ഇനി ഞാഞ്ഞൂലുകളുടെ കാലം...



5 comments

“വിദേശ ലേഖകന്മാർ തീട്ടം കണ്ടു മടങ്ങിയതിനുശേഷം സ്വദേശികൾ പാത്രത്തിനു ചുറ്റും തിരക്കിക്കൂടി. തീട്ടത്തിന്റെ കൊച്ചു തരിമ്പുകൾ മാന്തിയെടുത്ത് രുചിക്കുവാൻ തുടങ്ങി. ‘ഗാംഭീര്യമുള്ളത്’ ഒരുത്തൻ പറഞ്ഞു.”


- ധർമ്മപുരാണം, ഒ.വി.വിജയൻ




ഇത് ഗ്രഹണകാലം, ഞാഞ്ഞൂലുകളുടെ വസന്തകാലം. ഏറെനാളായി അർമ്മാദത്തിന്റെ ലഹരിയിൽ തുള്ളിക്കളിച്ചുകൊണ്ടിരുന്ന ഞാഞ്ഞൂൽക്കുഞ്ഞുങ്ങൾ തങ്ങൾക്ക് മുമ്പിൽ വിശ്വരൂപം പൂണ്ട് തലയുയർത്തിനിൽക്കുന്ന ഞാഞ്ഞൂൽ ദൈവത്തെ കണ്ട് എതാണ്ട് നിർവ്വാണാവസ്ഥയിൽ എത്തി നില്ക്കുന്ന സമയമാണ്‌ ഇപ്പോൾ.

‘കൃഷ്ണനും രാധയും’ എന്ന തന്റെ ‘സൃഷ്ടി’യുമായി എത്തിയ സന്തോഷ് പണ്ഡിറ്റ് എന്ന അവതാരം മലയാളിക്ക് മുമ്പിൽ വിചിത്രമായൊരു സമസ്യയായി മാറിയിരിക്കുന്നു. ഈ ചിത്രത്തെ ഒരാഘോഷമാക്കിമാറ്റിയ മലയാളി പ്രേക്ഷകൻ അവനെ ഈ ചിത്രം എങ്ങനെ ആവേശിച്ചു എന്ന് സ്വയം ആലോചിച്ച് അന്ധാളിച്ച് നിൽക്കുന്നു. മുമ്പെങ്ങും കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ ഒരു ചലച്ചിത്രം കണുക എന്ന പ്രവർത്തിയെ പ്രേക്ഷകൻ ഉറക്കെ ന്യായീകരിക്കുന്നു. പലയിടത്തുനിന്നായി കേട്ട അവരുടെ വാക്കുകളെ വിശ്വസിക്കാമെങ്കിൽ വളരെ വ്യക്തവും വ്യത്യസ്തവുമായ ഉദ്ദേശ്യങ്ങളോടെയാണ്‌ ഇവർ ‘കൃഷ്ണനും രാധയും’ കാണുവാൻ തടിച്ചുകൂടിയത്. നിലവിലുള്ള നമ്മുടെ സിനിമയുടെ നിലവാരത്തകർച്ചയിൽ പ്രതിഷേധിക്കുവാൻ, വ്യവസ്ഥാപിതമായ എല്ലാത്തിനേയും തകർത്തെറിയുവാൻ കച്ചകെട്ടിയിറങ്ങിയ അഭിനവ ചെഗ്വേരമാരാണ്‌ ഇതിൽ ഒരു കൂട്ടർ. മൂന്നുമണിക്കൂറോളം നിർത്താതെ മനസ്സറിഞ്ഞ് കൂവുവാനും പച്ചമലയാളത്തിൽ പുളിച്ച തെറി വിളിക്കുവാനുമുള്ള സുവർണ്ണാവസരം മുതലെടുക്കുവാൻ എത്തിയവരാണ്‌ മറ്റൊരുകൂട്ടർ. പദ്മരാജന്റെ സിനിമ പദ്മരാജന്റെ സിനിമ കാണുന്നതുപോലെയും പണ്ഡിറ്റിന്റെ സിനിമ പണ്ഡിറ്റിന്റെ സിനിമ കാണുന്നതുപോലെയും കാണുവാനുള്ള അത്ഭുത വിദ്യ കൈവശമുള്ളവരാണ്‌ മറ്റൊരു കൂട്ടർ. തങ്ങളുടെ സംവേദന നിലവാരത്തിലേക്ക് ഇറങ്ങിവന്ന് തങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട സിനിമാ ദൃശ്യങ്ങൾ വലിയ സ്ക്രീനിൽ കണ്ട് ആനന്ദപുളകിതരാവാൻ എത്തിയവരാണ്‌ മറ്റൊരുകൂട്ടർ. അങ്ങനെ വിവിധോദ്ദേശ്യങ്ങളുമായി തിയറ്ററുകളിൽ സമ്മേളിച്ച ഇവർ എല്ലാ വ്യത്യാസങ്ങളും മറന്ന്, തോളോടു തോൾ ചേർന്ന്, കൈകോർത്ത്, ആഹ്ലാദിച്ച്, അർമ്മാദിച്ച് സംഘനൃത്തം ചവിട്ടുന്ന അത്ഭുതകാഴ്ചകളാണ്‌ ഇന്ന് നാം കാണുന്നത്. തന്റെ ചിത്രത്തിന്റെ ഈ ചരിത്രവിജയത്തിനു പിന്നിലെ പ്രേക്ഷകനെ വളരെ വ്യക്തമായി മനസ്സിലാക്കിയ സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ തങ്കലിപികളിൽ എഴുതി നമുക്ക് ചില്ലിട്ടു വെക്കാം: “ഒരു ജനത അർഹിക്കുന്ന നിലവാരത്തിലുള്ള സിനിമകൾ അവർക്ക് ലഭിക്കുകതന്നെ ചെയ്യും. ഞാൻ അവർക്ക് പകർന്നു നൽകിയത് മറ്റൊന്നുമല്ല. എന്റെ ചിത്രത്തിന്റെ വിജയം എന്നെ അത്ഭുതപ്പെടുത്തുന്നില്ല.“


മധ്യവർഗ്ഗ അർമ്മാദത്തിന്റെ കേരളം
തിരുവനന്തപുരം ചലച്ചിത്രമേളയിൽ അലക്സാണ്ടർ സോഖറോവിന്റെ ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ തൊട്ടുപിന്നിൽ ഇരുന്ന രണ്ടു ചെറുപ്പക്കാർ തമ്മിൽ നടന്ന സംഭാഷണം ചെവിയിൽപ്പേട്ടു. ”ഏതവനടേ ഇവനെ ക്യാമറ പ്ലേസ് ചെയ്യാൻ പഠിപ്പിച്ചത്“. സുഹൃത്തിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് അടുത്തിരുന്നയാൾ പറഞ്ഞു: ”അതെ അതെ, സിനിമാറ്റിക്കായ ഷോട്ടുകൾ എടുക്കാൻ നമ്മൾത്തന്നെ ഇയാളെ പഠിപ്പിക്കേണ്ടി വരും“. കൂണുകൾ പോലെ മുളച്ചുവരുന്ന മീഡിയാ സ്കൂളുകളിൽ ഒന്നിൽ നിന്നുള്ള വിദ്യാർത്ഥികളാണ്‌ ഇവരെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. അല്പജ്ഞാനത്തിന്റെ ഈ ആഘോഷമാണ്‌ ഇന്ന് നാം എവിടെയും കാണുന്നത്. അറിവ് എന്ന് തെറ്റിധരിച്ച് വെട്ടിവിഴുങ്ങുന്ന informationന്റെ ആഘോഷം മുതൽ കള്ളുകുടിയുടേയും അപ്പിയിടലിന്റെയും ആഘോഷം വരെ നാം ദിവസവും കൊണ്ടാടുന്നു.  

ഒരു ജനത അനുഭവിക്കുന്ന ഒരു പ്രത്യേക അവസ്ഥയെ അല്ലെങ്കിൽ വികാരത്തെ നിലവിലുള്ള വാക്കുകൾക്കൊണ്ട് വിവരിക്കുവാൻ സാധിക്കാതെ വരുമ്പോൾ അവർ ആ അവസ്ഥയെ പൂർണ്ണമായും ഉൾക്കൊള്ളുന്ന പുതിയ വാക്കിനെ നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നു. അങ്ങനെ കുറച്ചു കാലമായി കേട്ടുവരുന്ന ഒരു വാക്കാണ്‌ ‘അർമ്മാദിക്കൽ’. അതെ, നമ്മൾ വെറും ആഘോഷങ്ങൾ എന്നേ നിർത്തിയിരിക്കുന്നു. നമുക്ക് നമ്മുടെ ജീവിതങ്ങൾ അർമ്മാദിക്കുവാനുള്ളതാണ്‌.

കേരളത്തിന്റേതു മാത്രമായ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ സവിശേഷതകൾ കൊണ്ടാവാം ഇന്ത്യയിൽ മറ്റെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഭൗതിക നേട്ടങ്ങൾ നമുക്ക് കൈവരിക്കുവാൻ സാധിച്ചത്. എന്നാൽ ഈ നേട്ടങ്ങൾക്കൊപ്പം മാനസികമായ വളർച്ച കൈവരിക്കുവാൻ നമുക്ക് സാധിച്ചില്ല എന്നതാണ്‌ നമുക്കുണ്ടായ ദുരന്തം. വാസ്തവത്തിൽ നമ്മിലെ ആത്മീയതയെ അടിച്ചമർത്തിയാണ്‌ ഭൗതികമായ നേട്ടങ്ങൾ നമ്മിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുന്ന നമ്മളിൽ നമ്മിലേക്ക് തന്നെ സ്വയം തിരിഞ്ഞ് നോക്കാനും സ്വയം മനസ്സിലാക്കുവാനുമുള്ള കഴിവ് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. നമ്മൾ voyeuristകളുടെയും exhibitionistകളുടെയും വലിയൊരു സമൂഹമായി മാറിയിരിക്കുന്നു. ഈ രണ്ട് അധമ വികാരങ്ങളുടെ വിചിത്രമായ സമ്മേളിക്കൽ നമ്മളിൽ സംഭവിച്ചിരിക്കുന്നു.


സാസ്കാരിക രംഗത്തെ അർമ്മാദം
ഈ ഗ്രഹണകാലത്ത് ഏറ്റവും അധികം ദുർഗ്ഗന്ധം വമിക്കുന്നത് സാസ്കാരിക രംഗത്തുനിന്നാണ്‌ (സാഹിത്യം, സിനിമ, മറ്റു കലാരൂപങ്ങൾ തുടങ്ങിയവയെ പരമ്പരാഗതമായി ഈ ഗണത്തിൽ ഉൾപ്പെടുത്താറുള്ളതുകൊണ്ട് ഇങ്ങനെ ഉപയോഗിച്ചു എന്നു മാത്രം). ഒരു സമൂഹത്തിൽ പടർന്നു പിടിക്കുന്ന മഹാരോഗത്തെ അതിന്റെ ആരംഭത്തിൽത്തന്നെ തിരിച്ചറിയേണ്ട ഭിഷഗ്വരന്മാരാവേണ്ട നമ്മുടെ സാംസ്കാരിക രംഗം ഇവിടെ നേരേ എതിർദിശയിലാണ്‌ പ്രവർത്തിക്കുന്നത് എന്നതാണ്‌ വാസ്തവം. യഥാർത്ഥത്തിൽ രോഗവാഹകരായി മാറിയിരിക്കുന്നു ഇവരിൽ പലരും. അസൂയ, പരസ്പര വിദ്വേഷം, അസഹിഷ്ണുത, ധാർഷ്ട്യം തുടങ്ങിയ വികാരങ്ങളാണ്‌ സാംസ്കാരിക രംഗത്തെ ഇന്ന് നയിക്കുന്നത്. സമൂഹത്തിന്റെ പൊതുവായ അർമ്മാദിക്കലിനേക്കാൾ വികൃതമായ കാഴ്ചയാണ്‌ നമ്മുടെ സാംസ്കാരിക നായകന്മാരുടെ അർമ്മാദിക്കൽ. ആ അർത്ഥത്തിൽ സന്തോഷ് പണ്ഡിറ്റ് നമ്മുടെ സാംസ്കാരിക രഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയാം.


സന്തോഷ് പണ്ഡിറ്റ് എന്ന സാംസ്കാരിക നായകൻ
യഥാർത്ഥത്തിൽ  ആരാണ്‌ ഈ സന്തോഷ് പണ്ഡിറ്റ്? നാം എന്തിന്‌ അദ്ദേഹത്തെ മാത്രം ക്രൂശിലേറ്റാൻ ശ്രമിക്കുന്നു?

മലയാള സിനിമ കാലങ്ങളായി ഉപയോഗിച്ച് പോന്നിട്ടുള്ള ചേരുവകൾ തന്നെയാണ്‌ ‘കൃഷ്ണനും രാധയിലും’ ഉള്ളത് എന്നതിൽ ആർക്കും തർക്കമുള്ളതായി തോന്നുന്നില്ല. കാലങ്ങളായി നാം കണ്ട് ശീലിച്ച നമ്മുടെ തന്നെ സിനിമയുടെ കാരിക്കേച്ചറായി ഈ സിനിമ മാറിയിരിക്കുന്നു എന്നതാണ്‌ ഇവിടെ സംഭവിച്ചത്. തങ്ങളുടെ സിനിമകളുടെ കലാരാഹിത്യത്തെ കൃത്രിമമായ ഗൗരവത്തിന്റെ, വാക് ചാതുര്യത്തിന്റെ പുകമറയാൽ മൂടിവെക്കുന്നതിൽ നമ്മുടെ സിനിമാക്കാർ വിജയിക്കുമ്പോൾ സന്തോഷ് പണ്ഡിറ്റ് തന്റെ പൊങ്ങച്ചം പറച്ചിൽ കൊണ്ട് സ്വയം expose ചെയ്യുന്നു. അങ്ങനെ അദ്ദേഹം നമ്മുടെ സിനിമാക്കാരുടെതന്നെ കാരിക്കേച്ചറായി നമുക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ഇനി, സ്വയം മഹത്വവത്കരിച്ച്, ഒരു മഹാസംഭവമായി സ്വന്തം ജീവിതങ്ങളെ കൊണ്ടാടുന്ന നമ്മുടെയൊക്കെ തന്നെ ഒരു കാരിക്കേച്ചറല്ലേ സന്തോഷ് പണ്ഡിറ്റ്? നമ്മുടെ സമൂഹത്തിന്റെ അർമ്മാദിക്കലിന്റെ നുരയും പതയും ബഹിർഗ്ഗമിക്കുവാനുള്ള വിചിത്രമായൊരു മാർഗ്ഗമായി മാറി ഈ കാരിക്കേച്ചർ കലാരൂപം എന്നതാവാ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഈ അത്ഭുത കാഴ്ചകൾക്ക് പിന്നിലെ ഒരു കാരണം. അതെ, കുരിശ് സന്തോഷ് പണ്ഡിറ്റിന്‌ മാത്രമായുള്ളതല്ല, നമ്മളൊരോരുത്തരും അദ്ദേഹത്തിനൊപ്പം കുരിശ് ചുമക്കേണ്ടതുണ്ട്.


ഗ്രഹണകാലത്തെ കാഴ്ചകൾ 
തന്നെ അകാരണമായി പ്രകോപിപ്പിച്ച ടെലിവിഷൻ അവതാരകനോട് പണ്ഡിറ്റ് പറഞ്ഞു: “താങ്കൾ ഈ ചിത്രം കണ്ടിട്ടില്ല. അതുകൊണ്ട് മാത്രമാണ്‌ താങ്കൾ എന്നെ വിമർശിക്കുന്നത്. സത്യത്തിൽ ഈ ചിത്രം മഹത്തരമാണ്‌”. ഇതേ വാക്കുകൾ തന്നെ അല്ലേ തന്റെ വിമർശകരോടുള്ള അസഹിഷ്ണുതയാൽ നമ്മുടെ സിനിമാ ആചാര്യനും വിളിച്ചുപറഞ്ഞത്? ലോകോത്തരങ്ങളായ ചലച്ചിത്രങ്ങളേ പറ്റി മഹദ്ഗ്രന്ഥങ്ങൾ രചിക്കുന്ന നിരൂപണശിരോമണിമാർ തന്നെയല്ലേ ഇവിടെ ഇറങ്ങുന്ന മുദ്രാവാക്യ സിനിമകൾക്കും മറ്റു ശരാശരി ചിത്രങ്ങൾക്കും ജയ് വിളിക്കുന്നത്? പണ്ഡിറ്റിന്റെ സിനിമയെ പറ്റി പാർശ്വവീകഷണം നടത്തി തന്റെ വാക് ചാതുരിയാൽ അദ്ദേഹത്തെ ഒരു മഹാസംഭവമായി അവതരിപ്പിച്ച നിരൂപകൻ തന്നെ  മീശപിരിച്ച് താണ്ഡവമാടിയ ഗജകേസരിയെ പ്രകീർത്തിച്ച് മഹാകാവ്യമെഴുതിയത് മറക്കാറായിട്ടില്ല. രണ്ടിടത്തും ഒരേ ന്യായങ്ങളുടെ വ്യത്യസ്ത ശൈലികൾ അവതരിപ്പിക്കപ്പെടുന്നു. അതെ, രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ നിലകൊണ്ടിരുന്ന പലതും mediocracyയുടെ തലത്തിൽ വന്ന് ലയിച്ച് ചേർന്നിരിക്കുന്നു എന്നതാണ്‌ ഈ ഗ്രഹണകാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.  ഇവിടെ നടക്കുന്നത് mediocracyയുടെ ആഘോഷമാണ്‌. നമ്മളെല്ലാം രൂപാന്തരം പ്രാപിച്ച് തിരിച്ചറിയാൻ വയ്യാത്തതരം, വ്യക്തിത്വം എന്നൊന്ന് ഇല്ലാത്തതരത്തിൽ, കോടിക്കണക്കിന്‌ ഫോട്ടോസ്റ്റാറ്റുകളായി മാറുന്ന കാലവും വന്നേക്കാം.

അതെ, ഇത് ഗ്രഹണകാലം, ഞാഞ്ഞൂലുകളുടെ ഉത്സവകാലം. ഡിനോസറും കീടവും പരസ്പരം കൈകോർത്ത് ഉന്മാദ നൃത്തം ചവിട്ടുന്ന അത്ഭുതകാലം.


5 comments:

V G Baburaj at: 21 November 2011 at 8:10 pm said...

സന്തോഷ്‌ പണ്ഡിറ്റ്‌, നമുക്ക്‌ യഥാർത്ഥ നമ്മളെ കാട്ടിത്തരാൻ പോന്ന ഒരു കണ്ണാടിയായി നമുക്കു മുമ്പിൽ. ഒരു അവതാരം തന്നെ.

കുറെയേറെ നാളായി നമ്മൾ ഒരു വഴിക്ക്‌ പുറപ്പെട്ട്‌ പോവാൻ തുടങ്ങിയിട്ട്‌. നമ്മൾ ഒരു വളിപ്പായി, അശ്ലീലമായി മാറാൻ തുടങ്ങിയത്‌ രാജ്മോഹൻ പറയുന്നപോലെ സിനിമയിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. കേരളത്തിന്റെ പൊതു സാംസ്കാരിക അവസ്ഥ തന്നെ ഒരു വളിപ്പായി മാറിക്കൊണ്ടിരിക്കുന്നതിന്റെ അടയാളങ്ങൾ കാണാൻ തുടങ്ങിയിട്ട്‌ കുറെയായി.

'നമ്മൾ തമ്മിൽ' അവതരിപ്പിച്ചു കൊണ്ടിരുന്ന ശ്രീകണ്ഠൻ നായർ, 'അശ്വമേധം' എന്ന പരിപാടി അവതരിപ്പിച്ചിരുന്ന പ്രദീപ്‌ (?), കരൻ ഥാപ്പറിന്റെ ചില ഡ്യൂപ്പുകൾ, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫാൻ അസ്സോസിയേഷനുകൾ (മാത്രമല്ല, വിജയിന്റെയും അല്ലു അർജുന്റെയും കൂടി), വീടുകൾ പൊളിച്ച്‌ കൊട്ടാരങ്ങളും മാളികകളും പണിയാൻ തുടങ്ങിയത്‌, സൂപ്പർ താരങ്ങൾ ഇടുന്ന ഷർട്ടുകളുടെ കളറുകളിൽ (കടും ഓറഞ്ച്‌, പച്ച, നീല) വീടുകൾ പെയിന്റു ചെയ്യാൻ തുടങ്ങിയത്‌, മാടമ്പിത്തരവും ധാർഷ്ട്യവും അസഹിഷ്ണുതയുമെല്ലാം നമ്മൾ ആഭരണങ്ങളാക്കിയത്‌ തുടങ്ങി നിരവധിയാണ്‌ ഈ മുറുകിവരുന്ന അശ്ലീലത്തിന്റെ അടയാളങ്ങൾ. ഇതിന്റെയെല്ലാം സ്വാഭാവികമായ പരിണാമമായേ നമുക്ക്‌ പണ്ഡിറ്റിനെ കാണാൻ പറ്റൂ. നമ്മളിൽ ഇങ്ങിനെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന അശ്ലീലത്തെ സ്ഫുടം ചെയ്ത്‌ ഒരു മൂർത്തരൂപമായി നമുക്കുമുമ്പിൽ നിന്നു തരികയേ ചെയ്തുള്ളൂ ഈ പണ്ടിറ്റ്‌.

ശ്രീ at: 22 November 2011 at 10:27 am said...

എന്തായാലും പണ്ഡിറ്റ് ഇന്ന് ചാനലുകാര്‍ക്ക് റേറ്റിങ്ങ് കൂട്ടാനുള്ള ഒരു മാര്‍ഗ്ഗമായി മാറിയിരിയ്ക്കുന്നു.

നമുക്കിനിയും കാത്തിരിയ്ക്കേണ്ടതുണ്ട്, യഥാര്‍ത്ഥത്തില്‍ ആരാണ് സന്തോഷ് പണ്ഡിറ്റ് എന്നറിയാന്‍.

ഇനിയും മിനിമം രണ്ടു ചിത്രങ്ങള്‍ക്കു കൂടി [ഇതേ ഫോര്‍മാറ്റിലോ മെച്ചപ്പെട്ട രീതിയിലോ] മികച്ച വിജയം നില നിര്‍ത്താന്‍ സന്തോഷ് പണ്ഡിറ്റിനു കഴിയുമോ എന്ന് നോക്കാം. എന്നിട്ട് അതേ പറ്റി സംസാരിയ്ക്കാം. അപ്പോഴേ അറിയാനാകൂ ഈ 'പണ്ഡിറ്റ്' ഒരു താല്‍ക്കാലിക പ്രതിഭാസമാണോ അതോ യഥാര്‍ത്ഥ പ്രതിഭയോ എന്ന്.

Anonymous at: 22 November 2011 at 10:49 am said...

The more realistic I make my films, the more absurd they look. There’s actually something absurd and laughable about the way people behave in reality എന്ന് മഹാനായ ഒരു സംവിധായകന്റെ interviewവിൽ വായിച്ചത് ഓർക്കുന്നു. പണ്ഡിറ്റ്ജിയുടെ സിനിയയാവണം മലയാളത്തിലെ ഏറ്റവും realistic ആയ സിനിമ! നമ്മൾ അദ്ദേഹത്തെ അവാർഡ് കൊടുത്ത് പ്രോത്സാഹിപ്പിക്കണം!

un at: 22 November 2011 at 8:46 pm said...

കുറേക്കാലമായില്ലേ പുലികളെന്നും സിംഹങ്ങളെന്നും പറഞ്ഞ് പലരും ഇവിടെ നൃത്തം ചവിട്ടുന്നൂ. ഇനി ഞാഞ്ഞൂലുകളും കീടങ്ങളും കൂടെ കുറച്ച് ഉന്മാദ നൃത്തം ചവിട്ടട്ടെന്നേയ്..

Unknown at: 6 December 2011 at 1:12 am said...

ഉശിരന്‍ പോസ്റ്റ്‌ !

Post a Comment

newer post older post