ആസുരതയുടെ വേരുകൾ തേടി...



5 comments
മനുഷ്യസ്വഭാവത്തിൽ വളരെ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒന്നാണ്‌ അവന്റെ ആസുരഭാവം. സമചിത്തമായ, ആഴമേറിയ അന്വേഷണങ്ങൾക്ക്‌ പാത്രമാവേണ്ട ഈ വിഷയം, പക്ഷെ, സൗന്ദര്യവത്കരിക്കപ്പെട്ട എന്റർറ്റൈന്‍മന്റുകളായി സിനിമകളിലൂടെ വിറ്റഴിക്കപ്പെടുന്ന ട്രെൻഡ്‌ മലയാളത്തിലും കണ്ടുതുടങ്ങിയിരിക്കുന്നു. ഈ വിഷയത്തെപ്പറ്റി പ്രതിപാദിച്ച മുൻ പോസ്റ്റിന്‌ തുടർച്ചയായി മനുഷ്യന്റെ ഈ ആസുരഭാവത്തെപ്പറ്റി ആഴത്തിലന്വേഷിക്കുവാൻ ശ്രമിച്ച ഒരു സമകാലിക മലയാള ചലച്ചിത്രത്തെപ്പറ്റി പറയുന്നത്‌ ഉചിതമാകുമെന്ന് കരുതുന്നു. നമ്മുടെ നട്ടിലെ നിരൂപകരും ബുദ്ധിജീവികളും വയലൻസ്‌ സിനിമകളുടെ സ്തുതിപാഠകരായി മാറിയ ഇക്കാലത്ത്‌ ജനപ്രിയ സിനിമയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുതന്നെ ഈ ഒഴുക്കിനെതിരെ നീന്തുവാൻ ശ്രമിച്ച രൺജിത്തിന്റെ 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന ചിത്രം അതിന്റെ പ്രമേയത്താലും ആഖ്യാനരീതികൊണ്ടും ശ്രദ്ധേയമായൊരു സൃഷ്ടിയാണ്‌.

ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലെ ഒരു പാതിരാത്രിയിൽ പാലേരി എന്ന മലബാർ ഗ്രാമത്തിൽ രണ്ട്‌ ദുർമരണങ്ങൾ സംഭവിക്കുന്നു. ചീരുവിന്റെ പുത്രന്റെ നവവധുവായ മാണിക്യത്തെ തൂങ്ങി മരിച്ച നിലയിലും ഗ്രാമത്തിലെ ക്ഷേത്ര പൂജാരിയെ പുഴക്കടവിൽ മരിച്ച നിലയിലുമാണ്‌ കാണപ്പെട്ടത്‌. അതേ രാത്രിയിൽത്തന്നെ പാലേരിയിൽ ഒരു ജനനവും നടക്കുന്നു. പാലേരി മാണിക്യത്തിന്റെ മരണത്തിനു പിന്നിലെ സത്യം തേടി അരനൂറ്റാണ്ടിനു ശേഷം പാലേരിയിലെത്തുന്ന ഡിക്റ്ററ്റീവ്‌ ഹരിദാസാണ്‌ അന്നു രാത്രിയിൽ ജനിച്ച കുട്ടി. ടി.പി.രാജീവന്റെ 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന നോവലിനെ അവലംബിച്ച്‌ രൺജിത്തൊരുക്കുന്ന ഈ ചിത്രം ഹരിദാസെന്ന കഥാപാത്രം പാലേരിയിൽ നടത്തുന്ന അന്വേഷണങ്ങളിൽക്കൂടി വികസിക്കുന്നു.

പാലേരി ഗ്രാമത്തിന്റെ മിത്തായി മാറിയ മാണിക്യത്തിന്റെ കഥ കേട്ടാണ്‌ ഹരിദാസ്‌ വളരുന്നത്‌. വളർന്ന് വലുതായതിനു ശേഷവും എന്തുകൊണ്ടോ അയാളെ മാണിക്യത്തിന്റെ കഥ വിടാതെ പിന്തുടർന്നു. അയാളുടെ ഭാഷയിൽ പറഞ്ഞാൽ മാണിക്യത്തിന്റെ തേങ്ങൽ അയാളുടെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കി. മാണിക്യത്തിന്റെ മരണത്തിന്‌ പിന്നിലെ സത്യം കണ്ടെത്തിയാൽ മാത്രമേ തനിക്ക്‌ മന:ശാന്തി ലഭിക്കൂ എന്ന് അയാൾ വിശ്വസിച്ചു. അങ്ങനെ തെളിവുകളില്ലെന്ന പേരിൽ അരനൂറ്റാണ്ട്‌ മുമ്പ്‌ എഴുതിത്തള്ളിയ മാണിക്യം കൊലക്കേസ്സ്‌ വ്യക്തിപരമായ രീതിയിലന്വേഷിക്കുവാൻ അയാൾ സരയൂ എന്ന ക്രിമിനലോളജിസ്റ്റിനൊപ്പം പാലേരിയിലെത്തുന്നു. അവർ അവിടെ ഭാര്യാ-ഭർത്താക്കന്മാരെന്ന വ്യാജേന കഴിയുന്നു.

മാണിക്യത്തിന്റെ മരണത്തിനുത്തരവാദികളായി പലരേയും സംശയിക്കാമെങ്കിലും ജന്മിയും സ്ത്രീലമ്പടനുമായ അഹമ്മദ്‌ ഹാജിയിൽ എത്തിച്ചേരുന്നു ഹരിദാസിന്റെ അന്വേഷണങ്ങൾ. ഹാജി വിത്തുപാകി ജനിപ്പിച്ച പാലേരി ഗ്രാമത്തിലെ അനേകം ജാരസന്തതികളിലൊരുവനാണ്‌ താനെന്ന് ഹരിദാസ്‌ ഈ അവസരത്തിൽ സരയുവിനോട്‌ വെളിപ്പെടുത്തുന്നു. അഹമ്മദ്‌ ഹാജി സ്വന്തമാക്കുവാൻ ആഗ്രഹിച്ച മാണിക്യത്തെ കൊലപ്പെടുത്തിയത്‌ അയാളല്ലെന്നും അയാളുടെ മകൻ ഖാലിദ്‌ അഹമ്മദ്‌ ആണെന്നും പിന്നീടുള്ള അന്വേഷണത്തിൽ വെളിപ്പെടുന്നു. തന്റെ പിതാവിനെ സംശയമുനയിൽ നിർത്തിയ ഹരിദാസിന്റെ അന്വേഷണം ഒടുവിൽ അവസാനിച്ചതാവട്ടെ പണ്ഡിതനും കവിയുമൊക്കെയായ തന്റെ അർദ്ധസഹോദരനിലും.

വർത്തമാന കാലത്തിന്റെ നീറുന്ന ജീവിത പ്രശ്നങ്ങളെ നേരിടുവാനാവാതെ ഭൂതകാലത്തിന്റെ തണൽ തേടി പാലായനം ചെയ്യുന്ന കഥാപാത്രങ്ങളെ നമ്മുടെ സിനിമയിലും സാഹിത്യത്തിലും ധാരാളമായി നാം കണ്ടിട്ടുണ്ട്‌. പാലേരിയിലെത്തുന്ന ഹരിദാസാവട്ടെ തേടുന്നത്‌ വർത്തമാനകാല ക്രൂരതകളുടേയും വഞ്ചനകളുടേയും ഭൂതകാലത്തിലെ വേരുകളാണ്‌. അയാളുടെ അന്വേഷണം അവസാനിക്കുന്നതാവട്ടെ സ്വന്തം ചോരയുടെ നടുക്കുന്ന ബീഭത്സത തിരിച്ചറിഞ്ഞുകൊണ്ടും. ഹാജിയുടേയും ഖാലിദിന്റെയും സ്വഭാവ വൈകല്യങ്ങളുടെ വിത്തുകൾ തന്നിലേക്കും സംക്രമിച്ചിട്ടുണ്ടെന്ന തിരിച്ചറിവും ഹരിദാസിനുണ്ടാവുന്നുണ്ട്‌. 

ഒരു കൊലപാതകം അന്വേഷിക്കുന്ന ഡിക്റ്ററ്റീവിന്റെ വിവരണങ്ങളിൽക്കൂടി നമ്മുടെ മുമ്പിൽ അനാവൃതമാകുന്നത്‌ ഒരു നാടിന്റെ പൂർവ്വകാല ചരിത്രമാണ്‌. ജന്മിത്തത്തിന്റെയും ജാതീയതയുടെയും ക്രൂരകഥകൾ ഉറഞ്ഞുകിടക്കുന്ന പൂർവ്വകാലം. അവിടേക്ക്‌ സമൂല മാറ്റത്തിന്റെ കൊടുങ്കാറ്റടിക്കുവാൻ തുടങ്ങിയപ്പോൾ പുതിയൊരു ജീവിതത്തെക്കുറിച്ച്‌ സ്വപ്നം കാണുവാൻ തുടങ്ങിയ ഒരു പുതുതലമുറയെ നാം കണ്ടുമുട്ടുന്നു. കൊടുങ്കാറ്റിന്റെ കോളും കാറും പൊടിപടലവും ഒതിങ്ങിയപ്പോൾ അവർ കണ്ടതാവട്ടെ വേഷങ്ങളും ഭാഷയുമൊക്കെ മാറിയിട്ടും സ്ഥായിയായ മാറ്റങ്ങളൊന്നും സംഭവിക്കാത്ത തങ്ങളുടെ ജീവിതങ്ങളെയാണ്‌. എഴുതപ്പെട്ട ചരിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നാട്ടുപ്രമാണിമാരേയും രാഷ്ട്രീയ പ്രമാണിമാരേയും നാം ഇവിടെ കണ്ടുമുട്ടുന്നു. ചരിത്രപുസ്തകത്തിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ട കുറേ സാധാരണക്കാരേയും നാം കണ്ടുമുട്ടുന്നു. തങ്ങളുടെ റോളുകളിൽ കാലകാലങ്ങളായി പരാജയപ്പെട്ടുപോന്നിട്ടുള്ള ഇവർക്ക്‌ വിജയികളുടെ വീരചരിത്രമെഴുതിയ പുസ്തകത്തിലെവിടെ സ്ഥാനം?

നാട്ടുപ്രമാണിയായ ഹാജിയുടെ വെപ്പാട്ടിയാകുവാൻ നിർബ്ബന്ധിതയാകുന്ന, അയാൾക്ക്‌ അവളുടെ ശരീരം മടുത്തുതുടങ്ങിയപ്പോൾ ഗ്രാമ വേശ്യയായി പരിണമിക്കുന്ന ചീരു ചരിത്ര ഗതിയിൽ സംഭവിച്ച വിപ്ലവകരമായ മാറ്റത്തെ അറിയുകപോലും ചെയ്യാതെ തന്റെ കാലം കഴിച്ചവളാണ്‌. ബാർബ്ബർ കേശവനാവട്ടെ മാറ്റമെന്ന പ്രക്രിയയെ ആവേശത്തോടെ സ്വീകരിച്ച്‌ അതിൽ പങ്കാളിയാകുവാൻ ഇറങ്ങിത്തിരിച്ചവനാണ്‌. വിപ്ലവം വന്നാലും സൂര്യൻ പടിഞ്ഞാറുദിച്ചാലും അമ്പട്ടനെന്നും അമ്പട്ടൻ തന്നെയായിരിക്കുമെന്ന് സ്വന്തം സഖാവിൽനിന്നുത്തന്നെ തിരിച്ചറിഞ്ഞ കേശവന്റെ മോഹഭംഗത്തിനുനേരെയും ചരിത്ര പുസ്തകങ്ങൾ കണ്ണടക്കുന്നു. അങ്ങനെ മനസ്സിൽത്തട്ടിനിൽക്കുന്ന കുറെ കഥാപാത്രങ്ങൾ.

പാലേരി ഗ്രാമത്തിന്റെ ഹൈസ്കൂൾ ഈ ചിത്രത്തിലെ ശക്തമായ ബിംബമാണ്‌. കേശവന്റെ ഭാഷയിൽ പറഞ്ഞാൽ മാണിക്യത്തിന്റെ ശവശരീരത്തിനുമേൽ പണിത വിദ്യാലയം. മാണിക്യം കൊലക്കേസിലെ എല്ലാ തെളിവുകളും തനിക്കെതിരാണെന്ന് മനസ്സിലാക്കുന്ന ഹാജി കേസ്സിൽനിന്നും തലയൂരുവാനായി പാർട്ടി നേതാവായ ടി.കെ.ഹംസയുമായി ഒരു കരാറിലേർപ്പെടുന്നു. തനിക്കനുകൂലമായി കേസിന്റെ വഴിതിരിച്ചുവിടുന്നതിന്‌ അയാൾ പാർട്ടിക്ക്‌ തന്റെ പത്തേക്കർ ഭൂമി വിട്ടുനൽകുന്നു. ആ ഭൂമിയിൽ ഇന്ന് പാലേരിയിലെ ഹൈസ്കൂൾ തലയുയർത്തിനിൽക്കുന്നു. ശ്രദ്ധയോടെ ശ്രവിച്ചാൽ തലമുറകളെ വിദ്യാസമ്പന്നന്മാരും സംസ്കാരസമ്പന്നന്മാരും ആക്കിതീർത്ത ഈ വിദ്യാലയത്തിന്റെ അടിവാരത്തുനിന്നും മാണിക്യങ്ങളുടെ തേങ്ങലുകൾ കേട്ടെന്നു വരാം. മാനവ സംസ്കാരമെന്ന മനോഹര ആശയം മനുഷ്യക്രൂരതകളുടേയും പാപങ്ങളുടേയും മുകളിൽ കെട്ടിപ്പടുത്ത മണിമാളിക മാത്രമാണെന്ന് പാലേരിയിലെ ഹൈസ്കൂൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ സമാന്തര സിനിമ വിലകുറഞ്ഞ ഗുണദോഷകഥകളായി പരിണമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ജനപ്രിയ സിനിമയുടെ ചട്ടക്കൂട്ടിൽനിന്നും സാമാന്യം ആഴമുള്ളൊരു ചലച്ചിത്രം ഉണ്ടാവുന്നത്‌ ആശ്വാസകരമായ കാഴ്ചയാണ്‌. 

5 comments:

Anonymous at: 1 December 2010 at 4:42 pm said...

വളരെ കോം പ്ളിക്കേറ്റഡ്‌ ആയ ഒരു നോവലിനെ സിനിമക്കുള്ളില്‍ കൊണ്ടൂ വരാന്‍ സാധിച്ചത്‌ തന്നെ തിരക്കഥാക്ര്‍ത്തിണ്റ്റെ വിജയം ആണു, എന്നാല്‍ പണ്ടത്തെ സിനിമയായ ഉത്തരം എന്ന മമ്മൂട്ടി സിനിമയിലെ പോലെ ഒരു ട്വിസ്റ്റ്‌ ഇതില്‍ കൊണ്ടു വരുന്നുണ്ട്‌, നോവലില്‍ ഖാലിദ്‌ ആത്മഹത്യ ചെയ്യുന്നില്ല, ഹരിദാസ്‌ ഒളി സന്തതിയുമല്ല, നോവലിലെ ഡീവൈ എസ്‌ പി മണലാത്തിനെ ശശി കലിംഗ എന്ന നടന്‍ അനശ്വരനാക്കി നോവല്‍ വായിക്കുന്ന ആള്‍ക്ക്‌ അതേ കഥാപാത്രമായി ശശിയെ കാണാന്‍ കഴിയും നോവല്‍ വായിച്ചിട്ട്‌ ഈ സിനിമ കാണുന്നതാണു നല്ലത്‌ എങ്കിലെ രന്‍ ജിത്തിനെ കഴിവ്‌ മനസ്സിലാകു.

Rajmohan at: 1 December 2010 at 7:46 pm said...

നോവൽ വായിച്ചിട്ടില്ല. ഹരിദാസിനെ ഹാജിയുടെ ജാരസന്തതിയും ഖാലിദിനെ അർദ്ധസഹോദരനും ആക്കിയത്‌ മമ്മൂട്ടിക്ക്‌ മൂന്നു റോളുകൾ നൽകാനാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌. പക്ഷെ, എന്റെ അഭിപ്രായത്തിൽ ഇങ്ങനെ ചെയ്യുക വഴി സിനിമ പുതിയൊരു തലത്തിലേക്ക്‌ ഉയർത്തപ്പെടുന്നുണ്ട്‌. ഇവിടെ ഹരിദാസ്‌ അയാളുടെ തന്നെ ചോരയുടെ യഥാർത്ഥ നിറം തിരിച്ചറിയുകയാണ്‌ ചെയ്യുന്നത്‌.

Shaji T.U at: 3 December 2010 at 12:41 am said...

സംഭാഷണങ്ങളെ അമിതമായി ആശ്രയിക്കുന്ന ഒരു രഞ്ജി ലൈന്‍ ഈ ചിത്രത്തിനുമുണ്ട്. 'പറച്ചിലായി' പരിണമിക്കുന്ന കഥാകഥനം ചിത്രത്തിന്റെ ഗുണനിലവാരത്തില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലേ??

Rajmohan at: 4 December 2010 at 1:07 pm said...

ഷാജി, തീർച്ചയായും ‘പാലേരി’യിലെ അമിതമായ വെർബ്ബൽ നരേഷൻ ഈ സിനിമയുടെ ആസ്വാദനത്തിലെ കല്ലുകടി തന്നെയാണ്‌. ഇനിയുമെത്രയോ ആഴമേറിയ സിനിമയാകേണ്ട വിഷയമാണ്‌ ‘പാലേരി’യുടേത്.

നമ്മുടെ സിനിമാ ആചാര്യന്മാർ സിനിമാറ്റിക്കായ വിഡ്ഢിത്തങ്ങൾ പടച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് അത്ര സിനിമാറ്റിക്കല്ലാത്തതെങ്കിലും ചില അടിസ്ഥാനപരമായ ചിന്തകളിലേക്ക് നമ്മെ നയിക്കാൻ പ്രാപ്തമാണ്‌ ഈ ചിത്രമെന്ന് ഞാൻ കരുതുന്നു.

akhilesh at: 2 January 2011 at 6:02 pm said...

കഥാപാത്രങ്ങള്‍ തമ്മിലുള്ള സമാനതകളും അന്തരങ്ങളും അടിവരയിട്ടു കാണിക്കാന്‍ ഒരു നടനെക്കൊണ്ട് ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്‌ ചിലപ്പോഴെങ്കിലും നല്ല സങ്കേതമാണ്. പക്ഷെ, അതാണ്‌ രഞ്ജിത്ത് ഇവിടെ ഉദ്ദേശിച്ചത് എന്ന് തോന്നുന്നില്ല. അതായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഹരിദാസിന്റെയും ഖാലിദിന്റെയും കഥാപാത്രങ്ങള്‍ കടലാസിനെക്കാളും കനം കുറഞ്ഞവയാവില്ലായിരുന്നു; സ്ത്രീപുരുഷ ബന്ധങ്ങളുടെ നൈതികതയെ ലാഘവബുദ്ധിയോടെ കാണുന്ന ഹരിദാസ്, അമ്പതു വര്‍ഷം മുന്‍പ് ചോരത്തിളപ്പില്‍ നടന്ന ഒരു ബലാല്‍സംഗത്തിന്റെ പേരില്‍, ഖാലിദിന്റെ മുന്‍പില്‍ moral high horse അവലംബിക്കുന്ന രീതിയില്‍ അവസാന രംഗം സംവിധായകന്‍ ഒരുക്കുകയുമില്ലായിരുന്നു. അഹമ്മദ് ഹാജി മുഴുനീളനായകകഥാപാത്രമല്ലാത്തത് കൊണ്ട് അവാര്‍ഡിന് മമ്മൂട്ടിയെ പരിഗണിക്കാനുള്ള കളിയായിട്ടെ ട്രിപ്പിള്‍ റോള്‍ തോന്നിയുള്ളൂ.

ഷാജിയോട് യോജിക്കുന്നു. verbose style കാരണം ചിത്രം pretentious ആയി, ഹരിദാസിന്റെ characterizationഎയും അത് ബാധിച്ചു.

അഹമ്മദ് ഹാജിയെ ഒരു supermacho കഥാപാത്രമായി ആരാധിക്കാതിരുന്നെങ്കില്‍ ആ characterization കുറച്ചു കൂടി നന്നാകുമായിരുന്നു എന്ന് തോന്നുന്നു.

എന്നിരുന്നാലും മലയാളത്തിലെ സാമാന്യത്തില്‍ നിന്നും ഭേദമാണ് ഈ ചിത്രം.

Post a Comment

newer post older post