രവിവർമ്മയുടെ മരം ചുറ്റലിന്റെ സാമൂഹ്യപ്രസക്തിയേപ്പറ്റി...



2 comments

വേഷവിധാനങ്ങളിലെ വ്യത്യസ്തത ഒഴിച്ചുനിർത്തിയാൽ മറ്റേതൊരു ഷാരുഖ് സിനിമയിലുമുള്ള പൈങ്കിളി പ്രേമവും മരം ചുറ്റലും മാത്രമാണ്‌ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അശോക’യിലുമുള്ളത്. ഇതേ സന്തോഷ് ശിവൻ നായകനായി എന്നതുകൊണ്ട് മാത്രം വ്യത്യസ്തമാകുന്ന ലെനിൻ രാജേന്ദ്രന്റെ ‘മകരമഞ്ഞ്’ കണ്ടപ്പോളാണ്‌  ഓർക്കുവാൻ ഇഷ്ടപ്പെടാത്ത ഈ ചിത്രത്തേക്കുറിച്ച് ഓർത്തുപോയത്. ‘അശോക’യിൽ മഹാനായ അശോക ചക്രവർത്തിയെ മരം ചുറ്റിച്ചപ്പോൾ ‘മകരമഞ്ഞി’ൽ ലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയെകൊണ്ടാണ്‌ ഇവർ മരം ചുറ്റിച്ചത്.

ഒരു കലാകാരന്റെ ആത്മസംഘർഷങ്ങൾ
“ഇതൊരു ജീവചരിത്ര സിനിമയല്ല. ചരിത്രവും വ്യക്തിയും അയാളുടെ മനസ്സും തമ്മിലുള്ള സംഘർഷങ്ങളെ കുറിച്ചാണ്‌ ഞാൻ പറയാൻ ശ്രമിച്ചത്. ഈ സിനിമയിൽ ഫാന്റസിയുടെ സാധ്യതകൾ തേടിയിട്ടില്ല. വസ്തുതകളെ അല്പം പോലും അതിഭാവുകത്വത്തിലേക്ക് കൊണ്ടുവരാനോ വെള്ളം ചേർത്ത് നേർപ്പിക്കാനോ കളവു പറയാനോ ശ്രമിച്ചിട്ടില്ല” (ലെനിൻ രാജേന്ദ്രനുമായുള്ള സംഭാഷണം ‘മാതൃഭൂമി ഓൺലൈനി’ൽ)


സംവിധായകൻ തന്റെ സിനിമയേക്കുറിച്ചുതന്നെയാണോ പറയുന്നതെന്ന് സംശയിച്ചുപോകുന്നു. ഉപന്യാസങ്ങൾ പോലുള്ള ഏതാനും സംഭാഷണങ്ങളിൽ കൂടി മാത്രമാണ്‌ രവിവർമ്മയുടെ ഉള്ളിൽ എന്തൊക്കയോ ‘സംഘർഷങ്ങൾ’ നടക്കുന്നുണ്ടെന്ന കാര്യം സംവിധായകൻ നമ്മളോട് പറഞ്ഞുതരുന്നത്. ഇതേപോലുള്ള ഏതാനും സംഭാഷണങ്ങളിൽക്കൂടി രാജാ രവിവർമ്മയുടെ ജീവചരിത്രവും സംക്ഷിപ്ത രൂപത്തിൽ നമുക്കു മുമ്പിൽ അവതരിപ്പിക്കപ്പെടുന്നു.  രവിവർമ്മയുടെ ‘ഉർവ്വശിയും പുരൂരവസ്സും’ എന്ന സൃഷ്ടിക്കായി അദ്ദേഹം ഉപയോഗിക്കുന്ന മോഡലും രവിവർമ്മയും തമ്മിൽ വികസിക്കുന്ന പ്രണയവും ഉർവ്വശീ-പുരൂരവസ്സ് പ്രണയ കഥ എന്ന മിത്തും സമാന്തരങ്ങളായ കഥകളായി പറഞ്ഞു പോകുന്നു ‘മകരമഞ്ഞി’ൽ. ഏതൊരു സാധാരണ ഇന്ത്യൻ കച്ചവട സിനിമയിലും കാണുന്ന തരത്തിലുള്ള ഉപരിപ്ലവമായ ഫാന്റസി ദൃശ്യങ്ങളിലൂടെയാണ്‌ ഈ പ്രണയ കഥകളും അനാവൃതമാകുന്നത്. സിനിമയുടെ അധിക ഭാഗവും ഇത്തരം ദൃശ്യങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നതാണ്‌ ഈ സിനിമയുടെ ദുരന്തം. ചുരുക്കത്തിൽ, ഒരു കലാകാരന്റെ ആത്മസംഘർഷം എന്ന പ്രാധാന്യമുള്ള വിഷയത്തിൽ വെള്ളം ചേർത്ത് ചേർത്ത് ആ വിഷയം തന്നെ ഇല്ലാതാവുന്ന കാഴ്ചയാണ്‌ ‘മകരമഞ്ഞി’ൽ കാണുന്നത്. ഇങ്ങനെ ഉള്ളു പൊള്ളയായ ഒരു ചലച്ചിത്രത്തെ അമിതമായ വർണ്ണങ്ങളും ശബ്ദങ്ങളും പിന്നെ കുറേ മേനിയഴകും കുത്തിനിറച്ച് വളരെ pretentious ആയി അവതരിപ്പിക്കുന്നു ഇവിടെ.

സിനിമയുടെ സാമൂഹിക പ്രസക്തി
തിരക്കഥ എഴുതി ഒരു വഴിക്കെത്തിയപ്പോളാവണം ഈ സിനിമക്കെന്ത് സാമൂഹിക പ്രസക്തി എന്ന സംശയം സംവിധായകനിൽ ഉദിച്ചത്. അതാത് കാലത്തെ വാർത്താമാധ്യമങ്ങളിൽ നിറയുന്ന സാമൂഹിക പ്രശ്നങ്ങളെ അതേപടി സിനിമയിൽ അവതരിപ്പിക്കുമ്പോളാണല്ലോ നമ്മുടെ സിനിമകൾ സാമൂഹിക പ്രസക്തങ്ങളാകുന്നത്. ഇങ്ങനെ അവതരിപ്പിക്കുന്ന സിനിമകളിലൂടെ പ്രേക്ഷകർക്കായി കുറേ ‘സന്ദേശങ്ങൾ’  നല്കുന്നതോടെ സംവിധായകൻ സാമൂഹിക പ്രസക്തനായ ചലച്ചിത്രകാരനായി മാറുന്നു. ഇങ്ങനെയുള്ള സിനിമകൾ കണ്ട് കൈയടിച്ച് അവയേക്കുറിച്ച് പരസ്പരം ‘ചർച്ച’ ചെയ്യുമ്പോൾ സാമൂഹിക ബോധവും ഉത്തരവാദിത്വവുമുള്ള പൗരന്മാരായി മാറുന്നു നമ്മൾ പ്രേക്ഷകർ.

സംഘപരിവാറും എം.എഫ്.ഹുസൈനും തമ്മിൽ അടുത്ത കാലത്ത് നടന്ന സംഘർഷങ്ങളുടെ കഥ അതേപടി സിനിമയിലേക്ക് പകർത്തുന്നതിലൂടെ ‘മകരമഞ്ഞും’ സാമൂഹിക പ്രസക്തിയുള്ള ചലച്ചിത്രമായി പരിണമിക്കുന്നു.

ഊണിലും ഉറക്കത്തിലും പാട്ടു പാടുന്ന നമ്മൾ
“പാശ്ചാത്യന്റെ സംഗീതം രാത്രികളിലെ ആഘോഷത്തിനു മാത്രമുള്ളതാണ്‌. എന്നാൽ എഴുന്നേല്ക്കുന്നതുമുതൽ ഉറങ്ങുന്നതുവരെയാണ്‌ നമുക്ക് സംഗീതം. വയലേലകളിൽ പണിയെടുക്കുമ്പോഴും കാടിന്റെ വിജനതയിലുമെല്ലാം നാം പാട്ടു പാടും. പാശ്ചാത്യന്റെ സിനിമയിൽ പാട്ട് കണ്ടില്ല, അതുകൊണ്ട് ഇവിടെ പാട്ടു കേൾപ്പിക്കുന്നത് അപരാധമാണെന്നും കരുതുന്നത് ഇൻന്ത്യൻ വൈകാരികതയെക്കുറിച്ചുള്ള അജ്ഞത കാരണമാണ്‌. ഏറ്റവും ദേശീയമായ സിനിമയാണ്‌ സാർവ്വദേശീയ സിനിമ എന്ന് കുറസോവ പറഞ്ഞിട്ടുണ്ട്.“ (‘മാതൃഭൂമി’ ഇന്റർവ്യു)

ഈ പ്രസ്താവനയിൽക്കൂടി ലെനിൻ രാജേന്ദ്രൻ രണ്ട് തെറ്റുകൾ ചെയ്യുന്നു. താൻ പറഞ്ഞുവരുന്ന വലിയൊരു നുണയെ സമർത്ഥിക്കുവാനായി മഹാനായ ഒരു ചലച്ചിത്രകാരന്റെ വാക്കുകളെ അസ്ഥാനത്ത് ഉദ്ധരിക്കുന്നു എന്നതാണ്‌ ആദ്യത്തെ തെറ്റ്. തന്റെ ചിന്താദാരിദ്ര്യത്തെ, പ്രതിഭാരാഹിത്യത്തെ മറച്ചുപിടിക്കുവാനായി വളരെ പഴകിയ ഒരു ബോളിവുഡ് സൗന്ദര്യശാസ്ത്രത്തെ വീണ്ടും പൊടിതട്ടി അവതരിപ്പിക്കുന്നു എന്നതാണ്‌ അദ്ദേഹം ചെയ്യുന്ന മറ്റൊരു തെറ്റ്.

വാസ്തവത്തിൽ സംഗീതവും നൃത്തവും ദൈനംദിന ജീവിതത്തിൽനിന്ന് ഇത്രയധികം വറ്റിപ്പോയൊരു ജനത നമ്മേപ്പോലെ ഈ ലോകത്ത് മറ്റെങ്ങും ഉണ്ടാവാനിടയില്ല. പ്രാചീനങ്ങളായ നമ്മുടെ നാടോടി പാട്ടുകളെയും നൃത്തരൂപങ്ങളെയും സിനിമാ പാട്ടുകളും സിനിമാറ്റിക്ക് നൃത്തങ്ങളും പകരം വെച്ചപ്പോൾ സംഭവിച്ച വലിയൊരു ദുരന്തമായിരിക്കാം ഇത്. സിനിമയിലെ സുന്ദരന്മാരും സുന്ദരികളും ചേർന്ന് വലിയ സ്ക്രീനിൽ തീർക്കുന്ന മായാപ്രപഞ്ചത്തിൽ മതിമറന്നിരിക്കുന്ന സാധാരണക്കാരനായ പ്രേക്ഷകനിൽനിന്ന് അവന്റേതായ രീതിയിൽ ചുവടു വെയ്ക്കുവാനും ഈണം മൂളുവാനുമുള്ള ആത്മവിശ്വാസം നമ്മുടെ ജനപ്രിയ സിനിമ ചോർത്തിക്കളയുന്നു. ബോളിവുഡ് മ്യൂസിക്കലുകളുടെ അനുകരണങ്ങളായി ‘വളർന്ന’ പ്രാദേശിക ഭാഷാ സിനിമകൾ പ്രാദേശികമായ ഈണങ്ങളും താളങ്ങളും നമ്മുടെ നാടിന്‌ അന്യമാക്കുകയും ചെയ്തു. സിനിമക്ക് കാര്യമായി സ്വാധീനമില്ലാത്ത ആദിവാസികളുടെ ഇടയിൽ മാത്രമാണ്‌ ഇന്ന് ജനകീയമായ സംഗീതവും നൃത്തവും നിലനിൽക്കുന്നത് എന്നുവേണം മനസ്സിലാക്കുവാൻ. ബോളിവുഡ് സിനിമകളുടെ പ്രകടമായ പൊള്ളത്തരത്തെ മറച്ചുപിടിക്കുവാനായി അവിടത്തെ ‘ബുദ്ധിജീവി’കൾ സൃഷ്ടിച്ചെടുത്ത വികലമായ, സത്യസന്ധത തെല്ലുമില്ലാത്ത സൗന്ദര്യശാസ്ത്ര സങ്കല്പം മാത്രമാണ്‌ ലെനിൻ രാജേന്ദ്രനിൽനിന്നും ഇപ്പോൾ നാം കേൾക്കുന്നത്. ലെനിൻ രാജേന്ദ്രന്റെ സിനിമകൾ പൊതുവേ ആഘോഷിക്കാറുള്ള ഇന്ത്യൻ ശാസ്ത്രീയ സംഗീതം ഒരു സാധാരണ ഇന്ത്യക്കാരന്റെ സെൻസിബിലിറ്റിയുടെ ഭാഗമല്ലെന്നും ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ ആസ്വാദനസദസ്സുകളിൽ ഒതുങ്ങി നില്ക്കുന്നതാണെന്നുള്ള സത്യം അദ്ദേഹം സൗകര്യപൂർവ്വം വിസ്മരിക്കുന്നു ഇവിടെ.


സിനിമയെന്നത് വ്യത്യസ്തങ്ങളായ കുറേ കലാരൂപങ്ങളുടെ സങ്കലനത്തിൽക്കൂടി ഉണ്ടാവുന്ന വികൃതമായ ഒരു മിസ്രിതം മാത്രമല്ല. വളര വ്യ്ക്തമായ സ്വഭാവവിശേഷതകളുള്ള സ്വതന്ത്രമായ കലാരൂപമായി സിനിമ വികസിച്ചിട്ട് നാളേറെയായി. ഓരോ ജനതയും അവരുടെ ആശകളും നിരാശകളും സന്തോഷവും ദു:ഖവുമൊക്കെ ഓരോ അനുഭവങ്ങളായി പ്രേക്ഷകനിലേക്ക് പകർന്നു നൽകുന്ന മഹത്തായ ചലച്ചിത്രങ്ങൾ ലോകസിനിമയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ കാലഹരണപ്പെട്ട നുണക്കഥകൾ വീണ്ടും വീണ്ടും ആവർത്തിച്ച് സ്വയം വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നു.
     
newer post older post