വസന്തത്തിന്റെ നിറപ്പകിട്ടിൽ കണ്ണഞ്ചുമ്പോൾ...



15 comments


മലയാള സിനിമ ഏതാണ്ട് പരിപൂർണ്ണ ദരിദ്രാവസ്ഥയിൽ എത്തിയത് തൊണ്ണൂറുകളുടെ രണ്ടാം പകുതിയോടെ ആയിരുന്നു. സമാന്തര സിനിമ ദുർബ്ബലങ്ങളായ മുദ്രാവാക്യ / ഗുണദോഷ സിനിമകളായി അധ:പതിക്കുകയും ജനപ്രിയ സിനിമ താരാധിപത്യത്തിന്‌ അടിമപ്പെടുകയും ചെയ്തത് ഈ കാലഘട്ടത്തിലായിരുന്നു. തലമുതിർന്ന ‘മഹാസംവിധായകർ’ തങ്ങളുടെ ഗീർവ്വാണങ്ങളിലും പരസ്പരം ചെളിവാരിയെറിയുന്നതിലും മുഴുകിയപ്പോൾ കച്ചവട സിനിമാക്കാർ സംഘടനാ വഴക്കിലും ഗുണ്ടായിസത്തിലും മുഴുകി. തിയറ്ററുകൾ ഷോപ്പിംഗ് കോപ്ലക്സുകളായി രൂപാന്തരം പ്രാപിക്കുവാനും പ്രേക്ഷകർ ടിലിവിഷൻ സെറ്റുകളുടെ മുമ്പിൽ ചടഞ്ഞിരിക്കുവാനും തുടങ്ങി. ‘നമ്മുടെ സിനിമ മാത്രം എന്തേ ഇങ്ങനെ’ എന്ന് ഇക്കാലമത്രയും സിനിമയെ സ്നേഹിക്കുന്നവർ മുറവിളികൂട്ടിക്കൊണ്ടേയിരുന്നു.

അങ്ങനെ ഇരിക്കെയാണ്‌ ‘പാസഞ്ചർ’ പോലുള്ള ചില ചിത്രങ്ങളുടെ വരവ്. ‘പുതിയ മലയാള സിനിമയുടെ’ പിറവിക്കായുള്ള പേറ്റുനോവാണിതെന്ന് സിനിമാ പണ്ഡിതർ ആവേശത്തോടെ പ്രവചിച്ചു. അവരുടെ പ്രവചനങ്ങൾ അസ്ഥാനത്തായില്ല. 2011ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ‘ട്രാഫിക്ക്’ പുതിയ മലയാള സിനിമയുടെ പിറവിയറിയിച്ചുകൊണ്ട് നമ്മെ പുളകിതരാക്കി. പിന്നീടിങ്ങോട്ട്  ഒരു സംഘം പുതുതലമുറ സംവിധായകരിൽ നിന്ന് പുറത്തുവന്ന കുറേയധികം സിനിമകൾ ‘ട്രാഫിക്കി’ൽ തുടങ്ങിയത് ഒരു താത്കാലിക പ്രതിഭാസം മാത്രമല്ലെന്നും അത് നമ്മുടെ സിനിമയുടെ ‘നവചൈതന്യ’മാണെന്നും സ്ഥിരീകരിച്ചു. നമ്മുടെ സിനിമയിലെ ഈ മഹാപ്രസ്ഥാനത്തെ സിനിമയുടെ ‘പുതുവസന്ത’മെന്നും ‘നവതരംഗ’മെന്നുമൊക്കെ വിശേഷിപ്പിക്കുന്നു നമ്മുടെ മാധ്യമങ്ങളും സിനിമാ പണ്ഡിതരും. ഈ സിനിമകൾ വെട്ടിത്തുറന്ന ‘പുതുവഴികളെ’ക്കുറിച്ചും ‘പരീക്ഷണങ്ങളേ’ക്കുറിച്ചും വാചാലരാകുന്നു ഇവർ.

മലയാള സിനിമയിൽ സംഭവിക്കുന്നത്
കാലാകാലങ്ങളായി ലോകസിനിമയിലും, എന്തിന്‌, ഹിന്ദി-തമിഴ് കച്ചവട സിനിമയിൽ പോലും കണ്ടു ശീലിച്ചതിൽ നിന്ന് ചലച്ചിത്ര ഭാഷയുടെയും പ്രമേയത്തിന്റെയും കാര്യത്തിൽ അല്പം പോലും മുമ്പോട്ട് പോകുന്നില്ല നമ്മുടെ ഈ ‘നവതരംഗം’. അതിനാൽ തന്നെ ഇവിടെ ഏതാനും പുതുതലമുറ സിനിമാക്കാർ ചേർന്ന് ചലച്ചിത്രകലയിൽ എന്തൊക്കെയോ പുതിയ വഴികൾ വെട്ടിത്തെളിക്കുന്നു എന്ന അഭിപ്രായങ്ങളെ മുഖവിലക്കെടുക്കേണ്ടതില്ല. നമ്മുടെ നാട്ടിലുണ്ടാവുന്ന എന്തിനേയും, അത് എത്ര ചെറുതായാൽത്തന്നെയും, ഭൂതക്കണ്ണാടി കൊണ്ട് വീക്ഷിച്ച് അതിനെ പെരുപ്പിച്ചു കാണുന്ന നമ്മുടെ പഴയ ശീലം തന്നെയാണ്‌ ഇവിടെയും നമ്മൾ ആവർത്തിക്കുന്നത്. ചലച്ചിത്ര ഭാഷയിലും പ്രമേയത്തിലും മൗലികത ഉണ്ടായാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാവുകയുള്ളു എന്നല്ല പറഞ്ഞു വരുന്നത്. ഇപ്പറഞ്ഞവയൊക്കെ ലോകസിനിമയിൽ പോലും ഉണ്ടാവുന്നത് വല്ലപ്പോഴുമൊരിക്കൽ മാത്രമാണ്‌. ഭാഷാപരവും പ്രമേയപരവുമായ മൗലികതയൊന്നും അവകാശപ്പെടാനാവാത്ത എത്രയോ മഹത്തായ ചലച്ചിത്രങ്ങൾ ഇന്നും ലോകസിനിമയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാഴ്ചയുടെ ഉപരിപ്ലവമായ സുഖം പകരൽ എന്ന ഒറ്റ ലക്ഷ്യത്തിൽ നിന്നും മാറി ജീവിത സമസ്യകളുടെ ആഴത്തിലുള്ള അന്വേഷണങ്ങളിലേക്ക് ക്യാമറ തിരിയുമ്പോൾ നല്ല സിനിമകൾ പിറക്കുന്നു, അവ ആഖ്യാനത്തിന്റെ പുതുവഴികളിൽക്കൂടി സഞ്ചരിച്ചില്ലെങ്കിൽ പോലും. കച്ചവട സിനിമയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെ എന്തെങ്കിലും ചെയ്യുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യവുമാണ്‌.


മലയാള സിനിമയിൽ താരാധിപത്യം അവസാനിച്ചിരിക്കുന്നു, സംവിധായകരും എഴുത്തുകാരും മറ്റ് സാങ്കേതിക പ്രവർത്തകരും സിനിമയിലെ താരങ്ങളേക്കാൾ ശ്രദ്ധേയരാവുന്നു, സിനിമ പുതിയകാലത്തെ ലോകത്തെ കൂടുതൽ ‘റിയലിസ്റ്റിക്ക്’ ആയി ചിത്രീകരിക്കുന്നു... ഇങ്ങനെ പോകുന്നു നമ്മുടെ സിനിമയിൽ എന്തൊക്കെയോ മഹാസംഭവങ്ങൾ നടക്കുന്നു എന്നു കരുതുന്നവർ അങ്ങനെ കരുതുവാൻ നിരത്തുന്ന കാരണങ്ങൾ. ഭാഗികമായ സത്യങ്ങൾ മാത്രമാണ്‌ ഈ പറഞ്ഞവയൊക്കെ. കഴിഞ്ഞ തലമുറയിലെ സൂപ്പർ താരങ്ങളെ ഇപ്പോൾ നമ്മുടെ സിനിമകളിൽ പൊതുവേ കാണാറില്ല എന്നത് സത്യം തന്നെ, പക്ഷെ, അടുത്ത തലമുറ സൂപ്പർ താരങ്ങളായി വളർന്നു വരുന്നവരല്ലേ പുതുതലമുറ അഭിനേതാക്കളിൽ പലരും?. അമാനുഷ കഥാപാത്രങ്ങളെ ഉപേക്ഷിച്ച് നമ്മുടെ സിനിമ നാട്ടിലെ സാധാരണക്കാരെക്കുറിച്ച് സംസാരിക്കുവാൻ തുടങ്ങി എന്നൊക്കെ തോന്നിപ്പിക്കുന്നു. പണ്ടത്തേതിനേക്കാൾ സാങ്കേതിക മികവും നമ്മുടെ സിനിമ കൈവരിച്ചിരിക്കുന്നു. എല്ലാത്തിനുമുപരി പ്രൊഫഷണലിസം എന്തെന്ന് അറിയുന്ന ഒരു സംഘം ചെറുപ്പക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയിരിക്കുന്നു. കച്ചവട സിനിമയുടെ നല്ല മാറ്റങ്ങൾ. അത്രമാത്രം. അതിനപ്പുറം നമ്മുടെ സിനിമയിൽ ഒന്നും സംഭവിച്ചിട്ടില്ല. സിനിമ എന്ന മാധ്യമത്തെ മനസ്സിലാക്കുമ്പോൾ ഇപ്പറഞ്ഞവയൊക്കെ ആ മധ്യമത്തിന്റെ ഉപരിതലത്തിൽ നടക്കുന്ന മാറ്റങ്ങൾ മാത്രമാണെന്ന് മനസ്സിലാകും. വാസ്തവത്തിൽ ഹിന്ദി - തമിഴ് കച്ചവട സിനിമയിൽ ഏതാനും വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കൊപ്പം ‘അപ്ഡേറ്റാകാൻ’ നടത്തുന്ന ശ്രമങ്ങൾ മാത്രമാണ്‌ ഇപ്പോൾ മലയാള സിനിമ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളാകട്ടെ സ്റ്റൈലൈസേഷനിൽ നടക്കുന്ന മാറ്റങ്ങൾ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. ഈ സ്റ്റൈലൈസേഷനിൽ (എല്ലാവരും പറയുന്നു നമ്മുടെ സിനിമകൾ ഇപ്പോൾ ‘സിനിമാറ്റിക്ക്’ ആണെന്ന്!) മതിമറക്കുന്ന ചെറുപ്പക്കാരുടെ ഒരു വലിയ കൂട്ടം സൃഷ്ടിക്കുന്ന ജനപ്രിയതയെ ഒരു വലിയ തരംഗമായി തെറ്റിധാരണാജനകമായി നമ്മുടെ മാധ്യമങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. അതെ, എന്തിനേയും സെൻസേഷണലൈസ് ചെയ്ത് അവതരിപ്പിക്കുന്നത് ശീലമാക്കിയ കേരളത്തിലെ മാധ്യമങ്ങളും ഏതാണ്ട് അതേ നിലവാരത്തിലേക്ക് തരം താണുപോയ നീരൂപകരും പിന്നെ സിനിമ ‘വായിച്ച് പഠിച്ച’ വലിയൊരു പ്രേക്ഷക സമൂഹവും ചേർന്ന് സൃഷ്ടിച്ച ഒരു കെട്ടു കഥ മാത്രമാകുന്നു ഈ ‘നവതരംഗം’.

എഴുപതുകളിലെ തരംഗങ്ങൾ
മലയാള സിനിമയിൽ വ്യക്തമായ ചില ചലനങ്ങൾ കണ്ട കാലമാണ്‌ എഴുപതുകളുടെ രണ്ടാം പകുതി. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ജോൺ എബ്രഹാം തുടങ്ങിയവരുടെ സൃഷ്ടികൾ മലയാള സിനിമയെ ബഹുദൂരം മുമ്പോട്ട് നയിച്ചു എന്നതിൽ സംശയമില്ല. ചലച്ചിത്ര ഭാഷയിലും ഉള്ളടക്കത്തിലും ആഴത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ച ഈ സിനിമകളിലൂടെ നമ്മുടെ സിനിമയിൽ ഒരു ‘നവതരംഗം’ ഉണ്ടായി എന്ന് പറഞ്ഞാൽ അത് തെല്ലും അതിശയോക്തിപരമാവില്ല. ജനപ്രിയ മലയാള സിനിമയിലും ഉണ്ടായി മാറ്റങ്ങൾ. സിനിമയുടെ ഭാഷയേക്കാളുപരി സാഹിത്യത്തിന്റെ ഭാഷ ‘സംസാരി’ക്കുന്നവ ആണെങ്കിൽ കൂടി എം.ടി, പത്മരാജൻ, കെ.ജി.ജോർജ് തുടങ്ങിയവരിൽ നിന്ന്‌ പുറത്തു വന്ന മധ്യവർത്തി സിനിമകൾ മലയാളിയുടെ സിനിമാ അഭിരുചിയെ ഗുണകരമായി സ്വാധീനിച്ചു എന്ന് കരുതുന്നതിൽ തെറ്റില്ല.


എഴുപതുകളിലെ ഈ ചലനങ്ങൾ മലയാളിയുടെ സിനിമാ ശീലങ്ങളെ പ്രധാനമായും മറ്റൊരു വിധത്തിലാണ്‌ മാറ്റി മറിച്ചത്. സിനിമ കാണലും സിനിമാ ചർച്ചയും എല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ മലയാളി ലോകസിനിമയുടെ മഹാത്ഭുതങ്ങൾ തേടി പുറപ്പെട്ടത് ഈ കാലഘട്ടത്തിലാണ്‌.

എഴുപതുകളിൽ നമ്മുടെ സിനിമയിലുണ്ടായ മാറ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് നമ്മൾ കൊട്ടിഘോഷിക്കുന്ന ഈ ‘നവതരംഗം’ അതീവ ദുർബലമാണെന്ന് പറയാതെ വയ്യ.

ഹൈജാക്ക് ചെയ്യപ്പെടുന്ന സിനിമാ സങ്കല്പം
‘എന്തേ നമുക്ക് മാത്രം നല്ല സിനിമയില്ല’ എന്ന ആ പഴയ ചോദ്യം ഇന്ന് ഏറെക്കുറെ അപ്രസക്തമായിരിക്കുന്നു. കാരണം നല്ല സിനിമയുടെ വസന്തകാലത്താണ്‌ നാം ഇപ്പോൾ ജീവിക്കുന്നത്. അതെ, നല്ല സിനിമയുടെ സങ്കൽപ്പത്തെ തന്നെയാണ്‌ ഇന്നത്തെ ഈ ‘നവതരംഗം’ ഹൈജാക്ക് ചെയ്തിരിക്കുന്നത്. ഇന്ന് നമ്മുടെ നാട്ടിൽ നല്ല സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ‘സോൾട്ട് & പെപ്പറി’നേപ്പറ്റിയും ‘22FK'യെപ്പറ്റിയും ’ഈ അടുത്തകാലത്തെ‘പറ്റിയും ’ഉസ്താദ് ഹോട്ടലി‘നെ പറ്റിയും ഒക്കെയായി ഒതുങ്ങിയിരിക്കുന്നു. ഈ ചിത്രങ്ങളിൽ അവതരിപ്പിക്കപ്പെട്ട ചെറു കാര്യങ്ങളേപ്പോലും മഹാസംഭവങ്ങളായി വ്യാഖ്യാനിച്ച് സ്വയം അത്ഭുതപ്പെടുന്ന ചലച്ചിത്രപ്രവർത്തകരും നിരൂപകരും പ്രേക്ഷകരും ഒക്കെ ചേർന്ന് നമ്മുടെ സിനിമയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചിരിക്കുന്നു.

15 comments:

Anonymous at: 28 July 2012 at 7:57 am said...
This comment has been removed by the author.
Anonymous at: 28 July 2012 at 7:58 am said...

ഇപ്പോള്‍ എന്പതുകളുടെ പ്രശ്നങ്ങള്‍ എല്ലാം ഔട്ട് ഓഫ് ഫോക്കസ് ആണ് , ഇന്ന് പണത്തിനു പഞ്ഞമില്ല, ഒരു പെണ്ണിനോട് പ്രേമം പറയാന്‍ ഇടവഴിയിലും മ്യൂസിയത്തിലും പുറകെ നടക്കേണ്ട , സ്ത്രീ ഇന്ന് ലിബരെട്ടാദ് ആണ് , അപ്പോള്‍ ഇന്നത്തെ സമസ്യകള്‍ വേറെ ആണ്, വായനയും എഴുത്തും മരവിച്ചതോടെ ഒരു ലോഹിത ദാസോ ഒക്കെ വരാനുള്ള സാധ്യതയും ഇല്ല , കൊറിയന്‍ സ്പാനിഷ്, എസ്തോനിയ ഇറാന്‍ പടങ്ങളുടെ കോപ്പിയടി മാത്രമാണ് നവ സിനിമ , എന്നാല്‍ ഇവന്‍ മേഘരൂപന്‍ പോലെ മലയാള തനിമ നില നിറുത്തുന്ന ചിത്രങ്ങള്‍ ശ്രധിക്കപ്പെടുന്നുമില്ല

ലാസര്‍ ഷൈന്‍ at: 28 July 2012 at 12:29 pm said...

ഈ സിനിമാ ചര്‍ച്ചയില്‍ തീര്‍ച്ചയായും പങ്കു ചേരേണ്ടതുണ്ട്. ഗ്രഹണകാലങ്ങളെക്കുറിച്ചുള്ള ഈ ബ്ലോഗ് പ്രിയ സുഹൃത്തിന്റേതാണ്. നവതരംഗ സിനിമകളാണ് ഇത്തവണ വിഷയം.
ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ എനിക്ക് പറയാനുള്ളത്: ഓര്‍മ്മവെച്ച നാള്‍ മുതല്‍ കാണുന്നതാണ് സിനിമ. മലയാള സിനിമയില്‍ ഇപ്പോള്‍ വ്യക്തമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നത് സത്യമാണ്. കുറഞ്ഞ പക്ഷം ഈ വര്‍ഷം 140 സിനിമകള്‍ തിയറ്ററില്‍ എത്തുകയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാളും 100 ശതമാനത്തിന്റെ കുതിപ്പ്. വില്‍ക്കപ്പെടുന്നു എന്നത് മോശമാണെന്നതിന്റെ സൂചകമാണോ... എങ്കില്‍ ലോകമാര്‍ക്കറ്റ് ലാക്കാക്കി നിര്‍മ്മിക്കപ്പെടുന്ന 'നല്ല' സിനിമകളെയും വില്‍ക്കപ്പെടുന്നുവെന്നതിന്റെ പേരില്‍ തള്ളിപ്പറയണം. ഫെസ്റ്റിവെല്‍ സിനിമകള്‍ ലോകമാര്‍ക്കറ്റ് ലാക്കാക്കിയാണ് നിര്‍മ്മിക്കപ്പെടുന്നത്. അതിനു വേണ്ട ചേരുവകകള്‍ ചേര്‍ത്തു തന്നെയാണ് അടൂരും, ഷാജി എന്‍ കരുണും അതിലെ ന്യൂജനറേഷന്‍ സംവിധായകനായ ബിജുവുമെല്ലാം സിനിമകള്‍ സൃഷ്ടിക്കുന്നത്. കാശിട്ട് കാശുവാരുന്ന ചാളക്കച്ചവടം തന്നെയാണ് കാശില്ലാതെ സൃഷ്ടിക്കാനാവാത്ത സിനിമ. ചിലര്‍ ചാള ലോക്കല്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നു.. ചിലര്‍ കയറ്റുമതി ചെയ്യുന്നു. കയറ്റുമതിക്ക് കൂലി ഡോളറിലാണെന്നത് മറക്കരുത്. അമ്മായി ചുട്ടത് മരുമോളുക്കായ്... എന്ന ഉസ്താദ് ഹോട്ടലിലെ പാട്ട് കുഞ്ഞുങ്ങള്‍ പാടി നടക്കുന്നു. എന്താ.. ഈ കുഞ്ഞുങ്ങളെ കൊണ്ട് ഇംപോസിഷന്‍ എഴുതി പഠിപ്പിച്ചതാണോ ആ പാട്ട്.
മഹത്തായ സിനിമകള്‍ ഈ കുഞ്ഞുങ്ങളുടെ മുന്നില്‍ എത്തുന്നുണ്ടോ... ആ കുഞ്ഞുങ്ങളെ ലക്ഷ്യമാക്കി മഹത്തായ സിനിമകള്‍ ഇവിടെ എത്തുന്നുണ്ടോ.. പെണ്ണിനെ കേറി പിടിക്കാന്‍ മനസോങ്ങുന്ന ഒരാണിന്റെ മുന്നില്‍ ഛേദിക്കപ്പെട്ട ലിംഗത്തിന്റെ താക്കീത് നല്‍കാല്‍ 22 എഫ്‌കെയ്ക്ക് കഴിയുന്നു. അവയവദാനം ഭയപ്പെടുന്നതല്ലാതാക്കാന്‍ ട്രാഫിക്കിന് സാധിക്കുന്നു... അതുപോലെ അണ്ണാറക്കുഞ്ഞിനെ കൊണ്ട് സാധിക്കുന്ന തീരെ ചെറിയ കാര്യങ്ങള്‍ ചില കൂതറക്കച്ചവട സിനിമകള്‍ക്കും സാധിക്കുന്നുണ്ട്. കയറ്റി അയക്കാന്‍ പടയ്ക്കുന്ന പടങ്ങള്‍കൊണ്ട്, എന്തുണ്ട് അതുണ്ടാക്കപ്പെടുന്ന മലയാളത്തിന് ഗുണം...
ഫെസ്റ്റിവെല്‍ സിനിമകള്‍ നിര്‍മ്മാതാവിന് കോടികള്‍ നേടിക്കൊടുക്കുന്നുണ്ടെന്ന് മറക്കാതിരിക്കുക; ഒരു പക്ഷെ ലോക്കല്‍ മാര്‍ക്കറ്റിനെക്കാളും കൂടുതല്‍. സിനിമ ശരിക്കും കച്ചവടമാണ്. കല ചെയ്യപ്പെടുന്ന കച്ചവടം. ആ ചെറിയ അര്‍ത്ഥത്തില്‍ സിനിമ എന്ന കലയെ വിലയിരുത്തേണ്ടതുണ്ട്. സകലശാസ്ത്രവും സകല കലകളും മാത്രമല്ല സകലതരം സാമ്പത്തിക ശാസ്ത്രവും കൂടി ചേര്‍ന്നാലെ സിനിമ ഉണ്ടാകൂ. പണം ആണ് ഈ കലയുടെ അടിസ്ഥാനം. പണം അടിസ്ഥാനമാക്കിയ ഒരു കലയെ കല എന്ന ഏകാര്‍ത്ഥത്തില്‍ വിലയിരുത്തിയാല്‍ നല്ല ഉത്തരങ്ങള്‍ക്കുള്ള സാധ്യത കുറയും.

Rajmohan at: 28 July 2012 at 7:24 pm said...

@ സുശീലൻ,

വാസ്തവത്തിൽ ഇന്നതെത മലയാളിയുടെ ജീവിതം എൺപതുകളിലെ മലയാളിയുടെ ജീവിതത്തേക്കാൾ കൂടുതൽ complex ആകുകയല്ലേ ചെയ്തിട്ടുള്ളത്? അതുകൊണ്ടു തന്നെ അന്നത്തെ സിനിമകളുടെ മാതൃകകളല്ല മറിച്ച്, കൂടുതൽ ആഴമേറിയ ചലച്ചിത്രങ്ങൾ തന്നെയാണ്‌ നമുക്ക് ഇന്ന് ആവശ്യം.

Roby at: 28 July 2012 at 7:39 pm said...

ലാസർ ഷൈൻ,
എന്താണീ ലോകമാർക്കെറ്റ് എന്നൊന്നു വിശദീകരിക്കാമോ? മലയാളത്തിൽ നിന്നും ഏതെങ്കിലും സിനിമകൾ ഈ ലോകമാർക്കെറ്റിലെത്തിയിട്ടുണ്ടോ?

അടൂരും ഷാജി എൻ.കരുണുമൊക്കെ ഈ ലോകമാർക്കെറ്റ് ലക്ഷ്യമാക്കി അവരുടെ ചിത്രങ്ങളിലുൾപ്പെടുത്തിയ ചേരുവകൾ എന്തൊക്കെയാണെന്ന് ഒന്നു വിശദമായി പറയാമോ?

Rajmohan at: 28 July 2012 at 8:17 pm said...

പ്രിയപ്പെട്ട ലാസർ,

ലാസറിനേപ്പോലെ തന്നെ എന്റെയും ആദ്യകാല ഓർമ്മകളിലൊന്ന് ഒരു സിനിമാ കാഴ്ചയുടേത് തന്നെയാണ്‌. അതിനാൽത്തന്നെ വലിയ സ്ക്രീനിൽ തെളിയുന്ന ഇമേജുകളുടെ ശക്തിയേക്കുറിച്ച് ബോധവാനുമാണ്‌. മറ്റൊരു സിനിമാകാഴ്ചയുടെ കഥ കൂടി പറയട്ടെ. കണ്ണീൽ കണ്ട സിനിമകളൊക്കെ കണ്ടു നടന്നിരുന്ന കാലം. എങ്ങനെയോ അബദ്ധത്തിൽ ഒരു ചെറിയ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന തിയറ്ററിൽ കയറുവാൻ ഇടയായി. അവിടെ അന്ന് പ്രദർശിപ്പിച്ചത് ഒരു മഹാസംവിധായകന്റെ സിനിമയായിരുന്നു. സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയാതെ സിനിമ കാണാൻ ഇരുന്ന എനിക്ക് അന്ന് അവിടെ കണ്ട മഹാവിസ്മയത്തിന്റെ ഓർമ്മ ഇന്നും മായാതെ നിൽക്കുന്നു. ബുദ്ധിശക്തിയുടേയും ലോജിക്കിന്റേയും ഒക്കെ അപ്പുറം അനുഭവത്തിന്റെ തലത്തിലായിരുന്നു ആ ചിത്രം എന്നോട് സംവദിച്ചത്. ഒരു സിനിമ കണ്ട് രണ്ട് ദിവസത്തിന്‌ ശേഷം അതിനേപ്പറ്റി ആലോചിച്ചാൽ “വട്ടായിപ്പോയി...വട്ടായിപ്പോയി” എന്ന് മാത്രം ഓർമ്മയിൽ വന്നാൽ അത് ആ ചലച്ചിത്രത്തിന്റെ ദൗർബ്ബല്യം തന്നെയല്ലെ.

ഇനി മാർക്കറ്റിനേപ്പറ്റി. നല്ലസിനിമ എടുക്കുക എന്ന ലക്ഷ്യം സാധിച്ചെടുക്കുവാൻ വേണ്ടി പിച്ചയെടുക്കുവാൻ പോലും തയ്യാറാവുന്നവർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ? നല്ലസിനിമ എടുക്കുവാൻ ശ്രമിച്ചു എന്ന ഒറ്റക്കുറ്റത്തിന്‌ പിച്ചക്കാരാവേണ്ടി വന്നവരും നമ്മുടെ നാട്ടിൽ ഉണ്ടല്ലോ? ലോകസിനിമയിലെ മിക്ക മഹാസംവിധായകരും ഇത്തരത്തിലുള്ള struggleകളിൽ കൂടി കടന്നു പോയവരാണെന്ന് നമുക്ക് മനസ്സിലാകും. ഇന്റർനാഷണൽ ചാളകളെ വലവീശിപ്പിടിച്ച് ആഗോള മാർക്കറ്റിൽ ഡോളറിന്‌ വിൽക്കുന്ന നിസ്സാരപ്പണിയാണ്‌ നല്ല സിനിമ എടുക്കുന്നതെങ്കിൽ ഇന്ന് ലോക്കൽ മുക്കുവന്മാരേക്കാൾ ഇന്റർനാഷനൽ മുക്കുവന്മാരാകുമല്ലോ നമ്മുടെ നാട്ടിൽ കൂടുതലായി ഉണ്ടാവുക?

ലാസർ, ഒരു സിനിമ ലോകസിനിമയുടെ നിലവാരം കൈവരിക്കുന്നത് അതിൽ എന്തെങ്കിലും ഒരു സ്പെഷ്യൽ ചേരുവ ഉള്ളതുകൊണ്ടല്ല, മറിച്ച് അതിന്റെ ഉള്ളടക്കത്തിന്റെയും അതിന്റെ രൂപത്തിന്റെയും ആഴം കൊണ്ടാണ്‌. ഇങ്ങനെയുള്ള ആഴം കൈവരിക്കുന്ന സിനിമകൾക്ക് ഒരു universal സ്വഭാവം ഉണ്ടാവുക സ്വാഭാവികം മാത്രമാണ്‌. നല്ലസിനിമക്ക് ഒരിക്കലും ജനപ്രിയത കൈവരിക്കുവാൻ സാധിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ചെറിയ ചെറിയ സംഘം പ്രേക്ഷകരിലേക്ക് അത് എത്തിപ്പെടുന്നതുകൊണ്ട് അതൊരു വലിയ മാർക്കറ്റാണെന്നുള്ള പ്രതീതിയുണ്ടാവുന്നു എന്ന് മാത്രം.

ജനപ്രിയത സിനിമയുടെ മാത്രമല്ല, ഒന്നിന്റെയും മാനദണ്ഡമല്ല. സോപ്പിന്റെയും ചീപ്പിന്റെയും പറോട്ടയുടെയും ഷവർമ്മയുടേയും ഒന്നും ജനപ്രിയത അതിന്റെ നിലവാരത്തേപ്പറ്റി നമുക്ക് ഒരു സൂചനയും നല്കുന്നില്ല.

Anonymous at: 29 July 2012 at 7:40 am said...

കിണ്ടി, നിലവിളക്ക് ,പെണ്ണ് പ്രായപൂര്‍ത്തി ആകുന്ന ചന്ടങ്ങുകള്‍ വിശദമായി ഇങ്ങിനെ ഒക്കെ ചിത്രീകരിക്കുന്നതാണ് അടൂരിന്റെ അടവുകള്‍ , അത് കൊണ്ടാണ് നാല് പെണ്ണുങ്ങള്‍ തുടങ്ങിയ പടങ്ങള്‍ സ്യൂഡോ അവാര്‍ഡ് ഗണത്തില്‍ പെടുത്തുന്നത് , നാല് പെണ്ണുങ്ങള്‍ക്കൊക്കെ എന്ത് പ്രസക്തി ആണ് ഇന്ന് , എന്നാലും പുള്ളിക്കാരന്‍ അങ്ങിനെ ഉള്ള പടങ്ങളെ എടുക്കു, ഇത്തവണ സംസ്ഥാന അവാര്‍ഡ് വെറും വീതം വയ്ക്കല്‍ ആയിപ്പോയി , ബെസ്റ്റ് പടം ഇന്ത്യന്‍ റുപീ പക്ഷെ സംവിധായകന്‍ ബ്ലസി ക്യാമറ വേറെ കഥ വേറെ ആക്ടര്സിനും അവാര്‍ഡില്ല അപ്പോള്‍ പിന്നെ എങ്ങിനെ ആണ് ഇന്ത്യന്‍ രുപ്പീ ബെസ്റ്റ് പടം ആകുന്നത് ? സംസ്ഥാന അവാര്‍ഡ് കിട്ടണമെങ്കില്‍ നായര്‍ കൂടി ആയിരിക്കണം എന്നുണ്ടോ എന്നും സംശയിക്കുന്നു, ഗണേശ കുമാരന് ഈ വകുപ്പ് കൊടുത്തതാണ് യു ഡീ എഫി കാണിച്ച ഏറ്റവും വലിയ തെറ്റ് . ദേശീയ അവാര്ടാനെങ്കില്‍ അതില്‍ ഹിന്ദി കുറച്ചു പറയണം , ദേശീയ ഉല്‍ ഗ്രതനം വേണം , ലോബിയിംഗ് വേണം, വര്‍ഗീയ കലാപത്തിന്റെ ഇര വേണം, മുസ്ലീം കഥാപാതരം വേണം, യു പീ ഇ ഭരിക്കുമ്പോള്‍ ഗുജരാത്ത് , ഗോധ്ര ഒക്കെ ആവാം, അതൊക്കെ കണ്ടാണ്‌ വീട്ടിലേക്കുള്ള വഴി പടച്ചത് , അതില്‍ എല്ലാ ഭാഷയും ഉണ്ട് , യന്ഗ് സൂപ്പര്‍ സ്ടാരും ഉണ്ട് , അവാര്‍ഡ് ഒപ്പിക്കേണ്ടത് അയാളുടെ കൂടി ഉത്തരവാദിത്തം ആണ് , എന്നാല്‍ ഈയിടെ പുറത്തിറങ്ങിയ ഇവന്‍ മേഘ രൂപന്‍ ഇങ്ങിനെ അവാര്‍ഡിനായി പടച്ചതല്ല , അതിനു പുറകില്‍ സിന്‍സിയര്‍ ആയ കുറെ പേരുടെ എഫര്‍ട്ട് ഉണ്ട് , അത്തരം സിനിമകളെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം , സ്പിരിടിനു ടാക്സ് ഫ്രീ കൊടുത്തു , എന്ത് കൊണ്ട് ? അതില്‍ ഗണേശന്‍ ഉണ്ട്? ആ കഥാപാത്രം മുനീറിനെ അനുസ്മരിപ്പിക്കുന്നു , മുനീറിന് ഒരു നല്ല ഇമേജും നല്‍കുന്നു , മുനീര്‍ ആണ് തദ്ദേശ മന്ത്രി , ടാക്സ് ഇളവ് ചെയ്യാന്‍ അദ്ദേഹം സഹായിക്കണം , അതെ സമയം മേഘരൂപന് ടാക്സ് ഉണ്ട്, എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത് ?

ലാസര്‍ ഷൈന്‍ at: 29 July 2012 at 6:07 pm said...
This comment has been removed by the author.
Rajmohan at: 29 July 2012 at 7:07 pm said...
This comment has been removed by the author.
V G Baburaj at: 29 July 2012 at 7:09 pm said...

ഒരു വെടിക്കെട്ടുനടത്തി കുറെ കൺഫ്യൂഷൻ ഉണ്ടാക്കുന്നതും ഒരു കലയായിരിക്കണം, അല്ലേ ഷൈൻ? ആദ്യം ഷൈൻ ചെയ്യേണ്ടത് എന്തായാലും റോബിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ്. അതിനുശേഷം എന്റെ ഒരു ചോദ്യത്തിനും.

“പ്രപഞ്ചത്തിലെ ഏറ്റവും മലിനമായ വസ്തു പണമാണ്. ആ പണം ഉണ്ടെങ്കില്‍ മാത്രം സാധ്യമാകുന്ന കലയാണ് സിനിമ. മറ്റു മൃഗങ്ങള്‍ സിനിമ ചെയ്യുന്നുമില്ല. പക്ഷെ അവര്ക്ക്് കലയുണ്ട്” എന്ന് ഷൈൻ എഴുതിയിരിക്കുന്നു.

എന്താണ് മൃഗങ്ങൾ സൃഷ്ടിക്കുന്ന കല? എന്റെ മന്ദബുദ്ധിയിൽ ഒന്നും തെളിയുന്നില്ല!!

ലാസര്‍ ഷൈന്‍ at: 29 July 2012 at 8:26 pm said...

പ്രപഞ്ചത്തിലെ ഏറ്റവും മലിനമായ വസ്തു പണമാണ്. ആ പണം ഉണ്ടെങ്കില്‍ മാത്രം സാധ്യമാകുന്ന കലയാണ് സിനിമ. മറ്റു മൃഗങ്ങള്‍ സിനിമ ചെയ്യുന്നുമില്ല. പക്ഷെ അവര്‍ക്ക് കലയുണ്ട്; അവനവനാത്മസുഖത്തിനാചരിക്കുന്നവ. എന്നിരിക്കെ തന്നെ പണം ലക്ഷ്യമാക്കിയവ ചെയ്യുന്ന നികൃഷ്ടനാണ് ഞാനും. എന്റെ സംശയങ്ങള്‍ പിന്നാലെ വിശദമായി പങ്കുവെയ്ക്കാം.

ലാസര്‍ ഷൈന്‍ at: 29 July 2012 at 8:35 pm said...

റോബിയുടെ ചോദ്യത്തിനുള്ള ഉത്തരം തുടര്‍ന്നും ഈ ചര്‍ച്ചയില്‍ ഉയരും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു; ബാബുരാജില്‍ നിന്നടക്കം.

ശ്രീ at: 30 July 2012 at 8:23 am said...

നല്ല ലേഖനം

Unknown at: 30 July 2012 at 3:02 pm said...

" കാഴ്ചയുടെ ഉപരിപ്ലവമായ സുഖം പകരൽ എന്ന ഒറ്റ ലക്ഷ്യത്തിൽ നിന്നും മാറി ജീവിത സമസ്യകളുടെ ആഴത്തിലുള്ള അന്വേഷണങ്ങളിലേക്ക് ക്യാമറ തിരിയുമ്പോൾ നല്ല സിനിമകൾ പിറക്കുന്നു, അവ ആഖ്യാനത്തിന്റെ പുതുവഴികളിൽക്കൂടി സഞ്ചരിച്ചില്ലെങ്കിൽ പോലും"

ഇത് പൂർണ്ണമായും സത്യം. ഉപരിതലസ്പർശിയായ കാര്യങ്ങളെ നോക്കിക്കാണുന്നു എന്നതാണ് ന്യൂ ജെനറേഷൻ സിനിമകളിൽ കണ്ടിട്ടുള്ള പോരായ്മ.

ഈ ന്യൂവേവ് എന്ന വിശേഷണം തീർത്തും അർത്ഥശൂന്യമാണ്. ഒരർത്ഥത്തിൽ ഇപ്പോൾ അരങ്ങേറുന്നതും ഫോർമുല സൃഷ്ടികളുടെ ആഘോഷം മാത്രമാണ്. ഫോർമുലയിൽ അല്പസ്വല്പം മാറ്റം വന്നു എന്നതൊഴിച്ചാൽ വേറെ പുതുമയൊന്നുമില്ല.

പൊയ്മുഖങ്ങളെ കാലം പൊളിച്ചുകാട്ടും :)

Anonymous at: 10 August 2012 at 1:21 pm said...

അല്ല മാഷേ, ഒന്നു ചോദിക്കട്ടെ, താങ്കൾ TV യിൽ ഒളിമ്പിക്സ് കാണുന്നത് ഇന്ത്യക്കാരുടെ ദയനീയ പ്രകടനം കാണാനോ, അതോ, ലോകോത്തര താരങ്ങളുടെ മിന്നുന്ന പ്രകടനം കാണാനോ? ആരെങ്കിലും ഒരു ഇന്ത്യൻ ഓട്ടക്കാരൻ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടുന്നത് സ്വപ്നം കാണാറുണ്ടോ?

അതേ പോലെ തന്നെ നല്ല ലോകസിനിമകൾ കണ്ട് ആസ്വദിച്ച് അതിനേപ്പറ്റി എഴുതൂ മാഷേ. കുഴലിലിട്ട നായയുടെ വാലു പോലെയാണ്‌ നമ്മുടെ സിനിമ. ഒരിക്കലും നേരെയാവില്ല.

Post a Comment

older post