിമയല്ല. ചരിത്രവും വ്യക്തിയും അയാളുടെ മനസ്സും തമ്മിലുള്ള സംഘർഷങ്ങളെ കുറിച്ചാണ്‌ ഞാൻ പറയാൻ ശ്രമിച്ചത്. ഈ സിനിമയിൽ ഫാന്റസിയുടെ സാധ്യതകൾ തേടിയിട്ടില്ല. വസ്തുതകളെ അല്പം പോലും അതിഭാവുകത്വത്തിലേക്ക് കൊണ്ടുവരാനോ വെള്ളം ചേർത്ത് നേർപ്പിക്കാനോ കളവു പറയാനോ ശ്രമിച്ചിട്ടില്ല” (ലെനിൻ രാജേന്ദ്രനുമായുള്ള സംഭാഷണം ‘മാതൃഭൂമി ഓൺലൈനി’ൽ)


സംവിധായകൻ തന്റെ സിനിമയേക്കുറിച്ചുതന്നെയാണോ പറയുന്നതെന്ന് സംശയിച്ചുപോകുന്നു. ഉപന്യാസങ്ങൾ പോലുള്ള ഏതാനും സംഭാഷണങ്ങളിൽ കൂടി മാത്രമാണ്‌ രവിവർമ്മയുടെ ഉള്ളിൽ എന്തൊക്കയോ ‘സംഘർഷങ്ങൾ’ നടക്കുന്നുണ്ടെന്ന കാര്യം സംവിധായകൻ നമ്മളോട് പറഞ്ഞുതരുന്നത്. ഇതേപോലുള്ള ഏതാനും സംഭാഷണങ്ങളിൽക്കൂടി രാജാ രവിവർമ്മയുടെ ജീവചരിത്രവും സംക്ഷിപ്ത രൂപത്തിൽ നമുക്കു മുമ്പിൽ അവതരിപ്പിക്കപ്പെടുന്നു.  രവിവർമ്മയുടെ ‘ഉർവ്വശിയും പുരൂരവസ്സും’ എന്ന സൃഷ്ടിക്കായി അദ്ദേഹം ഉപയോഗിക്കുന്ന മോഡലും രവിവർമ്മയും തമ്മിൽ വികസിക്കുന്ന പ്രണയവും ഉർവ്വശീ-പുരൂരവസ്സ് പ്രണയ കഥ എന്ന മിത്തും സമാന്തരങ്ങളായ കഥകളായി പറഞ്ഞു പോകുന്നു ‘മകരമഞ്ഞി’ൽ. ഏതൊരു സാധാരണ ഇന്ത്യൻ കച്ചവട സിനിമയിലും കാണുന്ന തരത്തിലുള്ള ഉപരിപ്ലവമായ ഫാന്റസി ദൃശ്യങ്ങളിലൂടെയാണ്‌ ഈ പ്രണയ കഥകളും അനാവൃതമാകുന്നത്. സിനിമയുടെ അധിക ഭാഗവും ഇത്തരം ദൃശ്യങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നതാണ്‌ ഈ സിനിമയുടെ ദുരന്തം. ചുരുക്കത്തിൽ, ഒരു കലാകാരന്റെ ആത്മസംഘർഷം എന്ന പ്രാധാന്യമുള്ള വിഷയത്തിൽ വെള്ളം ചേർത്ത് ചേർത്ത് ആ വിഷയം തന്നെ ഇല്ലാതാവുന്ന കാഴ്ചയാണ്‌ ‘മകരമഞ്ഞി’ൽ കാണുന്നത്. ഇങ്ങനെ ഉള്ളു പൊള്ളയായ ഒരു ചലച്ചിത്രത്തെ അമിതമായ വർണ്ണങ്ങളും ശബ്ദങ്ങളും പിന്നെ കുറേ മേനിയഴകും കുത്തിനിറച്ച് വളരെ pretentious ആയി അവതരിപ്പിക്കുന്നു ഇവിടെ.

സിനിമയുടെ സാമൂഹിക പ്രസക്തി
തിരക്കഥ എഴുതി ഒരു വഴിക്കെത്തിയപ്പോളാവണം ഈ സിനിമക്കെന്ത് സാമൂഹിക പ്രസക്തി എന്ന സംശയം സംവിധായകനിൽ ഉദിച്ചത്. അതാത് കാലത്തെ വാർത്താമാധ്യമങ്ങളിൽ നിറയുന്ന സാമൂഹിക പ്രശ്നങ്ങളെ അതേപടി സിനിമയിൽ അവതരിപ്പിക്കുമ്പോളാണല്ലോ നമ്മുടെ സിനിമകൾ സാമൂഹിക പ്രസക്തങ്ങളാകുന്നത്. ഇങ്ങനെ അവതരിപ്പിക്കുന്ന സിനിമകളിലൂടെ പ്രേക്ഷകർക്കായി കുറേ ‘സന്ദേശങ്ങൾ’  നല്കുന്നതോടെ സംവിധായകൻ സാമൂഹിക പ്രസക്തനായ ചലച്ചിത്രകാരനായി മാറുന്നു. ഇങ്ങനെയുള്ള സിനിമകൾ കണ്ട് കൈയടിച്ച് അവയേക്കുറിച്ച് പരസ്പരം ‘ചർച്ച’ ചെയ്യുമ്പോൾ സാമൂഹിക ബോധവും ഉത്തരവാദിത്വവുമുള്ള പൗരന്മാരായി മാറുന്നു നമ്മൾ പ്രേക്ഷകർ.

സംഘപരിവാറും എം.എഫ്.ഹുസൈനും തമ്മിൽ അടുത്ത കാലത്ത് നടന്ന സംഘർഷങ്ങളുടെ കഥ അതേപടി സിനിമയിലേക്ക് പകർത്തുന്നതിലൂടെ ‘മകരമഞ്ഞും’ സാമൂഹിക പ്രസക്തിയുള്ള ചലച്ചിത്രമായി പരിണമിക്കുന്നു.

ഊണിലും ഉറക്കത്തിലും പാട്ടു പാടുന്ന നമ്മൾ
“പാശ്ചാത്യന്റെ സംഗീതം രാത്രികളിലെ ആഘോഷത്തിനു മാത്രമുള്ളതാണ്‌. എന്നാൽ എഴുന്നേല്ക്കുന്നതുമുതൽ ഉറങ്ങുന്നതുവരെയാണ്‌ നമുക്ക് സംഗീതം. വയലേലകളിൽ പണിയെടുക്കുമ്പോഴും കാടിന്റെ വിജനതയിലുമെല്ലാം നാം പാട്ടു പാടും. പാശ്ചാത്യന്റെ സിനിമയിൽ പാട്ട് കണ്ടില്ല, അതുകൊണ്ട് ഇവിടെ പാട്ടു കേൾപ്പിക്കുന്നത് അപരാധമാണെന്നും കരുതുന്നത് ഇൻന്ത്യൻ വൈകാരികതയെക്കുറിച്ചുള്ള അജ്ഞത കാരണമാണ്‌. ഏറ്റവും ദേശീയമായ സിനിമയാണ്‌ സാർവ്വദേശീയ സിനിമ എന്ന് കുറസോവ പറഞ്ഞിട്ടുണ്ട്.“ (‘മാതൃഭൂമി’ ഇന്റർവ്യു)

ഈ പ്രസ്താവനയിൽക്കൂടി ലെനിൻ രാജേന്ദ്രൻ രണ്ട് തെറ്റുകൾ ചെയ്യുന്നു. താൻ പറഞ്ഞുവരുന്ന വലിയൊരു നുണയെ സമർത്ഥിക്കുവാനായി മഹാനായ ഒരു ചലച്ചിത്രകാരന്റെ വാക്കുകളെ അസ്ഥാനത്ത് ഉദ്ധരിക്കുന്നു എന്നതാണ്‌ ആദ്യത്തെ തെറ്റ്. തന്റെ ചിന്താദാരിദ്ര്യത്തെ, പ്രതിഭാരാഹിത്യത്തെ മറച്ചുപിടിക്കുവാനായി വളരെ പഴകിയ ഒരു ബോളിവുഡ് സൗന്ദര്യശാസ്ത്രത്തെ വീണ്ടും പൊടിതട്ടി അവതരിപ്പിക്കുന്നു എന്നതാണ്‌ അദ്ദേഹം ചെയ്യുന്ന മറ്റൊരു തെറ്റ്.

വാസ്തവത്തിൽ സംഗീതവും നൃത്തവും ദൈനംദിന ജീവിതത്തിൽനിന്ന് ഇത്രയധികം വറ്റിപ്പോയൊരു ജനത നമ്മേപ്പോലെ ഈ ലോകത്ത് മറ്റെങ്ങും ഉണ്ടാവാനിടയില്ല. പ്രാചീനങ്ങളായ നമ്മുടെ നാടോടി പാട്ടുകളെയും നൃത്തരൂപങ്ങളെയും സിനിമാ പാട്ടുകളും സിനിമാറ്റിക്ക് നൃത്തങ്ങളും പകരം വെച്ചപ്പോൾ സംഭവിച്ച വലിയൊരു ദുരന്തമായിരിക്കാം ഇത്. സിനിമയിലെ സുന്ദരന്മാരും സുന്ദരികളും ചേർന്ന് വലിയ സ്ക്രീനിൽ തീർക്കുന്ന മായാപ്രപഞ്ചത്തിൽ മതിമറന്നിരിക്കുന്ന സാധാരണക്കാരനായ പ്രേക്ഷകനിൽനിന്ന് അവന്റേതായ രീതിയിൽ ചുവടു വെയ്ക്കുവാനും ഈണം മൂളുവാനുമുള്ള ആത്മവിശ്വാസം നമ്മുടെ ജനപ്രിയ സിനിമ ചോർത്തിക്കളയുന്നു. ബോളിവുഡ് മ്യൂസിക്കലുകളുടെ അനുകരണങ്ങളായി ‘വളർന്ന’ പ്രാദേശിക ഭാഷാ സിനിമകൾ പ്രാദേശികമായ ഈണങ്ങളും താളങ്ങളും നമ്മുടെ നാടിന്‌ അന്യമാക്കുകയും ചെയ്തു. സിനിമക്ക് കാര്യമായി സ്വാധീനമില്ലാത്ത ആദിവാസികളുടെ ഇടയിൽ മാത്രമാണ്‌ ഇന്ന് ജനകീയമായ സംഗീതവും നൃത്തവും നിലനിൽക്കുന്നത് എന്നുവേണം മനസ്സിലാക്കുവാൻ. ബോളിവുഡ് സിനിമകളുടെ പ്രകടമായ പൊള്ളത്തരത്തെ മറച്ചുപിടിക്കുവാനായി അവിടത്തെ ‘ബുദ്ധിജീവി’കൾ സൃഷ്ടിച്ചെടുത്ത വികലമായ, സത്യസന്ധത തെല്ലുമില്ലാത്ത സൗന്ദര്യശാസ്ത്ര സങ്കല്പം മാത്രമാണ്‌ ലെനിൻ രാജേന്ദ്രനിൽനിന്നും ഇപ്പോൾ നാം കേൾക്കുന്നത്. ലെനിൻ രാജേന്ദ്രന്റെ സിനിമകൾ പൊതുവേ ആഘോഷിക്കാറുള്ള ഇന്ത്യൻ ശാസ്ത്രീയ സംഗീതം ഒരു സാധാരണ ഇന്ത്യക്കാരന്റെ സെൻസിബിലിറ്റിയുടെ ഭാഗമല്ലെന്നും ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ ആസ്വാദനസദസ്സുകളിൽ ഒതുങ്ങി നില്ക്കുന്നതാണെന്നുള്ള സത്യം അദ്ദേഹം സൗകര്യപൂർവ്വം വിസ്മരിക്കുന്നു ഇവിടെ.


സിനിമയെന്നത് വ്യത്യസ്തങ്ങളായ കുറേ കലാരൂപങ്ങളുടെ സങ്കലനത്തിൽക്കൂടി ഉണ്ടാവുന്ന വികൃതമായ ഒരു മിസ്രിതം മാത്രമല്ല. വളര വ്യ്ക്തമായ സ്വഭാവവിശേഷതകളുള്ള സ്വതന്ത്രമായ കലാരൂപമായി സിനിമ വികസിച്ചിട്ട് നാളേറെയായി. ഓരോ ജനതയും അവരുടെ ആശകളും നിരാശകളും സന്തോഷവും ദു:ഖവുമൊക്കെ ഓരോ അനുഭവങ്ങളായി പ്രേക്ഷകനിലേക്ക് പകർന്നു നൽകുന്ന മഹത്തായ ചലച്ചിത്രങ്ങൾ ലോകസിനിമയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ കാലഹരണപ്പെട്ട നുണക്കഥകൾ വീണ്ടും വീണ്ടും ആവർത്തിച്ച് സ്വയം വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നു.
     

നന്മയുള്ള ചില കാഴ്ചകൾ...



3 comments
കൂരിരുട്ടിൽ വഴിയറിയാതെ ഉഴറുന്ന ഒരുവന്‌ ആ അവസ്ഥയെ രണ്ടു വിധത്തിൽ നോക്കിക്കാണാം. ദുസ്സഹമായ ആ അവസ്ഥയെക്കുറിച്ച്‌ ഓർത്ത്‌ പരിതപിക്കാം, അവനെ ആ അവസ്ഥയിലേക്ക്‌ തള്ളിവിട്ട വ്യവസ്ഥിതിയോട്‌ കലഹിക്കാം, ആ അന്ധകാരത്തെ അകറ്റുന്നതിനുള്ള മാർഗ്ഗങ്ങൾ ചിന്തിക്കാം. ഏത്‌ അന്ധകാരത്തിലും കണ്ടേക്കാവുന്ന നുറുങ്ങുവെട്ടങ്ങളെ തിരഞ്ഞ്‌ കണ്ടുപിടിച്ച്‌ അതിന്റെ മനോഹാരിതയിൽ ആഹ്ലാദം കണുക എന്നതാവാം മറ്റൊരു വഴി. ആ ചെറു വെളിച്ചത്തിനെ വിശ്വസിച്ച്‌, പിന്തുടരുന്ന അവൻ ഒരു പക്ഷെ ആ അന്ധകാരത്തെ അതിജീവിച്ചെന്നും വരാം. അബു രണ്ടാമത്‌ പറഞ്ഞ ജീവിത പാത തിരഞ്ഞെടുത്തവനാണ്‌. അബു എന്ന കഥാപാത്രത്തിൽക്കൂടി നവാഗതനായ സലിം അഹമ്മദ്‌ സംവിധാനം നിർവ്വഹിച്ച 'ആദാമിന്റെ മകൻ അബു' എന്ന ചലച്ചിത്രം നന്മയുടെ ഉറവകളെല്ലാം വറ്റിക്കഴിഞ്ഞിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന നമ്മുടെ കാലഘട്ടത്തിലെ ചില നന്മയുള്ള കാഴ്ചകൾ നമുക്ക്‌ കാട്ടിത്തരുന്നു.


ഹജ്ജിനു പോകുക എന്ന തങ്ങളുടെ ചിരകാല അഭിലാഷം സാധ്യമാക്കുവാനുള്ള കഠിന പ്രയത്നത്തിലാണ്‌ അബുവും ഭാര്യ അയിഷയും. ഇതിനായി ദരിദ്രനായ അബുവിന്‌ നേരിടേണ്ടിവരുന്ന കഷ്ടതകൾ അയാളുടെ വിശ്വാസ തീവ്രതയുടെ പിൻബലത്താൽ അയാൾ സസന്തോഷം നേരിടുന്നു. അയാളുടെ നാട്ടിൻപുറത്തെ ചില നന്മയുള്ള വ്യക്തികൾ അബുവിന്‌ ഈ അവസരത്തിൽ താങ്ങാവുന്നുണ്ട്‌. തന്റെ പ്രയത്നങ്ങൾ സഫലീകരിക്കുന്നതിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന അബു തന്റെ ഭാര്യയുമൊത്ത്‌ തങ്ങൾക്ക്‌ പ്രിയപ്പെട്ടവരോട്‌ യാത്ര ചോദിക്കുവാൻ നടത്തുന്ന യാത്രയിലും, തന്റെ ഹജ്ജ്‌ യാത്ര സാധിക്കില്ലെന്ന തിരിച്ചറിവിൽ വ്യസനിക്കുന്ന വേളയിലും അബുവിന്‌ തനിക്ക്‌ ചുറ്റുമുള്ള നല്ല മനുഷ്യരുടെ സ്നേഹവും നന്മയും ആവോളം ലഭിക്കുന്നുണ്ട്‌. ജീവിതത്തിന്റെ നന്മകളെ മാത്രം കാണുവാൻ ആഗ്രഹിക്കുന്ന അബു തനിക്ക്‌ ചുറ്റുമുള്ളവരുടെ നന്മയെ മാത്രം തിരിച്ചറിയുന്നതിനാലാവാം ഒരുപക്ഷെ ഈ ചിത്രത്തിൽ ഇത്രയധികം നന്മനിറഞ്ഞ മനുഷ്യരെ നാം കണ്ടുമുട്ടുന്നത്‌. നന്മയുടെ ഈ നാട്ടിൻപുറക്കാഴ്ചകൾക്കിടയിൽ തിന്മയുടെ കാർമേഘങ്ങൾ അവർക്കുമീതെ ഉരുണ്ട്കൂടുന്നതിന്റെ സൂചനകൾ നമുക്ക്‌ ലഭിക്കുന്നുണ്ടെങ്കിലും അബു ഇതൊന്നും അറിയുന്നതേയില്ല.

പച്ചമനുഷ്യരായ ഈ ഗ്രാമീണർക്കിടയിൽ ജീവിക്കുന്ന ഉസ്താദ്‌ എന്ന മിസ്റ്റിക്ക്‌ കഥാപാത്രം ഈ ചിത്രത്തിന്റെ മറ്റൊരു തലമാണ്‌. തന്റെ സാന്ത്വനം തേടി ദൂരദേശങ്ങളിൽ നിന്നുപോലുമെത്തുന്ന മനുഷ്യരുടെ ദു:ഖങ്ങൾ താൻ ശ്വസിക്കുന്ന വായുവിൽപോലും തിരിച്ചറിയുന്നുണ്ട്‌ ഉസ്താദ്‌. അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ ഉള്ളത്‌ പ്രവചന സ്വഭാവമാണ്‌. ഏതൊരു പ്രവാചകനുമുണ്ടായിട്ടുള്ള അനിവാര്യമായ ദുരന്തമാണ്‌ ഉസ്താദിനുമുണ്ടായത്‌, പ്രവാചകരുടെ ശവശരീരത്തിനുപോലും വിലപറഞ്ഞ്‌ തമ്മിൽത്തല്ലുന്ന ഒരുപറ്റം ശിഷ്യന്മാരുണ്ടായി എന്ന ദുരന്തം. 

ഒരുകാലത്ത്‌ ലോകസിനിമയിൽ തരംഗം സൃഷ്ടിച്ച ഇറാനിയൻ സിനിമകളെ ഓർമ്മിപ്പിക്കുന്നു 'ആദാമിന്റെ മകൻ അബു'വിന്റെ പ്രമേയം. പ്രതീക്ഷകൾ അസ്തമിച്ച സാമൂഹിക അന്തരീക്ഷത്തിൽപോലും ജീവിതത്തെ പ്രതീക്ഷയോടെ, വിശ്വാസത്തോടെ നോക്കിക്കാണുന്ന അനേകം കഥാപാത്രങ്ങളെ ഈ ക്ലാസിക്ക്‌ ചലച്ചിത്രങ്ങൾ നമുക്ക്‌ നൽകിയിട്ടുണ്ട്‌. പച്ചയായ മനുഷ്യജീവിതം നിർവ്വികാരതയോടെ, കാവ്യാത്മകമായി, സരളമായി അവതരിപ്പിക്കപ്പെട്ടവയാണ്‌ അവ. 'ആദാമിന്റെ മകൻ അബു'വും പ്രാരാബ്ദങ്ങൾക്കിടയിലും ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കുറേ പച്ചമനുഷ്യരെ നമുക്ക്‌ മുമ്പിൽ അവതരിപ്പിക്കുന്നു. പ്രേക്ഷക മനസ്സുകളെ ഓരോ നിമിഷവും സ്പർശിക്കുക എന്ന ലക്ഷ്യത്തോടെ ആവാം 'ആദാമിന്റെ മകൻ അബു' ജീവിതത്തെ വൈകാരികമായി സമീപിക്കുന്നു. അതിനാൽത്തന്നെ ഇറാനിയൻ സിനിമകൾ നമുക്ക്‌ സമ്മാനിച്ച ആഴത്തിലുള്ള സിനിമാ അനുഭവം 'അബു'വിൽനിന്ന് ലഭിക്കാതെ പോകുന്നുണ്ടെങ്കിലും നമ്മുടെ സമകാലിക സിനിമകളുടെ അൽപ്പത്തരങ്ങളിൽനിന്നൊക്കെ വഴിമാറി സഞ്ചരിക്കുന്നു ഈ സിനിമ. ഈ ചെറിയ നല്ല സിനിമയും, അതിന്‌ ലഭിച്ച അംഗീകാരങ്ങളും, ഈ സിനിമ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുവാൻ അതിന്റെ അണിയറ പ്രവർത്തകർ നടത്തിയ പരിശ്രമങ്ങളും, ഈ പരിശ്രമങ്ങൾക്ക്‌ തിയറ്റർ ഉടമകൾ നൽകിയ പിന്തുണയുമെല്ലാം തീർച്ചയായും നമ്മുടെ സിനിമയുടെ ഈ ഗ്രഹണകാലത്ത്‌ നമുക്ക്‌ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന പ്രത്യാശയുടെ ചെറുവെളിച്ചമാണ്‌.


"അവനവനോടുള്ള ഒരു സംശയത്തിൽനിന്നാണ്‌ റിയലായ കല ഉണ്ടാവുക"
"ആദാമിന്റെ മകൻ അബു"വിന്റെ ഒരു ഹൈലൈറ്റ്‌ തീർച്ചയായും സലിം കുമാർ എന്ന നടന്റെ ഗംഭീര പ്രകടനമാണ്‌. സലിം കുമാർ ഒരളവു വരെ അബുവായി പരിണമിക്കുന്നു ഈ ചിത്രത്തിൽ. ദേശീയ പുരസ്കാരമെന്ന വലിയ നേട്ടത്തിന്‌ ശേഷം 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്‌ നൽകിയ അഭിമുഖവും വളരെ ശ്രദ്ധേയം തന്നെ. ഇന്നേവരെ സിനിമയിലെ കോമാളിയായി അറിയപ്പെട്ടിരുന്ന സലിം കുമാർ ഗൗരവമുള്ള സിനിമയെക്കുറിച്ച്‌ നടത്തുന്ന തുറന്നുപറച്ചിലുകൾ രാജാവ്‌ നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ കുട്ടിയുടെ നിഷ്കളങ്കമായ ശബ്ദത്തെ ഓർമ്മിപ്പിക്കുന്നു.

"തുടങ്ങും മുമ്പേ വരുന്നുണ്ട്ട്ടാ എന്ന അലർച്ച കംപ്ലീറ്റ്‌ മീഡിയയിലും വരും. വേറെ ഭീകരന്മാർ ഇല്ലെങ്കിൽ അവാർഡ്‌ ഉറപ്പാണ്‌. തമ്മിൽതല്ലൊക്കെ അവർ തമ്മിൽ". ഇവിടെ സലിം കുമാറിന്റെ ഇരകൾ ആരൊക്കെ എന്ന് വ്യക്തം.

അദ്ദേഹത്തിനു ലഭിച്ച അവാർഡിനേപ്പറ്റി കുറേ അബദ്ധങ്ങൾ വിളിച്ചുകൂവിയ രൺജിത്തിന്റെ വാക്കുകളെ പിൻപറ്റി വിവാദമാഘോഷിക്കുവാൻ ശ്രമിച്ച പത്രക്കാരനോട്‌ സലിം കുമാർ പറയുന്നു: "സലിം കുമാറിന്റെയും മറ്റുള്ളവരുടെയും നാവിനു ചുറ്റും നടന്ന് യഥാർഥ ചർച്ച ഇല്ലാതാക്കരുത്‌"

ഒരു നടനെന്ന നിലയിൽ ഗൗരവ സ്വഭാവമുള്ള സിനിമയോടുള്ള അദ്ദേഹത്തിന്റെ നിലപാട്‌ വ്യക്തമാക്കുന്നു: "സത്യസന്ധമല്ലാത്ത ഒരു കഥയും എന്നെ കേന്ദ്രീകരിച്ച്‌ ചെയ്യാൻ ഞാൻ തയ്യാറല്ല. അത്‌ എന്റെ നിലപാടാണ്‌"

പൂനെ, കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റിയൂട്ടുകളുടെ മുമ്പിൽക്കൂടി വെറുതെ ഒന്നു നടന്നിട്ടുള്ളവർപോലും സർവ്വഞ്ജരായി നടിച്ച്‌ മറ്റുള്ളവരെ ഉപദേശിക്കുന്ന നമ്മുടെ നാട്ടിൽ, ഒരു സാധാരണക്കാരന്റെ മൗഢ്യത്താലാവണം, സലിം കുമാർ പ്രഖ്യാപിക്കുന്നു: "അവനവനോടുള്ള ഒരു സംശയത്തിൽനിന്നാണ്‌ റിയലായ കല ഉണ്ടാവുക"

സാരോപദേശകരുടെ ശ്രദ്ധക്ക്‌



1 comments

സാമൂഹികമാറ്റത്തിനായുള്ള സന്ദേശവാഹകരായി ആർട്ട്‌ സിനിമകളുമായി രംഗത്തെത്തിയ പലർക്കുമുണ്ടായ അനിവാര്യമായ മാറ്റം ദേശീയ അവാർഡ്‌ ജേതാവ്‌ പ്രിയനന്ദനനും സംഭവിച്ചിരിക്കുന്നു. ആർട്ട്‌ സിനിമകളുടെ 'മുരടിച്ച' ലോകത്തുന്നിന്നും ജനപ്രിയ സിനിമയുടെ 'പച്ചപ്പി'ലേക്ക്‌ അദ്ദേഹവും ചുവടുമാറിയിരിക്കുന്നു. തങ്ങൾക്ക്‌ പകർന്നുനൽകുവാനുള്ള മഹത്‌ സന്ദേശങ്ങൾ ആർട്ട്‌ സിനിമയുടെ ന്യൂനപക്ഷം വരുന്ന പ്രേക്ഷകരിലേക്ക്‌ ഒതുക്കാതെ ആൾക്കൂട്ടങ്ങളിലേക്ക്‌ എത്തിക്കുകയെന്നതാവാം ഇതിനുപിന്നിലെ യുക്തി.


നമ്മുടെ നാട്ടിൽ കൂണുകൾ പോലെ മുളച്ചുപൊന്തുന്ന ആൾദൈവങ്ങളെപ്പറ്റി ജനങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകുകയെന്ന പ്രാധമിക ലക്ഷ്യത്തോടെയാണ്‌ പ്രിയനന്ദനന്റെ നാലാം ചിത്രമായ 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌' നമുക്ക്‌ മുമ്പിൽ എത്തുന്നത്‌. ഇതിനോടൊപ്പം തന്നെ നമുക്ക്‌ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റനേകം സാമൂഹിക വിപത്തുകളെപ്പറ്റിയും നമുക്ക്‌ മുന്നറിയിപ്പ്‌ നൽകുന്നു ഈ ചിത്രം.

അലസനും മുക്കുടിയനുമായ ഭർത്താവിനാൽ ജീവിതം അസഹ്യമാക്കപ്പെട്ട സുമ എന്ന വീട്ടമ്മ തന്റെ സഹനത്താലും കഠിനാധ്വാനത്താലും തട്ടിയും മുട്ടിയും തന്റെ കുടുംബം പുലർത്തുന്നു. ഭർത്താവിന്റെ മദ്യപാനം അവസാനിപ്പിക്കുകയെന്ന സദുദ്ദേശ്യത്തോടെ അവർ നടത്തുന്ന ഒരു നിർദ്ദോഷ നാടകം അവർക്കുതന്നെ വിനയാവുന്നു. നാടകീയ സംഭവങ്ങളുടെ ഒരു പരമ്പരക്കൊടുവിൽ അവർ സുമംഗലീ ദേവിയെന്ന ആൾദൈവമായി പരിണമിക്കുന്നു. ലക്ഷങ്ങളുടെ ദൈവമായി വിരാജിക്കുമ്പോളും ഒരുപറ്റം ദുഷ്ടമനസ്സുകളുടെ ധനസമാഹരണത്തിനുള്ള ഉപാധിമാത്രമായിത്തീരുന്നു അവർ. ഒരവസരത്തിൽ അവരുടെ ജീവൻപോലും അപകടത്തിലാവുന്ന അവസ്ഥ സംജാതമാകുന്നു. ഈ ചതിക്കുഴിയിൽനിന്നൊക്കെ അവരും കുടുംബവും അത്ഭുതകരമായി രക്ഷപ്പെടുന്നതോടെ 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌' ശുഭകരമായി അവസാനിക്കുന്നു.

ചിത്രത്തിന്റെ ആദ്യഭാഗത്തൊരിടത്ത്‌ ചായക്കടയിലെ ഒരു ചെറിയ സദസ്സിനുമുമ്പിൽ പത്രപാരയണം നടത്തുന്ന ഒരു വിദ്വാനെ കാണാം. ഈ വിദ്വാന്റെ രണ്ടുമിനിറ്റ്‌ പ്രഭാഷണത്തിൽനിന്നും നാം മനസ്സിലാക്കുന്നതിൽ കവിഞ്ഞ്‌ മറ്റെന്തെങ്കിലും പ്രിയനന്ദനൻ തന്റെ മുഴുവൻ ചിത്രത്തിൽക്കൂടിയും നമുക്ക്‌ പകർന്നുനൽകുന്നുണ്ടോ എന്നത്‌ സംശയമാണ്‌. വെറുമൊരു പത്രവാർത്ത വായിക്കുന്ന ഇയാളുടെ മുഖത്ത്‌ താനെന്തോ വലിയൊരു വെളിപ്പെടുത്തൽ നടത്തുകയാണെന്ന ഭാവം നിഴലിക്കുന്നതു കാണാം. പ്രിയനന്ദനന്റെ ചിത്രവും ഏതാണ്ട്‌ സമാനമായ ഭാവം പ്രകടിപ്പിക്കുന്നു. സർവ്വസാധാരണമായ അറിവിനെ ഒരു വലിയ വെളിപ്പെടുത്തൽ എന്ന ഭാവേന അവതരിപ്പിക്കുന്നു ഈ ചിത്രം. ഇതിനോക്കെപ്പുറമെ പ്രേക്ഷകനുനേരെ തുടരെ തുടരെ ഉപദേശശരങ്ങൾ തൊടുത്ത്‌ വശംകെടുത്തുന്നു ഈ ചിത്രത്തിലൂടെ പ്രിയനന്ദനൻ.

അനുദിനം നമുക്കുമുമ്പിൽ അനാവൃതമാകുന്ന സാമൂഹിക തിന്മകളും വഞ്ചനകളും നമുക്കിടയിൽ സർവ്വസാധാരണമായ അറിവാണ്‌. എങ്കിലും ആ അറിവിനേയും സ്വന്തം യുക്തിബോധത്തേയും അവഗണിച്ച്‌ ജനക്കൂട്ടം ഇത്തരം ശക്തികൾക്കുമുമ്പിൽ സ്വയം ബലികഴിക്കുന്നു എന്നതും സത്യം തന്നെ. ഈ സമസ്യയെ മനസ്സിലാക്കുവാൻ 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌' പോലുള്ള ശുഷ്കമായ കലാരൂപങ്ങൾക്കാവില്ല എന്നതിൽ സംശയമില്ല. 

ഭാഷാപരമായ ചില സമസ്യകൾ...



11 comments

ഞാൻ പറയുന്നത്‌ നിങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം ഞാൻ പറയുന്നത്‌ നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നാണ്‌.

- ഒരു ഗൊദാർദിയൻ കഥാപാത്രം






പറയേണ്ടത്‌ എന്തെന്നറിയാതെ, എങ്ങനെ പറയണമെന്നറിയാതെ, സത്യത്തിൽ ഒന്നും പറയാനില്ലാതെ, വഴിയറിയാതെ ഇരുട്ടിൽത്തപ്പുന്ന സമകാലിക മലയാള സമാന്തര സിനിമയുടെ ഇരുണ്ട ഇടവഴികളിൽനിന്ന് വഴിമാറി സഞ്ചരിച്ച ഒരു സംവിധായകനും അദ്ദേഹത്തിന്റെ സിനിമയും ചില അടിസ്ഥാനപരമായ ചർച്ചകളിലേക്ക്‌ പ്രേക്ഷക-നിരൂപക സമൂഹത്തെ പ്രകോപിപ്പിച്ചിരിക്കുന്ന സമയമാണിത്‌. വിരുദ്ധ ധ്രുവങ്ങളിൽ നിന്നുകൊണ്ട്‌ പ്രേക്ഷകരും നിരൂപകരും ചിത്രത്തിന്‌ അനുകൂലമായും പ്രതികൂലമായും വാദിക്കുമ്പോൾ ഒന്ന് തീർച്ച, വിപിൻ വിജയിന്റെ 'ചിത്രസൂത്രം' മലയാള സിനിമയിൽ കാര്യമായ ചലനം സൃഷ്ടിച്ചിരിക്കുന്നു.


നിത്യേന വാർത്താമാധ്യമങ്ങളിൽ നിറയുന്ന സാമൂഹിക പ്രശ്നങ്ങളെ ഫിക്ഷണൽ സിനിമയുടേതായ ചേരുവകൾ ചേർത്ത്‌ അവതരിപ്പിക്കുന്ന നമ്മുടെ സമാന്തര സിനിമയുടെ പതിവ്‌ രീതിയിൽനിന്ന് ഏറെ വിഭിന്നമാണ്‌ 'ചിത്രസൂത്ര'ത്തിന്റെ പ്രമേയവും ആഖ്യാന രീതിയും. എം.നന്ദകുമാറിന്റെ 'വാർത്താളി: സൈബർസ്പേസിൽ ഒരു പ്രണയനാടകം' എന്ന കഥയെ അധികരിച്ച്‌ വിപിൻ വിജയ്‌ ഒരുക്കിയ ചിത്രം ഹരിഹരനെന്ന കംപ്യൂട്ടർ പ്രോഗ്രാമർ തന്റെ സൈബർ സഞ്ചാരങ്ങൾക്കിടയിൽ ബന്ധപ്പെടുന്ന രമണിയുമായി നടത്തുന്ന ചാറ്റിംഗിൽക്കൂടി വികസിക്കുന്നു. ഈ സംഭാഷണങ്ങൾക്കിടയിൽ ഹരി തന്റെ മുത്തച്ഛനും മഹാമാന്ത്രികനുമായ കുഞ്ഞിക്കുട്ടൻ നായരുടെ ജീവിതകഥ രമണിയോട്‌ വിവരിക്കുന്നു. മന്ത്രവാദവും ആഭിചാരക്രിയകളുമായി ആസക്തിയുടെ ചിറകിലേറി കുഞ്ഞിക്കുട്ടൻ നായർ നടത്തുന്ന സങ്കീർണ്ണ യാത്രകളും സൈബർ സ്പേസിൽ സമാനമായ അനുഭവങ്ങൾ തേടി ഹരിഹരൻ നടത്തുന്ന വെർച്വൽ സഞ്ചാരങ്ങളും ഇഴപിരിഞ്ഞ്‌ കിടക്കുന്നു 'ചിത്രസൂത്ര'ത്തിൽ. വിഷയത്തിലെ സങ്കീർണ്ണത ചിത്രത്തിന്റെ രൂപത്തിലും (form) പ്രതിഫലിക്കുന്നു. വിപിൻ വിജയ്‌ മലയാള സിനിമയിൽ വെട്ടിത്തെളിക്കുന്ന ആഖ്യാനത്തിന്റെ ഈ പുതുവഴിയേക്കുറിച്ചുതന്നെയാണ്‌ പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടത്‌.

നിലവിലുള്ള രീതികൾ നവീന ആശയങ്ങളുടെ അവതരണത്തിന്‌ പര്യാപ്തമല്ലാതെ വരുമ്പോൾ പുതിയ സങ്കേതങ്ങൾ തേടുവാൻ കലാകാരൻ നിർബന്ധിതനാകും. അങ്ങനെ ഉരുത്തിരിയുന്ന നവഭാവുകത്വം ആ കലാരൂപത്തിനെ മുമ്പോട്ട്‌ നയിക്കുകയും കാലിക പ്രസക്തമാക്കുകയും ചെയ്യുന്നു.  എന്നാൽ, രൂപപരമായ പരീക്ഷണങ്ങൾ നടത്തുക എന്ന ഒറ്റലക്ഷ്യത്തിലേക്ക്‌ കല ചുരുങ്ങുന്ന സന്ദർഭങ്ങളും വിരളമല്ല.  കലയുടെ ഉള്ളടക്കം അതിന്റെ രൂപപരമായ സൗന്ദര്യം മാത്രമായിത്തീരുകയും അതിന്റെ മറ്റെല്ലാ ലക്ഷ്യങ്ങളും മെല്ലെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന അവസ്ഥ ഉടലെടുക്കുന്നു. ഇവിടെ വ്യാകരണങ്ങൾക്കും ഭാഷാപരമായ കാർക്കശ്യങ്ങൾക്കും കലയുടെ മാനുഷിക വശങ്ങളേക്കാൾ പ്രാധാന്യമേറുന്നു. സ്വയം സൃഷ്ടിക്കുന്ന ഭാഷയിൽ സ്വയം സംവദിക്കുക എന്ന അസംബന്ധാവസ്ഥയിൽ എത്തിച്ചേരുന്നു കലാകാരൻ. അവനും അവന്റെ ഭാഷ ശാസ്ത്രീയമായി അഭ്യസിച്ച്‌ അതിൽ നൈപുണ്യം നേടുന്ന എതാനും ചിലരും ചേർന്നുണ്ടാക്കുന്ന exclusive clubകളിലേക്ക ഈ കല ചുരുക്കപ്പെടുന്നു. ഇക്കൂട്ടർക്ക്‌ ബൗദ്ധിക സ്വയംഭോഗം നടത്തുവാനുള്ള ഇടമായി കലാരംഗം മാറുന്നു. സിനിമയിലുമുണ്ടായി ഇത്തരത്തിലുള്ള ഭാഷാ പ്രസ്ഥാനങ്ങൾ. ഇവരിലേറ്റവും പ്രധാനി ഗൊദാർദ്‌ തന്നെ. ഭാഷാപരമായ പരീക്ഷണങ്ങളേറെ നടത്തിയിട്ടുള്ള അദ്ദേഹത്തിൽനിന്നുമുണ്ടായിട്ടുള്ളത്‌ ഏറിയ പങ്കും ബൗദ്ധിക ജാഡകളായിരുന്നു എന്ന് പറയേണ്ടി വരും. സിനിമയുടെ ഈ പ്രസ്ഥാനത്തിനെ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്ത കുമാർ സാഹിനി, മണീ കൗൾ തുടങ്ങിയവരുടെ ചിത്രങ്ങളാകട്ടെ രൂപപരമായ ശാഠ്യങ്ങളുടെ കാര്യത്തിൽ ഗൊദാർദിയൻ സിനിമകളെ കടത്തിവെട്ടിയവയായിരുന്നു. ഈ സിനിമകളുടെ പ്രസക്തി ചരിത്ര പുസ്തകങ്ങളിലും ബൗദ്ധിക സദസ്സുകളുടെ അക്കാദമിക ജാഡകളിലുമായി ഒതുങ്ങിയത്‌ സ്വാഭാവികം മാത്രം.   

ചലച്ചിത്ര ഭാഷയുടെ പുതിയ വഴി വെട്ടിത്തെളിക്കുന്ന വിപിൻ വിജയ്‌ എത്തിച്ചേരുന്നത്‌ കുമാർ സാഹിനിയും മണീ കൗളും നിലയുറപ്പിച്ചിരിക്കുന്ന ഈ ഇടത്തേക്കാണെന്നത്‌ ഖേദകരമായ വസ്തുതയാണ്‌. അതിനാൽത്തന്നെ 'ചിത്രസൂത്ര'ത്തിന്റെ ഗഹനമായ പ്രമേയത്താൽ മോഹിതനായി ചിത്രത്തെ സമീപിക്കുന്ന പ്രേക്ഷകൻ എത്തിച്ചേരുന്നത്‌ ദുരൂഹവത്കൃതമായ ഒരിടത്താണ്‌. റിയാലിറ്റിയും വെർച്ച്വൽ റിയാലിറ്റിയും പരസ്പരം വേർതിരിച്ചറിയുവാൻ പറ്റാത്തത്ര ഇഴുകിചേർന്നിരിക്കുന്ന ഇന്നത്തെ മനുഷ്യാവസ്ഥയുടെ ആഴത്തിലുള്ള അന്വേഷണമാകേണ്ടിയിരുന്ന ചിത്രം, പക്ഷെ, പ്രേക്ഷകനുമായി സംവദിക്കുവാൻ പൂർണ്ണമായും വിസ്സമ്മതിക്കുന്നു. ഹരിഹരനും രമണിയും കുഞ്ഞിക്കുട്ടൻ നായരുമെല്ലാം ഏതോ അന്യഗ്രഹ ജീവികളേപ്പോലെ നമുക്ക്‌ അനുഭവപ്പെടുന്നു. ചിത്രത്തിന്റെ ശബ്ദരേഖയിൽ മുഴുവൻ സമയവും നിറഞ്ഞു നിൽക്കുന്ന ഹരിഹരന്റെയും രമണിയുടെയും ആത്മഗതങ്ങൾക്ക്‌ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഭാവവും പ്രേക്ഷകന്‌ ചിത്രത്തിലേക്ക്‌ പ്രവേശിക്കുവാനുള്ള അവസാന വാതിലും 
കൊട്ടിയടക്കുന്നു.

ആൾക്കൂട്ടത്തിന്റെ നിലവാരത്തിലേക്ക്‌ താഴേണ്ടവനല്ല കലാകാരൻ, മറിച്ച്‌ അനുവാചകനെ ചിന്തയുടേയും അനുഭവത്തിന്റെയും പുത്തൻ ലാവണ്യബോധത്തിന്റെയും ഉയർന്ന തലത്തിലേക്ക്‌ കൈപിടിച്ചുയർത്തേണ്ടവനാണ്‌ അവൻ. കലാരംഗത്ത്‌ സ്വയം ബ്രാൻഡായി മാറുവാനുള്ള യത്നത്തിൽ സംവേതനക്ഷമമല്ലാത്ത ഭാഷയുടെ ബോധപൂർവ്വമായ പ്രയോഗം കലാകാരന്റെ ആയുധമാകുന്നു. അനുവാചകനുമേൽ ഭാഷാപരമായ ഇത്തരം അയിത്തം കൽപ്പിക്കുന്ന കലാകാരൻ കലയുടെ പ്രാധമിക ധർമ്മത്തെ നിരാകരിക്കുന്നു.

മലയാള സമാന്തര സിനിമയിൽ ഇന്ന് നിലനിൽക്കുന്ന പരിപൂർണ്ണ ശുന്യതക്കും വിപിൻ വിജയ്‌ സൃഷ്ടിച്ചിരിക്കുന്ന സൈദ്ധാന്തിക കൊടുമുടിക്കുമിടയിൽ എവിടയോ നിലനിൽക്കുന്നു യധാർത്ഥ സിനിമയുടെ ഇടം. 'ചിത്രസൂത്രം' സൃഷ്ടിച്ച ഞെട്ടലിൽനിന്നും ഊർജ്ജമുൾക്കൊണ്ട്‌ നമ്മുടെ സിനിമ അവിടേക്കുള്ള പ്രയാണം ആരംഭിക്കുമെന്ന് പ്രത്യാശിക്കാം. 


newer post older post